
ഇറാനുമായുള്ള സംഘർഷം അയവില്ലാതെ തുടരുന്നതിനിടെ, മിഡിൽ ഈസ്റ്റിലെ തന്ത്രപ്രധാന സഖ്യകക്ഷികൾക്കായി 8.6 ബില്യൺ ഡോളറിന്റെ (ഏകദേശം 72,000 കോടി രൂപ) ആയുധ വ്യാപാരം പ്രഖ്യാപിച്ച് അമേരിക്ക.
ഇസ്രയേൽ, ഖത്തർ, കുവൈത്ത്, യുണൈറ്റഡ് അറബ് എമിറേറ്റ്സ് (യുഎഇ) എന്നീ രാജ്യങ്ങൾക്കാണ് പുതിയ കരാറിലൂടെ ആയുധങ്ങൾ ലഭ്യമാകുക. ഇറാൻ സംഘർഷത്തിൽ മൂന്നാഴ്ചയായി വെടിനിർത്തൽ നിലനിൽക്കുന്നുണ്ടെങ്കിലും മേഖലയിലെ സൈനിക സന്നാഹം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് യുഎസ് നീക്കം.
ഇസ്രയേലിന് ‘സൗജന്യ’ വിൽപ്പന; അറബ് രാജ്യങ്ങൾക്ക് നേരിട്ടുള്ള ഇടപാട് ഈ 8.6 ബില്യൺ ഡോളറിന്റെ ആയുധ കൈമാറ്റത്തിൽ രാജ്യങ്ങൾ തമ്മിൽ വലിയ വ്യത്യാസങ്ങളുണ്ട്. ഖത്തർ, കുവൈത്ത്, യുഎഇ എന്നീ രാജ്യങ്ങൾ അമേരിക്കയിൽ നിന്ന് നേരിട്ട് ആയുധങ്ങൾ വാങ്ങുകയാണ് ചെയ്യുന്നത്. എന്നാൽ ഇസ്രയേലിന്റെ കാര്യത്തിൽ ഇത് അമേരിക്കൻ നികുതിപ്പണം ഉപയോഗിച്ചുള്ള സൈനിക സഹായത്തിന്റെ (Military Aid) ഭാഗമാണ്.
അമേരിക്കൻ ഗവൺമെന്റ് നൽകുന്ന ഫണ്ട് ഉപയോഗിച്ച് ഇസ്രയേൽ അമേരിക്കൻ കമ്പനികളിൽ നിന്ന് ആയുധങ്ങൾ വാങ്ങുന്നു.
പ്രതിഷേധം അവഗണിച്ച് സൈനിക സഹായം അമേരിക്കൻ നികുതിപ്പണം ഉപയോഗിച്ച് ഇസ്രയേലിന് ആയുധങ്ങൾ നൽകുന്നതിനെതിരെ യുഎസിനുള്ളിൽ തന്നെ പ്രതിഷേധം ശക്തമാണ്.
കഴിഞ്ഞ മാസം യുഎസ് സെനറ്റിലെ 47 ഡെമോക്രാറ്റുകളിൽ 40 പേരും ഇസ്രയേലിനുള്ള ആയുധ വിൽപ്പന തടയുന്നതിനായി വോട്ട് ചെയ്തിരുന്നു. എന്നാൽ ‘ദേശീയ സുരക്ഷയെ ബാധിക്കുന്ന അടിയന്തര സാഹചര്യം’ എന്ന പ്രത്യേക അധികാരം (Arms Export Control Act) ഉപയോഗിച്ച് കോൺഗ്രസിനെ മറികടന്നാണ് ഭരണകൂടം ഈ നീക്കം നടത്തുന്നത്.
സഹായം ബില്യണുകളിൽ: ചില പ്രധാന കണക്കുകൾ
ആകെ സഹായം: രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ഇതുവരെ ഏകദേശം 175 ബില്യൺ ഡോളറാണ് ഇസ്രയേലിന് അമേരിക്ക നൽകിയിട്ടുള്ളത്.
വാർഷിക വിഹിതം: നിലവിലെ കരാർ പ്രകാരം വർഷം തോറും 3.8 ബില്യൺ ഡോളർ ഇസ്രയേലിന് നൽകുന്നു.
ഒക്ടോബർ 7-ന് ശേഷം: 2023 ഒക്ടോബർ 7-ന് ശേഷം മാത്രം 21.7 ബില്യൺ ഡോളറിന്റെ നേരിട്ടുള്ള സൈനിക സഹായം അമേരിക്ക ഇസ്രയേലിന് നൽകി.
ലാഭം അമേരിക്കൻ കമ്പനികൾക്ക് അമേരിക്ക ഇസ്രയേലിന് നൽകുന്നത് നേരിട്ടുള്ള പണമല്ല, മറിച്ച് ആയുധങ്ങളാണ്. യുഎസ് നിയമപ്രകാരം, നൽകുന്ന സൈനിക ധനസഹായത്തിന്റെ ഭൂരിഭാഗവും അമേരിക്കൻ നിർമ്മിത ആയുധങ്ങൾ വാങ്ങാൻ മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ. ലോക്ക്ഹീഡ് മാർട്ടിൻ, ബോയിങ്, ആർടിഎക്സ് തുടങ്ങിയ അമേരിക്കൻ പ്രതിരോധ കമ്പനികൾക്കാണ് ഈ കരാറുകൾ വഴി വലിയ ലാഭം ലഭിക്കുന്നത്.
പ്രധാന ആയുധ സംവിധാനങ്ങൾ:
പാട്രിയറ്റ് മിസൈൽ ഡിഫൻസ് സിസ്റ്റം: ഖത്തറിന് നൽകുന്ന ഈ സംവിധാനം ബാലിസ്റ്റിക് മിസൈലുകൾ, ക്രൂയിസ് മിസൈലുകൾ, യുദ്ധവിമാനങ്ങൾ എന്നിവയെ ആകാശത്തുവെച്ച് തകർക്കാൻ ശേഷിയുള്ളതാണ്. ഏകദേശം 4 ബില്യൺ ഡോളറിന്റേതാണ് ഈ കരാർ.
APKWS ലേസർ-ഗൈഡഡ് വെപ്പൺസ്: ഇസ്രയേലിന് ഏകദേശം 992 മില്യൺ ഡോളറിന്റെ (8,200 കോടി രൂപ) APKWS ആണ് അനുവദിച്ചിരിക്കുന്നത്. സാധാരണ റോക്കറ്റുകളെ ലേസർ ഉപയോഗിച്ച് കൃത്യമായി നിയന്ത്രിക്കാവുന്ന മിസൈലുകളാക്കി മാറ്റുന്ന സംവിധാനമാണിത്.
ജനവാസ മേഖലകളിൽ ചുറ്റുമുള്ള നാശനഷ്ടങ്ങൾ കുറച്ചുകൊണ്ട് ശത്രുതാവളങ്ങളെ ആക്രമിക്കാൻ ഇത് സഹായിക്കുന്നു.






