
പകര്‍പ്പവകാശത്തിനുള്ള അപേക്ഷകള്‍ കൊണ്ട് അമ്പരപ്പിക്കുകയാണ് വാണിജ്യ വാഹന രംഗത്തെ പ്രമുഖരായ ടാറ്റ മോട്ടോഴ്‌സ് ലിമിറ്റഡ്. 2026 സാമ്പത്തിക വര്‍ഷത്തില്‍ 144 പേറ്റന്റ് അപേക്ഷകള്‍ ഫയല്‍ ചെയ്‌തെന്നാണ് ടാറ്റ മോട്ടോഴ്‌സ് ലിമിറ്റഡ് അറിയിക്കുന്നത്. കമ്പനിയുടെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന പകര്‍പ്പവകാശ അപേക്ഷകളാണിത്.
ഭാവി സാങ്കേതികവിദ്യകള്‍, വാഹന സുരക്ഷയും വിശ്വാസ്യതയും വര്‍ധിപ്പിക്കുക, വാഹനത്തിനുള്ള ചിലവ് കുറക്കുക, യാത്രാ സൗകര്യം മെച്ചപ്പെടുത്തുക എന്നിങ്ങനെയുള്ള ദീര്‍ഘകാല ലക്ഷ്യങ്ങള്‍ മുന്നില്‍ കണ്ടുള്ള അപേക്ഷകളാണ് സമര്‍പ്പിച്ചിട്ടുള്ളതെന്ന് ടാറ്റ മോട്ടോഴ്‌സ് വ്യക്തമാക്കി.
‘ഞങ്ങളുടെ എന്‍ജിനീയറിങ് ടീമുകളുടെ ലക്ഷ്യ ബോധത്തിനും സര്‍ഗാത്മകതക്കും സാങ്കേതിക മികവിനുമുള്ള തെളിവാണ് 2026 സാമ്പത്തിക വര്‍ഷത്തിലെ റെക്കോഡ് പേറ്റന്റ് അപേക്ഷകള്‍. ഉപഭോക്താക്കളുടേയും രാജ്യത്തിന്റേയും ദീര്‍ഘകാല താത്പര്യങ്ങള്‍ സംരക്ഷിക്കുകയെന്ന ലക്ഷ്യത്തില്‍ പുതുമകള്‍ പരീക്ഷിക്കുന്നതില്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്’ എന്നാണ് ടാറ്റ മോട്ടോഴ്‌സ് ലിമിറ്റഡ് വൈസ് പ്രസിഡന്റും എന്‍ജിനീയറിങ് വിഭാഗം മേധാവിയുമായ അനിരുദ്ധ് കുല്‍ക്കര്‍ണി പറഞ്ഞു.
വൈദ്യുത വാഹനങ്ങള്‍, ഹൈഡ്രജന്‍ ഇന്ധനമായി ഉപയോഗിക്കുന്ന ഇന്റേണല്‍ കംപല്‍ഷന്‍ എന്‍ജിനുകള്‍ തുടങ്ങിയ നൂതന സാങ്കേതികവിദ്യയിലൂന്നിയ വാഹനങ്ങള്‍ക്കു വേണ്ടിയുള്ളതായിരുന്നു പല പകര്‍പ്പവകാശ അപേക്ഷകളും. ഇത് സുസ്ഥിരവും ഭാവിയെ ലക്ഷ്യം വെച്ചുള്ളതുമായ യാത്രാ സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതില്‍ ടാറ്റ മോട്ടോഴ്‌സ് നല്‍കുന്ന പ്രാധാന്യം എത്രത്തോളമുണ്ടെന്ന് കാണിക്കുന്നു.
ഈ സാമ്പത്തികവര്‍ഷം തന്നെ 21 ഡിസൈന്‍ അപേക്ഷകളും 35 പകര്‍പ്പവകാശ അപേക്ഷകളും ടാറ്റ മോട്ടോഴ്‌സ് സമര്‍പ്പിച്ചിട്ടുണ്ട്. ഇതോടെ ഈ വര്‍ഷത്തെ ബൗദ്ധിക സ്വത്തവകാശ ശേഖരം കൂടുതല്‍ ശക്തിപ്പെടുത്തുകയാണ് കമ്പനി ചെയ്തിരിക്കുന്നത്. ഈ വര്‍ഷം പുതിയ 15 പേറ്റന്റുകള്‍ കൂടി ലഭിച്ചതോടെ ടാറ്റ മോട്ടോഴ്‌സിന്റെ ആകെ പേറ്റന്റുകളുടെ എണ്ണം 650 കടന്നതായും കമ്പനി അറിയിച്ചു.
ട്രെയിന്‍ എന്‍ജിനുകള്‍ നിര്‍മിച്ചുകൊണ്ട് തുടങ്ങിയ ടാറ്റ എന്‍ജിനീയറിങ് ആന്റ് ലോക്കോമോട്ടീവ് കമ്പനിയാണ് പിന്നീട് ടാറ്റ മോട്ടോഴ്‌സായി മാറിയത്. മഹാരാഷ്ട്രയിലെ മുംബൈ ആസ്ഥാനമായുള്ള ടാറ്റ മോട്ടോഴ്‌സ് ഇന്ന് ഇന്ത്യയിലെ ഏറ്റവും വലിയ വാണിജ്യ വാഹന നിര്‍മാതാക്കളും വൈദ്യുത വാഹന വിണിയില്‍ ഒന്നാം സ്ഥാനക്കാരുമാണ്.
സിയേറയുമായി പാസഞ്ചര്‍ കാര്‍ വിപണിയിലേക്ക് 1991ല്‍ എത്തിയ ടാറ്റ മോട്ടോഴ്‌സ് പിന്നീട് 1998ല്‍ പൂര്‍ണമായും ഇന്ത്യയില്‍ രൂപകല്‍പന ചെയ്ത ആദ്യ പാസഞ്ചര്‍ കാര്‍ ഇന്‍ഡിക പുറത്തിറക്കിയും ചരിത്രം സൃഷ്ടിച്ചിരുന്നു.
പാസഞ്ചര്‍ കാറുകള്‍ക്ക് പുറമേ ട്രക്കുകള്‍, ബസുകള്‍, ആഡംബര വാഹനങ്ങള്‍, പ്രതിരോധ വാഹനങ്ങള്‍ എന്നിവയും ടാറ്റ മോട്ടോഴ്‌സ് നിര്‍മിക്കുന്നു. ഇന്ത്യയില്‍ ജംഷഡ്പൂര്‍, ലഖ്‌നൗ, പൂനെ, സാനന്ദ്, പന്ത്‌നഗര്‍, ധാര്‍വാഡ് എന്നിവിടങ്ങളിലും വിദേശത്ത് ദക്ഷിണാഫ്രിക്ക, ദക്ഷിണകൊറിയ, തായ്‌ലന്‍ഡ് എന്നിവിടങ്ങിലും വാഹന നിര്‍മാണ കേന്ദ്രങ്ങളുണ്ട്.






