Alt Image
പതിറ്റാണ്ടുകള്‍ക്ക് ശേഷം പുതിയ ആദായ നികുതി ബില്‍; എന്താണ് പഴയ നികുതി നിയമത്തിൽ നിന്നുള്ള മാറ്റങ്ങൾഇന്ത്യന്‍ പ്രവാസികളുടെ പണമയക്കല്‍ കുത്തനെ കൂടികേരളത്തിലെ ഗ്രാമങ്ങളിൽ വിലക്കയറ്റം രൂക്ഷം; മിക്ക ഭക്ഷ്യോൽപന്നങ്ങൾക്കും വില കൂടിറീട്ടെയിൽ പണപ്പെരുപ്പ നിരക്ക് കുറഞ്ഞുഇന്ത്യയിലെ ഗോതമ്പ് ഉത്പാദനം 114 ദശലക്ഷം ടണ്ണായി ഉയരും

ഇസ്രായേലി ചിപ്പ് നിര്‍മ്മാണ കമ്പനിയെ ഏറ്റെടുക്കാൻ റിലയൻസ്

മുംബൈ: ഇന്ത്യൻ വ്യാപാര ഭീമനായ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചിപ്പ് നിര്‍മ്മാണത്തിലേക്കും കടക്കുന്നതായി റിപ്പോർട്ട്. ഇതിന്റെ ഭാഗമായി ഇസ്രായേല്‍ ആസ്ഥാനമായ ടവര്‍ സെമികണ്ടക്ടര്‍ (Tower Semiconductor) എന്ന കമ്പനിയെ റിലയന്‍സ് ഏറ്റെടുത്തേക്കുമെന്ന് ബിസിനസ് ടുഡേ റിപ്പോര്‍ട്ട് ചെയ്തു.

ചര്‍ച്ചകള്‍ പുരോഗമിക്കുന്നതായാണ് മാധ്യമ വാർത്ത നൽകുന്ന സൂചന. എന്നാല്‍, ഇസ്രായേല്‍-ഹമാസ് സംഘര്‍ഷം രൂക്ഷമായ പശ്ചാത്തലത്തില്‍ ഏറ്റെടുക്കല്‍ നടപടി വൈകിയേക്കും.

ടവര്‍ സെമികണ്ടക്ടറിനെ ഏറ്റെടുക്കാനുള്ള പദ്ധതി അടുത്തിടെ ഇന്റല്‍ റദ്ദാക്കിയതിന് പിന്നാലെയാണ് റിലയന്‍സിന്റെ പുതിയ നീക്കം.

2022 ഫെബ്രുവരിയില്‍ 540 കോടി ഡോളറിന് ടവര്‍ സെമികണ്ടക്ടര്‍ ഏറ്റെടുക്കാനുള്ള പദ്ധതി ഇന്റല്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ 2023 ഓഗസ്റ്റില്‍ റെഗുലേറ്റര്‍മാര്‍ ഈ കരാറിന് അംഗീകാരം നല്‍കാത്തതിനെത്തുടര്‍ന്ന് ഇന്റലിന് ഏറ്റെടുക്കല്‍ റദ്ദാക്കേണ്ടി വരികയായിരുന്നു.

ഐ.എസ്.എം.സിയുമായി (Indian Standard Medium Channel) ചേര്‍ന്ന് സാങ്കേതിക പങ്കാളിയായി പ്രവര്‍ത്തിക്കാന്‍ ഇന്ത്യയുടെ 76,000 കോടി രൂപയുടെ സെമികണ്ടക്ടര്‍ ഇന്‍സെന്റീവ് പ്രോഗ്രാമിന് കീഴില്‍ 2022 ഫെബ്രുവരിയില്‍ ടവര്‍ സെമികണ്ടക്ടര്‍ അപേക്ഷ സമര്‍പ്പിച്ചിരുന്നു.

അടുത്തിടെ മന്ത്രാലയത്തിലെ കേന്ദ്ര ഇലക്ട്രോണിക്സ് ആന്‍ഡ് ഐ.ടി സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍, ടവര്‍ സെമികണ്ടക്ടര്‍ സി.ഇ.ഒ റസ്സല്‍ സി. എല്‍വാംഗറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനിടയിലാണ് റിലയൻസിന്റെ സുപ്രധാന നീക്കം എന്നത് ശ്രദ്ധേയമാണ്.

ഇന്ത്യയില്‍ സെമികണ്ടക്ടര്‍ വ്യവസായം വികസിപ്പിക്കുന്നതിനായി 2013-14ല്‍ ജെയ്പീ ഗ്രൂപ്പിന്റെ നേതൃത്വത്തിലുള്ള ഒരു സഖ്യത്തിലെ അംഗമായിരുന്നു ടവര്‍ സെമികണ്ടക്ടര്‍. തുടര്‍ന്ന് ഐ.ബി.എമ്മിന്റെയും സാങ്കേതിക പങ്കാളിയായി പ്രവര്‍ത്തിച്ചിരുന്നു.

വാഹന വ്യവസായം, മെഡിക്കല്‍, ഇന്‍ഡസ്ട്രിയല്‍, കണ്‍സ്യൂമര്‍, എയ്റോസ്പേസ്, ഡിഫന്‍സ് തുടങ്ങിയ മേഖലകളില്‍ ലോകമെമ്പാടുമുള്ള 300ല്‍ അധികം ഉപഭോക്താക്കള്‍ക്കായി അനലോഗ് ഇന്റഗ്രേറ്റഡ് സര്‍ക്യൂട്ടുകള്‍ നിര്‍മ്മിക്കുന്ന കമ്പനിയാണ് ടവര്‍ സെമികണ്ടക്ടര്‍.

X
Top