അറ്റ പ്രത്യക്ഷ നികുതി പിരിവില്‍ 20 ശതമാനം വളര്‍ച്ചകേന്ദ്ര തൊഴിൽപദ്ധതി നടപ്പാക്കിയതിൽ തട്ടിപ്പെന്ന് സിഎജിനിതി ആയോഗിന്റെ സുസ്ഥിര വികസന സൂചികയിൽ കേരളം വീണ്ടും നമ്പർ വൺ2028-29 ഓടെ വിഴിഞ്ഞം തുറമുഖം പൂർണതോതിൽ പ്രവർത്തനക്ഷമമാകുമെന്ന് കരൺ അദാനിഭക്ഷ്യ വിലക്കയറ്റം രൂക്ഷമായതോടെ ജൂണിൽ നാണയപ്പെരുപ്പം 5.08 ശതമാനമായി

ഡിസംബര്‍ വരെ 21,253 കോടി കടമെടുക്കാൻ കേരളത്തിന് കേന്ദ്രാനുമതി

തിരുവനന്തപുരം: കേരളത്തിന് കടമെടുക്കാൻ കേന്ദ്രത്തിന്റെ അന്തിമാനുമതി ലഭിച്ചു. ഈവർഷം ഡിസംബർവരെ 21,253 കോടി എടുക്കാം. നേരത്തേ താത്കാലികമായി അനുവദിച്ച 3000 കോടി ഉൾപ്പെടെയാണിത്. അത് എടുത്തുകഴിഞ്ഞു. ഇനി ഡിസംബർവരെ എടുക്കാവുന്നത് 18,283 കോടി രൂപയാണ്.

ഇത്തവണയും കിഫ്ബിക്കും ക്ഷേമപെൻഷനും എടുത്ത തുക വെട്ടിക്കുറച്ചിട്ടുണ്ട്. കേരളം പ്രതീക്ഷിച്ചതിനെക്കാളും 5000 കോടി കുറവാണ് അനുവദിച്ചതെന്ന് ധനവകുപ്പ് വൃത്തങ്ങൾ പറഞ്ഞു.

വിശദമായ കണക്ക് ലഭിച്ചശേഷം പരിധി പുനഃപരിശോധിക്കാൻ കേരളം ആവശ്യപ്പെടും.

കിഫ്ബിക്കും ക്ഷേമപെൻഷനുമായെടുത്ത വായ്പ ബജറ്റിതര വായ്പയായി കണക്കാക്കി സംസ്ഥാനത്തിന്റെ മൊത്തം കടത്തിൽ ഉൾപ്പെടുത്തുന്നതിനെതിരേ കേരളം സുപ്രീംകോടതിയെ സമീപിച്ചിരുന്നു. ഈ കേസ് ഭരണഘടനാബെഞ്ചിന്റെ പരിഗണനയ്ക്ക് വിട്ടിരിക്കുകയാണ്. എന്നാൽ, ഇതേ നയമാണ് കേന്ദ്രം ഇത്തവണയും തുടർന്നത്.

ക്ഷേമപെൻഷൻ കമ്പനിയുടെ വായ്പയിൽ ഏകദേശം 5000 കോടിയും കിഫ്ബിയുടേതിൽ 4000 കോടിയും കുറച്ചിട്ടുണ്ടാകണമെന്നാണ് ധനവകുപ്പ് കണക്കുകൂട്ടുന്നത്. പ്രോവിഡന്റ്‌ ഫണ്ടും സമ്പാദ്യനിക്ഷേപവുമൊക്കെ ഉൾപ്പെടുന്ന പബ്ലിക് അക്കൗണ്ട് കണക്കിലെടുത്ത് ഏകദേശം 5000 കോടിയും കുറച്ചെന്ന് കരുതുന്നു.

ആഭ്യന്തര വരുമാനത്തിന്റെ മൂന്നുശതമാനം എന്നനിലയിൽ 37,512 കോടിയാണ് കേരളത്തിന് മൊത്തം അനുവദിച്ച കടം. ഇതിൽ പൊതു അക്കൗണ്ടും കിഫ്ബിക്കും ക്ഷേമപെൻഷനുമായി എടുത്ത വായ്പയും മുൻകാല കണക്കുകളിലെ നീക്കുപോക്കും ഒക്കെ പരിഗണിച്ചാണ് പൊതുവിപണിയിൽനിന്ന് എടുക്കാവുന്ന കടത്തിന്റെ പരിധി നിശ്ചയിക്കുന്നത്.

കടമെടുക്കാൻ അനുമതിലഭിച്ച ഉടൻതന്നെ 3500 കോടി എടുക്കാൻ കേരളം കടപ്പത്രം പുറപ്പെടുവിച്ചു. 12 വർഷത്തേക്ക് 2000 കോടിയുടെയും 31 വർഷത്തേക്ക് 1500 കോടിയുടെയും കടപ്പത്രങ്ങളാണ് പുറപ്പെടുവിച്ചത്. കടപ്പത്രങ്ങളുടെ ലേലം ചൊവ്വാഴ്ച നടക്കും.

ജൂൺ ആദ്യം ശമ്പളവും പെൻഷനും നൽകാൻ കൂടിയാണ് ഈ തുക. മുടങ്ങിയ ക്ഷേമപെൻഷനിൽ ഒരു മാസത്തേത് അടുത്തയാഴ്ച നൽകാനും തീരുമാനിച്ചു.

X
Top