
ന്യൂഡൽഹി: രാജ്യത്തെ ചരക്കു സേവന നികുതി (ജിഎസ്ടി) വരുമാനത്തിലെ വന്‍ കുതിച്ചുചാട്ടത്തിനൊപ്പം കേരളത്തിനും മികച്ച നേട്ടം. 2026 ജൂലൈ മാസത്തില്‍ സംസ്ഥാനത്ത് നിന്നുള്ള ആഭ്യന്തര ജിഎസ്ടി പിരിവ് 3,152 കോടി രൂപയായി ഉയര്‍ന്നു.
കഴിഞ്ഞ വര്‍ഷം (2025) ജൂലൈയില്‍ ലഭിച്ച 2,711 കോടി രൂപയെ അപേക്ഷിച്ച് 16 ശതമാനത്തിന്റെ മികച്ച വര്‍ധനയാണ് കേരളം കൈവരിച്ചത്. കഴിഞ്ഞ മാസം ഇത് 3,159 കോടി രൂപയായിരുന്നു.
കേന്ദ്രത്തില്‍ നിന്നുള്ള ഐജിഎസ്ടി (IGST) വിഹിതം കൂടി ചേര്‍ത്തുള്ള അന്തിമ സെറ്റില്‍മെന്റിന് ശേഷം (Post-Settlement SGST) ജൂലൈയില്‍ കേരളത്തിന്റെ ഖജനാവിലേക്ക് എത്തിയ തുക 3,161 കോടി രൂപയാണ്. മുന്‍വര്‍ഷം ജൂലൈയിലെ 2,700 കോടി രൂപയേക്കാള്‍ 17 ശതമാനം വളര്‍ച്ചയാണിത്.
കൂടാതെ, നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ നാല് മാസങ്ങളില്‍ (ഏപ്രില്‍ – ജൂലൈ 2026) സെറ്റില്‍മെന്റിലൂടെ സംസ്ഥാനത്തിന് ലഭിച്ച ആകെ തുക 12,864 കോടി രൂപയിലെത്തി. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഇത് 10,516 കോടി രൂപയായിരുന്നു (22 ശതമാനം വളര്‍ച്ച).
ദേശീയ തലത്തില്‍ 2.11 ലക്ഷം കോടി
ദേശീയ തലത്തിലും ജൂലൈയില്‍ റെക്കോര്‍ഡ് സമാഹരണമാണ് രേഖപ്പെടുത്തിയത്. 2026 ജൂലൈയില്‍ രാജ്യത്തെ ആകെ ജിഎസ്ടി വരുമാനം 2,11,205 കോടി രൂപയിലെത്തി (2.11 ലക്ഷം കോടി രൂപ). കഴിഞ്ഞ വര്‍ഷം ജൂലൈ മാസത്തിലെ 1,83,065 കോടി രൂപയേക്കാള്‍ 15.4 ശതമാനം ഉയര്‍ന്ന നിരക്കാണിത്.
ആകെ ജിഎസ്ടി വരുമാനത്തില്‍ 39,835 കോടി രൂപ കേന്ദ്ര ജിഎസ്ടിയും (CGST) 47,881 കോടി രൂപ സംസ്ഥാന ജിഎസ്ടിയുമാണ് (SGST). ഇറക്കുമതി നികുതി ഉള്‍പ്പെടെയുള്ള സംയോജിത ജിഎസ്ടി (IGST) ഇനത്തില്‍ 1,23,490 കോടി രൂപ സമാഹരിക്കാന്‍ സാധിച്ചു.
ഇറക്കുമതി മേഖലയില്‍ വന്‍ കുതിപ്പ്
രാജ്യത്തിനകത്തെ വിപണിയില്‍ നിന്നുള്ള ആഭ്യന്തര ജിഎസ്ടി വരുമാനം 10.1 ശതമാനം വര്‍ധിച്ച് 1,44,695 കോടി രൂപയായപ്പോള്‍ ഇറക്കുമതി മേഖലയിലാണ് ഏറ്റവും ഉയര്‍ന്ന വളര്‍ച്ച രേഖപ്പെടുത്തിയത്. ഇറക്കുമതി ഉല്‍പ്പാദനങ്ങള്‍ വഴിയുള്ള ജിഎസ്ടി വരുമാനം 28.8 ശതമാനം ഉയര്‍ന്ന് 66,511 കോടി രൂപയിലെത്തി. റീഫണ്ടുകള്‍ കഴിച്ചുള്ള രാജ്യത്തെ നെറ്റ് ജിഎസ്ടി വരുമാനം 15.8 ശതമാനം വര്‍ധിച്ച് 1,81,237 കോടി രൂപയായി മാറുകയും ചെയ്തു.
മഹാരാഷ്ട്ര മുന്നില്‍
ജിഎസ്ടി പിരിവില്‍ 32,210 കോടി രൂപയുമായി മഹാരാഷ്ട്രയാണ് പട്ടികയില്‍ ഒന്നാമത് (13% വളര്‍ച്ച). ദക്ഷിണേന്ത്യയില്‍ കര്‍ണാടക 13,854 കോടി രൂപയും (12% വളര്‍ച്ച), തെലങ്കാന 5,819 കോടി രൂപയും (19% വളര്‍ച്ച) നേടി. അതേസമയം തമിഴ്‌നാട്ടില്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ഒരു ശതമാനത്തിന്റെ നേരിയ കുറവോടെ 10,414 കോടി രൂപയാണ് ലഭിച്ചത്.
ഗുജറാത്ത് (12,923 കോടി), ഹരിയാന (11,892 കോടി) എന്നീ സംസ്ഥാനങ്ങളും യഥാക്രമം 19, 25 ശതമാനം ഉയര്‍ന്ന വളര്‍ച്ച കൈവരിച്ചു. വിപണിയിലെ ഉപഭോഗത്തിലെ വര്‍ധനയും വരാനിരിക്കുന്ന ഉത്സവ സീസണിന് മുന്നോടിയായുള്ള വ്യാപാര പ്രവര്‍ത്തനങ്ങളുടെ ഊര്‍ജ്ജവുമാണ് ജിഎസ്ടി വരുമാനത്തിലെ ഈ മികച്ച പ്രകടനത്തിന് കാരണമായി സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്.






