മുംബൈ: റിലയൻസ് ഇൻഡസ്ട്രീസിനു കീഴിലുള്ള വയാകോം 18 മീഡിയ ലിമിറ്റഡും ജിയോ സിനിമയും വാള്‍ട്ട് ഡിസ്നി കമ്പനിയുടെ കീഴിലുള്ള ഡിസ്നി സ്റ്റാർ ഇന്ത്യയും തമ്മിലുള്ള ലയനം പൂർത്തിയായി.
70,352 കോടി രൂപയുടെ പുതിയ സംയുക്തകമ്പനിക്കാണ് ഇതോടെ രൂപം നല്‍കിയിരിക്കുന്നത്. ലയനശേഷമുള്ള സംയുക്ത കമ്പനിയെ റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് നിയന്ത്രിക്കും.
റിലയൻസിന് 16.34 ശതമാനവും വയാകോം 18-ന് 46.82 ശതമാനവും ഡിസ്നിക്ക് 36.84 ശതമാനവുമാകും ഇതിലെ പങ്കാളിത്തം. നിതാ മുകേഷ് അംബാനിയാകും സംയുക്തകമ്പനിയുടെ ചെയർപേഴ്സണ്‍.
ബോധി ട്രീ സിസ്റ്റംസ് സഹസ്ഥാപകൻ ഉദയ് ശങ്കർ വൈസ് ചെയർപേഴ്സണാകും. കമ്ബനിയുടെ തന്ത്രപ്രധാന മാർഗനിർദേശങ്ങള്‍ തയ്യാറാക്കുക ഉദയ് ശങ്കറായിരിക്കും.
സംയുക്തകമ്പനിക്ക് മൂന്ന് ചീഫ് എക്സിക്യുട്ടീവ് ഓഫീസർമാരുണ്ടാകും. വിവിധ പ്ലാറ്റ്ഫോമുകളിലുള്ള എന്റർടെയ്ൻമെന്റ് ഓർഗനൈസേഷനെ കെവിൻ വാസും ഡിജിറ്റല്‍ ഓർഗനൈസേഷനെ കരണ്‍ മാനിയും സ്പോർട്സ് ഓർഗനൈസേഷനെ സൻജോങ് ഗുപ്തയുമായിരിക്കും നയിക്കുക. രാജ്യത്തെ പ്രധാന മാധ്യമബ്രാൻഡുകളെ ഒരുകുടക്കീഴിലാക്കുന്നതാണ് ലയനം.
സ്റ്റാർ, കളേഴ്സ് ടെലിവിഷൻ ചാനലുകള്‍, ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളായ ജിയോ സിനിമ, ഹോട്ട്സ്റ്റാർ എന്നിവയാണ് ഒന്നിച്ചണിനിരക്കുന്നത്. നൂറിലധികം ടെലിവിഷൻ ചാനലുകളാണ് കമ്പനിക്കുകീഴില്‍ പ്രവർത്തിക്കുക. സംയുക്തകമ്പനിയുടെ ഭാവി വളർച്ച മുൻനിർത്തി റിലയൻസ് 11,500 കോടിയുടെ നിക്ഷേപംനടത്തും.
ഹോട്ട്സ്റ്റാറിനും ജിയോ സിനിമയ്ക്കുമായി അഞ്ചുകോടിയിലധികം വരിക്കാരാണ് നിലവിലുള്ളത്. ലയനത്തോടെ ഇന്ത്യൻ മാധ്യമരംഗം മാറ്റത്തിന്റെ കാലഘട്ടത്തിലേക്കു പ്രവേശിക്കുകയാണെന്ന് റിലയൻസ് ചെയർമാൻ മുകേഷ് അംബാനി പറഞ്ഞു.
മറ്റൊരിടപാടില്‍ പാരമൗണ്ട് ഗ്ലോബലിന് വയാകോം 18-ല്‍ ഉണ്ടായിരുന്ന 13.01 ശതമാനം ഓഹരികള്‍ റിലയൻസ് ഏറ്റെടുത്തു. 4286 കോടിയുടേതാണ് ഇടപാട്. ഇതോടെ വയാകോം 18-ലെ 70.49 ശതമാനം ഓഹരികളും റിലയൻസിന് സ്വന്തമായി.
13.54 ശതമാനം ഓഹരികള്‍ നെറ്റ്വർക്ക് 18 മീഡിയ ആൻഡ് ഇൻവെസ്റ്റ്മെന്റിനും 15.97 ശതമാനം ബോധി ട്രീ സിസ്റ്റംസിനുമാണുള്ളത്.