
ഹൈദരാബാദ്: ഇന്ത്യയിലെ പാസഞ്ചർ വാഹന വിപണിയുടെ വിൽപ്പനയിൽ വൻകുതിപ്പ്. 2026 ജൂലൈയിൽ ഏകദേശം 4.7 ലക്ഷം യൂണിറ്റുകൾ വിറ്റഴിച്ചതായി കണക്കുകൾ. കഴിഞ്ഞ വർഷം വിൽപ്പനയെ അപേക്ഷിച്ച് 34 ശതമാനം വാർഷിക വളർച്ചയാണ് ഇത് സൂചിപ്പിക്കുന്നത്. 2025 ജൂലൈയിൽ ഏകദേശം 3.5 ലക്ഷം യൂണിറ്റുകളാണ് വിറ്റഴിച്ചത്.
എസ്‌യുവികൾക്കുള്ള ഡിമാൻഡ് ഏറിയതും, ഇലക്ട്രിക് വാഹനങ്ങളുടെ വിൽപ്പന കുത്തനെ വർധിച്ചതും ഇതിന് കാരണമായി പറയുന്നു. ശക്തമായ വാർഷിക വിൽപ്പന രേഖപ്പെടുത്താൻ ഇത് മുൻനിര വാഹന നിർമ്മാതാക്കളെ സഹായിച്ചു. ഇന്ത്യയിലെ ഏറ്റവും വലിയ കാർ നിർമ്മാതാക്കളായ മാരുതി സുസുക്കി മാത്രം 2 ലക്ഷത്തിലധികം യൂണിറ്റുകൾ വിറ്റഴിച്ചിട്ടുണ്ട്. ഇത് കമ്പനിയുടെ എക്കാലത്തെയും ഉയർന്ന പ്രതിമാസ ആഭ്യന്തര വിൽപ്പന കൂടിയാണ്.
മുന്നിൽ മാരുതി സുസുക്കി
കമ്പനി ഈ മാസം മൊത്തം 2,41,421 യൂണിറ്റുകൾ വിറ്റഴിച്ചതായി മാരുതി സുസുക്കി ഇന്ത്യയുടെ മാർക്കറ്റിങ് ആൻഡ് സെയിൽസ് സീനിയർ എക്‌സിക്യൂട്ടീവ് ഓഫിസർ പാർത്ഥോ ബാനർജി പറഞ്ഞു. കഴിഞ്ഞ വർഷം ജൂലൈയിൽ 1,80,526 യൂണിറ്റുകളായിരുന്നു വിറ്റഴിച്ചത്. കമ്പനി ഏകദേശം 33 ശതമാനം വാർഷിക വളർച്ച കൈവരിച്ചതായാണ് ഇത് സൂചിപ്പിക്കുന്നത്. ഇന്ത്യയിലെ പ്രമുഖ വാഹന നിർമാതാക്കൾ ഓരോന്നും ഈ മാസം എത്ര യൂണിറ്റുകൾ വിറ്റുവെന്ന കണക്കുകൾ പരിശോധിക്കാം.
കമ്പനി ജൂലൈയിലെ വിൽപ്പന
പാസഞ്ചർ വാഹന വിപണി(മൊത്തം) ~4,70,000 യൂണിറ്റുകൾ
മാരുതി സുസുക്കി ഇന്ത്യ 2,41,421 യൂണിറ്റുകൾ
ഹ്യുണ്ടായ് മോട്ടോർ ഇന്ത്യ 75,360 യൂണിറ്റുകൾ
കിയ ഇന്ത്യ 28,200 യൂണിറ്റുകൾ
ടാറ്റ മോട്ടോഴ്‌സ് (പാസഞ്ചർ വെഹിക്കിൾസ്) 63,760 യൂണിറ്റുകൾ
നിസ്സാൻ മോട്ടോർ ഇന്ത്യ 9,339 യൂണിറ്റുകൾ
വളർച്ച കൈവരിച്ച് ഹ്യുണ്ടായ് മോട്ടോറും
പ്രവർത്തനം ആരംഭിച്ചിട്ട് വർഷങ്ങളായെങ്കിലും ഹ്യുണ്ടായ് മോട്ടോറിന് ഏറ്റവും ഉയർന്ന പ്രതിമാസ വിൽപ്പന ഇന്ത്യൻ വിപണിയിൽ ലഭിച്ചത് 2026 ജൂലൈയിലാണ്. കഴിഞ്ഞ വർഷം ജൂലൈയിൽ 75,360 യൂണിറ്റുകൾ വിറ്റഴിച്ചിരുന്നു. കമ്പനി കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 25.4 ശതമാനം വളർച്ച കൈവരിച്ചു. ഹ്യുണ്ടായിയുടെ ആഭ്യന്തര വിൽപ്പന 23.3 ശതമാനം ഉയർന്ന് 54,210 യൂണിറ്റിലെത്തി.
അതേസമയം, കയറ്റുമതി 31.4 ശതമാനം ഉയർന്ന് 21,150 യൂണിറ്റിലെത്തി. ജൂലൈ മാസത്തെ ആഭ്യന്തര വിൽപ്പന കണക്കുകളും കമ്പനിയുടെ ഏറ്റവും മികച്ചതായിരുന്നു. കയറ്റുമതിയും കഴിഞ്ഞ 100 മാസത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കാണ് സൂചിപ്പിക്കുന്നത്.
പിന്നാലെ കിയയും ടാറ്റയും നിസ്സാനും
എക്കാലത്തെയും മികച്ച മൊത്തവ്യാപാരം കാഴ്‌ചവെയ്‌ക്കാൻ ജൂലൈയിൽ കിയ ഇന്ത്യയ്‌ക്കും സാധിച്ചു. കമ്പനിയുടെ കയറ്റുമതി വാർഷികാടിസ്ഥാനത്തിൽ 27.4 ശതമാനം വർധിച്ച് 28,200 യൂണിറ്റിലെത്തി. അതേസമയം, ജനുവരി-ജൂലൈ മാസങ്ങളിൽ മൊത്തം കയറ്റുമതി 1,91,949 യൂണിറ്റുകളായിട്ടുണ്ട്. മുൻ വർഷത്തെ അപേക്ഷിച്ച് 16.8 ശതമാനം വർധനവാണ് ഇത് സൂചിപ്പിക്കുന്നത്.
ജൂലൈയിൽ ആഭ്യന്തര, അന്താരാഷ്ട്ര വിപണികളിലായി 63,760 യൂണിറ്റുകളാണ് ടാറ്റ മോട്ടോഴ്‌സ് പാസഞ്ചർ വെഹിക്കിൾസ് (ടിഎംപിവി) വിറ്റഴിച്ചത്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 40,175 യൂണിറ്റായിരുന്നു വിറ്റഴിച്ചത്. ആഭ്യന്തര പാസഞ്ചർ വാഹന വിൽപ്പന 58 ശതമാനം വർധിച്ച് 62,611 യൂണിറ്റായി.
നിസ്സാൻ മോട്ടോർ ഇന്ത്യയും റെക്കോർഡ് പ്രതിമാസ മൊത്ത വിൽപ്പന റിപ്പോർട്ട് ചെയ്‌തു. മൊത്തം കയറ്റുമതി 9,339 യൂണിറ്റായി ഉയർന്നു. ആഭ്യന്തര മൊത്ത വിൽപ്പന 218 ശതമാനം വർധിച്ച് 4,518 യൂണിറ്റായപ്പോൾ കയറ്റുമതിയും 4,821 യൂണിറ്റായി.






