100% വരെ അധികത്തീരുവ ചുമത്താനുള്ള യുഎസ് ബിൽ: ഉഭയകക്ഷി ബന്ധത്തെ ബാധിക്കുമെന്ന കടുത്ത മുന്നറിയിപ്പുമായി ഇന്ത്യനികുതി തർക്കങ്ങൾ കുറയ്ക്കുകയാണ് സർക്കാരിൻ്റെ ലക്ഷ്യമെന്ന് ധനമന്ത്രി നിർമല സീതാരാമൻകേരളത്തിൽ 2,000 കോടിയുടെ ജ്വല്ലറി പാർക്ക്; 24,000 തൊഴിലവസരങ്ങൾ ലക്ഷ്യംഇന്ത്യയുമായുള്ള സ്വതന്ത്ര വ്യാപാര കരാര്‍ ന്യൂസിലന്‍ഡിന്റെ അംഗീകാരംചരക്ക്-സേവന കയറ്റുമതി ഉയർന്നു

ആര്‍ബിഐ റിപ്പോ നിരക്ക് അര ശതമാനം താഴ്‌ത്തിയേക്കുമെന്ന് എസ്ബിഐ

ന്യൂഡെല്‍ഹി: കോവിഡ് കാലത്തിനു ശേഷമുള്ള ഏറ്റവും വലിയ പലിശ നിരക്കിളവ് പ്രഖ്യാപനത്തിന് റിസര്‍വ് ബാങ്ക് (ആര്‍ബിഐ) ഒരുങ്ങുന്നെന്ന് റിപ്പോര്‍ട്ട്. ജൂണ്‍ ആറിന് ചേരുന്ന ആര്‍ബിഐ ധനനയ അവലോയക യോഗത്തിന് ശേഷം റിപ്പോ നിരക്ക് 50 ബേസിസ് പോയിന്റ് (ബിപിഎസ്) കുറയ്‌ക്കുമെന്നാണ് സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ തയാറാക്കിയ റിപ്പോര്‍ട്ട് പറയുന്നത്. ഭവന, വാഹന പലിശ നിരക്കുകള്‍ ആനുപാതികമായി അര ശതമാനം കുറയാനുള്ള സാഹച്യമാണ് ഇത് ഒരുക്കിയിരിക്കുന്നത്.

ഇത്തരത്തിലുള്ള ഒരു വലിയ നിരക്ക് കുറയ്‌ക്കല്‍ വായ്പാ ചക്രത്തെ പുനരുജ്ജീവിപ്പിക്കാന്‍ സഹായിക്കുമെന്ന് എസ്ബിഐയുടെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവായ സൗമ്യ കാന്തി ഘോഷ് തയാറാക്കിയ റിപ്പോര്‍ട്ട് പറയുന്നു. ഇതോടെ ആകെ റിപ്പോ നിരക്കിളവ് 100 ബേസിസ് പോയന്റിലേക്ക് എത്തിയേക്കും.

വായ്പയെടുത്തവര്‍ക്ക് ആശ്വാസം
നിലവില്‍ 6 ശതമാനമാണ് റിപ്പോ നിരക്ക്. 6.50 ശതമാനമായിരുന്ന നിരക്ക് രണ്ടു തവണയായി കാല്‍ ശതമാനം വീതം കുറച്ച് 6 ശതമാനത്തിലെത്തിക്കുകയായിരുന്നു. ഇത്തവണ 50 ബേസിസ് പോയന്റ് താഴ്‌ത്തിയാല്‍ പലിശ നിരക്ക് 5.50 ശതമാനത്തിലെത്തും.

ആനുപാതികമായി ഭവന, വാഹന വായ്പാ നിരക്കുകളും കുറയും. വ്യക്തിഗത വായ്പകള്‍, വിദ്യാഭ്യാസ വായ്പകള്‍, സ്വര്‍ണ വായ്പകളുടെ പലിശ നിരക്ക്, കാര്‍ഷിക വായ്പകള്‍ എന്നിവയുടെയും നിരക്കുകള്‍ താഴും.

മുതിര്‍ന്ന പൗരന്‍മാര്‍ക്ക് നിരാശ
നിലവില്‍ രാജ്യത്തെ ബാങ്കിംഗ് സംവിധാനത്തില്‍ മിച്ച പണലഭ്യതയിലാണ് പ്രവര്‍ത്തിക്കുന്നതെന്ന് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. ധനകാര്യ സ്ഥാപനങ്ങള്‍ സേവിംഗ്‌സ് അക്കൗണ്ട് പലിശ നിരക്ക് 2.70 ശതമാനമായി കുറച്ചിട്ടുണ്ട്.

ഫിക്‌സഡ് ഡിപ്പോസിറ്റ് (എഫ്ഡി) നിരക്കുകള്‍ 2025 ഫെബ്രുവരി മുതല്‍ 30-70 ബിപിഎസ് വരെ കുറച്ചു. എഫ്ഡി നിരക്കുകള്‍ കുറയുന്നത് രാജ്യത്തെ മുതിര്‍ന്ന പൗരന്‍മാര്‍ക്ക് അത്ര സുഖകരമായ സാഹചര്യമല്ല. എഫ്ഡികളില്‍ കൂടുതല്‍ നിക്ഷേപം നടത്തിയിരിക്കുന്നത് മുതിര്‍ന്ന പൗരന്‍മാരാണ്.

സാമ്പത്തിക സാഹചര്യങ്ങള്‍ അനുകൂലം
ആഭ്യന്തര പണലഭ്യതയും സാമ്പത്തിക സ്ഥിരതയും സംബന്ധിച്ച ആശങ്കകള്‍ കുറഞ്ഞതായി എസ്ബിഐ റിപ്പോര്‍ട്ട് ചെയ്യുന്നു. സാമ്പത്തിക വളര്‍ച്ചയും അനുകൂലമാണ്. ഇന്ത്യയുടെ ജിഡിപി 2025 സാമ്പത്തിക വര്‍ഷത്തിന്റെ നാലാം പാദത്തില്‍ 7.4 ശതമാനം വളര്‍ച്ച നേടി.

സാധാരണയില്‍ കവിഞ്ഞ മണ്‍സൂണ്‍, മികച്ച കാര്‍ഷിക ഉല്‍പ്പാദനം, ക്രൂഡ് ഓയില്‍ വില കുറയുന്നത് എന്നിവ ഉള്‍പ്പെടെ നിരവധി ശുഭ സൂചനകള്‍ എസ്ബിഐ റിപ്പോര്‍ട്ട് ഉയര്‍ത്തിക്കാട്ടുന്നു. ഈ ഘടകങ്ങള്‍ 2026 സാമ്പത്തിക വര്‍ഷത്തിലെ പണപ്പെരുപ്പ നിരക്ക് ഏകദേശം 3.5 ശതമാനമായി നിലനിര്‍ത്താന്‍ സഹായിക്കും.

ഈ സാഹചര്യങ്ങള്‍ കണക്കിലെടുത്ത്, സാമ്പത്തിക വളര്‍ച്ച സുസ്ഥിരമാക്കുക എന്ന പ്രാഥമിക ലക്ഷ്യം ധനനയത്തില്‍ ആര്‍ബിഐ മുറുകെപ്പിടിക്കുമെന്നും ഇത് ഗണ്യമായ നിരക്ക് കുറയ്‌ക്കലിലേക്ക് നയിക്കുമെന്നും എസ്ബിഐ പറയുന്നു.

X
Top