ഇന്ത്യയിലെ കല്‍ക്കരി ഉല്‍പാദനത്തിൽ ജൂലൈയില്‍ 7.51% വര്‍ധനജൂലൈയില്‍ പെട്രോള്‍, ഡീസല്‍ വില്‍പ്പനയില്‍ വന്‍ വര്‍ധനഉപഭോഗ കുതിപ്പില്‍ ഇന്ത്യഇന്ത്യയുടെ പോത്തിറച്ചിക്ക് റെക്കോർഡ് കയറ്റുമതി; മുന്നിൽ ഉത്തർപ്രദേശും ഹരിയാനയുംഎഥനോൾ മിശ്രിത പദ്ധതി ഭക്ഷ്യസുരക്ഷ ഉറപ്പാക്കുമെന്നു കേന്ദ്രം

എഫ്സിഎൻആർ (ബി) പദ്ധതി പ്രകാരം രാജ്യത്തേക്ക് നിക്ഷേപ ഒഴുക്ക്

മുംബൈ: രാജ്യത്തേക്ക് പ്രവാസിപ്പണം ആകർഷിക്കാൻ റിസർവ് ബാങ്ക് നടപ്പിലാക്കിയ ‘സ്പെഷൽ ഓഫറിൽ’ ആവേശം. ഫോറിൻ കറൻസി നോൺ- റസിഡന്റ് (ബാങ്ക്) അല്ലെങ്കിൽ എഫ്സിഎൻആർ (ബി) പദ്ധതി പ്രകാരം രാജ്യത്തേക്ക് നിക്ഷേപ ഒഴുക്ക്. ആദ്യ 58 ദിവസങ്ങൾക്കുള്ളിൽ കേരളത്തിലെ അടക്കമുള്ള ബാങ്കുകളിൽ എത്തിയത് 3672 കോടി ഡോളർ. രൂപയുടെ നിലവിലെ വിനിമയ നിരക്ക് പ്രകാരം ഏകദേശം 3.5 ലക്ഷം കോടി രൂപ. പദ്ധതി തുടങ്ങിയ ജൂൺ 5 മുതൽ ജൂലൈ 31 വരെയുള്ള റിസർവ് ബാങ്കിന്റെ കണക്കാണിത്.

പ്രവാസികൾക്ക് വിദേശ കറൻസിയിൽതന്നെ ഇന്ത്യയിലെ ബാങ്കുകളിൽ നിക്ഷേപം നടത്താവുന്ന സംവിധാനമാണിത്. ഡോളർ, പൗണ്ട്, യെൻ തുടങ്ങിയ വിദേശ കറൻസികളിൽ തന്നെ നിക്ഷേപം നടത്താം. ഇത് വിദേശ കറൻസി രൂപത്തിൽതന്നെ അക്കൗണ്ടിൽ സൂക്ഷിക്കാനും പറ്റും. പലിശയും വിദേശ കറൻസിയിൽതന്നെ കിട്ടുമെന്നതാണ് മറ്റൊരു പ്രത്യേകത. കാലാവധി തീരുമ്പോൾ വിദേശ കറൻസിയിൽതന്നെ നിക്ഷേപം പിൻവലിക്കാനും പറ്റും. പ്രവാസികൾക്ക് നിക്ഷേപം വിദേശ കറൻസിയിൽതന്നെ നിലനിർത്താനും നികുതിയില്ലാത്ത വരുമാനം നേടാനുമുള്ള സുവർണാവസരമാണിതെന്നും സാമ്പത്തിക വിദഗ്ധർ പറയുന്നു.

ഇത്തരം എഫ്സിഎൻആർ നിക്ഷേപങ്ങൾക്ക് അടുത്തകാലം വരെ രാജ്യത്തെ ബാങ്കുകൾ 3.5-4 ശതമാനം വരെയാണ് പലിശ നൽകിയിരുന്നത്. എന്നാൽ ഈ അക്കൗണ്ടുകൾ കൈകാര്യം ചെയ്യുന്നതിനുള്ള അധിക ബാധ്യത റിസർവ് ബാങ്ക് ഏറ്റെടുത്തു. രാജ്യത്തെ വിദേശ നാണ്യ ശേഖരം വർധിപ്പിക്കാനുള്ള നടപടികളുടെ ഭാഗമായിരുന്നു ഇത്. പിന്നാലെ ബാങ്കുകൾ ഉയർന്ന പലിശ നൽകാൻ തയാറായി. നിലവിൽ 6-7.5 ശതമാനം വരെയാണ് പലിശ.

അവസരം മുതലെടുത്ത പ്രവാസികൾ കൂടുതൽ പണം നാട്ടിലേക്ക് അയയ്ക്കാനും തുടങ്ങി. ജൂൺ അഞ്ചിന് തുടങ്ങിയ പ്രത്യേക ഓഫർ സെപ്റ്റംബർ 30 വരെയാണുള്ളത്. ഇതിനുള്ളിൽ 8000 കോടി ഡോളർ നിക്ഷേപം നേടാനാകുമെന്നാണ് എസ്ബിഐ റിസർച് അടക്കമുള്ളവയുടെ പ്രവചനം.
ഇറാൻ യുദ്ധത്തോടെ ക്രൂഡോയിൽ വില ഉയർന്നത് ഇന്ത്യയുടെ ഇറക്കുമതിച്ചെലവ് ഉയർത്തിയിരുന്നു.

ഇതു വിദേശനാണ്യശേഖരത്തിലും വലിയ കുറവുണ്ടാക്കി. തുടർന്നാണ് റിസർവ് ബാങ്ക് പുതിയ സാമ്പത്തിക പരിഷ്കാരങ്ങൾ പ്രഖ്യാപിച്ചത്. ജൂൺ എട്ടിനു ശേഷം 4081 കോടി ഡോളറിന്റെ വിദേശനാണ്യം ശേഖരിക്കാൻ കഴിഞ്ഞതായാണ് റിസർവ് ബാങ്ക് കണക്ക്. എഫ്സിഎൻആർ(ബി)ക്കു പുറമേ 257 കോടി ഡോളർ വിദേശ കറൻസി കടമെടുപ്പിലൂടെയും 151 കോടി എക്സ്റ്റേണൽ കമേഴ്സ്യൽ ലെൻഡിങ്ങിലൂടെയും ലഭിച്ചതായും റിസർവ് ബാങ്ക് കണക്ക് വ്യക്തമാക്കുന്നു.

X
Top