ഇന്ത്യയുടെ ദീര്‍ഘകാല സുഹൃത്തും മികച്ച വ്യാപാര പങ്കാളിയുമാണ് റഷ്യ. ഇന്ത്യ-റഷ്യ ബന്ധത്തിലെ വികസനം ഇന്ത്യയുടെ വിദേശ നയത്തിന്റെ പ്രധാന സവിശേഷതയാണ്. 2000 ഒക്‌ടോബർ 3-ന് അന്നത്തെ ഇന്ത്യയുടെ പ്രധാനമന്ത്രിയായിരുന്ന അടൽ ബിഹാരി വാജ്‌പേയിയും പ്രസിഡൻ്റ് വ്‌ളാഡിമിർ പുടിനും, “ ഇന്ത്യ-റഷ്യ തന്ത്രപരമായ പങ്കാളിത്തത്തെക്കുറിച്ചുള്ള പ്രഖ്യാപനം ” എന്ന ചരിത്രപരമായ കരാറിൽ ഒപ്പുവെച്ചുകൊണ്ട് ഇന്ത്യ-റഷ്യ ഉഭയകക്ഷി ബന്ധം ഉറപ്പിക്കുകയുണ്ടായി.
പിന്നീടങ്ങോട്ട് ഉഭയകക്ഷി ബന്ധത്തിന്റെ മിക്കവാറും എല്ലാ മേഖലകളിലും ഇന്ത്യ-റഷ്യ ബന്ധം നല്ല രീതിയില്‍ തന്നെ മുന്നോട്ടുപോയി. രാഷ്ട്രീയം, സുരക്ഷ, പ്രതിരോധം, വ്യാപാരം, സമ്പദ് വ്യവസ്ഥ, ശാസ്ത്ര സാങ്കേതികവിദ്യ എന്നു വേണ്ട എല്ലാ തലങ്ങളിലും ഇന്ത്യയും റഷ്യയും തമ്മിൽ നല്ല ബന്ധമാണ് കാത്തുസൂക്ഷിച്ചുവരുന്നത്.
ഇപ്പോള്‍, ട്രെയിന്‍ നിര്‍മ്മാണത്തിന് പേരുകേട്ട ഇന്ത്യയ്ക്ക് ഏറ്റവും ഗുണകരമായ മറ്റൊരു പദ്ധതിയുമായിട്ടാണ് റഷ്യയുടെ വരവ്. ട്രെയിന്‍ നിര്‍മ്മാണത്തിന് ഇനി ഇന്ത്യക്ക് റഷ്യയുടെ കരുത്ത് കൂടെയുണ്ടാകും.
ഇന്ത്യയും റഷ്യയും തമ്മിലുള്ള പങ്കാളിത്തം വിവിധ മേഖലകളിലേയ്ക്ക് വ്യാപിക്കുകയാണ്. തങ്ങളുടെ ആഭ്യന്തര ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി ഇന്ത്യയില്‍ ട്രെയിനുകളുടെ നിര്‍മ്മാണത്തില്‍ നിക്ഷേപം നടത്താന്‍ റഷ്യയ്ക്ക് താല്‍പ്പര്യമുണ്ടെന്ന റിപ്പോർട്ടാണ് ഇപ്പോൾ പുറത്ത് വരുന്നത്.
റെയില്‍വേ മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനാണ് ഇന്ത്യയ്ക്ക് ഏറെ ഗുണകരമാകുന്ന ഈ പദ്ധതിയെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്. റഷ്യന്‍ കമ്പനിയായ ടിഎംഎച്ചിന് ഈ പദ്ധതിയില്‍ താല്‍പര്യമുണ്ടെന്നാണ് റെയില്‍വെ ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തിയിരിക്കുന്നത്.
റഷ്യയ്ക്ക് വലിയ ആഭ്യന്തര ആവശ്യങ്ങളുണ്ട്, അതിനായി അവര്‍ ഇവിടെ നിര്‍മ്മാണ സൗകര്യങ്ങള്‍ സ്ഥാപിക്കാന്‍ ആഗ്രഹിക്കുന്നു. റഷ്യയിലെ ട്രെയിന്‍ നിര്‍മ്മാണത്തിനായി ഇന്ത്യയില്‍ നിന്ന് അസംസ്‌കൃത വസ്തുക്കള്‍ ലഭ്യമാക്കാന്‍ അവര്‍ക്ക് താല്‍പ്പര്യമുണ്ടെന്നും റെയില്‍വേയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.
‘ഇന്ത്യയിലെ നിലവിലെ പലിശ നിരക്ക് മറ്റ് രാജ്യങ്ങളില്‍ നിന്ന് വളരെ വ്യത്യസ്തമാണെന്നും അതിനാല്‍, ഇന്ത്യയില്‍ നിക്ഷേപം നടത്താന്‍ ഞങ്ങള്‍ക്ക് താല്‍പ്പര്യമുണ്ടെന്നുമാണ് ടിഎംഎച്ച് സിഇഒ ലിപ അറിയിച്ചിരിക്കുന്നത്.
റഷ്യയ്ക്ക് നിലവില്‍ ഇന്ത്യയില്‍ നിന്ന് നിരവധി വിതരണ കരാറുകളുണ്ടെന്നും, വിതരണക്കാരുമായി നല്ല ബന്ധമാണുള്ളതെന്നും ലിപ ചൂണ്ടിക്കാട്ടുന്നു.
ഇന്ത്യന്‍ റെയില്‍വേയുമായി 1,920 വന്ദേ ഭാരത് സ്ലീപ്പര്‍ കോച്ചുകള്‍ നിര്‍മ്മിക്കുന്നതിനും 35 വര്‍ഷത്തേക്ക് അവയുടെ സംരക്ഷണത്തിനുമായി ഏകദേശം 55,000 കോടി രൂപയുടെ കരാര്‍ ഒപ്പിട്ട കൈനറ്റ് റെയില്‍വേ സൊല്യൂഷന്‍സിലെ പ്രധാന പങ്കാളിയാണ് ടിഎംഎച്ച്.
അതേസമയം, ഇന്ത്യയും റഷ്യയും തമ്മിലുള്ള പുതിയ സാമ്പത്തിക സഹകരണത്തിന്റെ ഭാഗമായി, റെയില്‍വേ മേഖലയിലെ പങ്കാളിത്തം അനന്തമായ സാധ്യതകളാണ് തുറന്നുകാട്ടുന്നത്. റഷ്യയിലെ ട്രാന്‍സ്മാഷ്‌ഹോള്‍ഡിംഗ് പോലുള്ള പ്രമുഖ കമ്പനികള്‍ ഇന്ത്യയിലെ ട്രെയിന്‍ നിര്‍മ്മാണത്തിന് നിക്ഷേപം നടത്താന്‍ താല്‍പര്യം പ്രകടിപ്പിച്ചിരിക്കുന്നത്, ഇരുരാജ്യങ്ങള്‍ക്കും പ്രയോജനകരമാകും എന്നാണ് വിലയിരുത്തല്‍.
റഷ്യന്‍ കമ്പനികള്‍ ഇന്ത്യയിലേയ്ക്ക് വന്നാല്‍ മേക്ക് ഇന്‍ ഇന്ത്യ പരിപാടിക്ക് കൂടുതൽ ഊർജ്ജം പകരുകയും, രാജ്യത്ത് അനവധി തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യും. മാത്രമല്ല, ഇന്ത്യയിലെ താഴ്ന്ന പലിശനിരക്കുകള്‍ റഷ്യന്‍ കമ്പനികള്‍ക്ക് സാമ്പത്തികമായി പ്രയോജനകരമാണ്, അത് വ്യക്തമായ സാങ്കേതിക നിക്ഷേപങ്ങള്‍ക്കും സാമ്പത്തിക എഫിഷന്‍സിക്കും വഴിയൊരുക്കും.
റഷ്യന്‍ സാങ്കേതികവിദ്യയുമായി വന്ദേഭാരത് ട്രെയിനുകള്‍, മെട്രോ, തീവണ്ടി ഷെഡുകള്‍ തുടങ്ങിയ മേഖലകളില്‍ കൂടുതല്‍ പുരോഗതി സാധ്യമാകും. ഇന്ത്യ-റഷ്യ സഹകരണം എല്ലാ തലങ്ങളിലേയ്ക്ക് എത്തിനില്‍ക്കുമ്പോഴും അതിന്റെ ഗുണങ്ങള്‍ രാജ്യത്തെ ജനങ്ങള്‍ക്ക് തന്നെയാണ് ലഭിക്കുക.
ട്രെയിന്‍ നിര്‍മ്മാണത്തിനായി ഇന്ത്യയുടെ വാതില്‍ റഷ്യയ്ക്ക് മുന്നില്‍ തുറന്നാല്‍ അത് രാജ്യത്തിന് പുതിയൊരു കാല്‍വെപ്പാകും എന്നതിൽ സംശയമില്ല.