
പിവിആര് തിയേറ്ററുകളില് സിനിമാ ടിക്കറ്റിന്റെ വില്പ്പനയേക്കാള് കുതിക്കുന്നത് ഭക്ഷണസാധനങ്ങളുടെ വില്പ്പനയെന്ന് റിപ്പോര്ട്ടുകള്. 2023-2024 വര്ഷത്തിലെ കണക്കുപ്രകാരം ഫുഡ് ആന്റ് ബീവറേജസ് വില്പ്പന 21% വര്ധിച്ചുവെന്ന് മണി കണ്ട്രോള് റിപ്പോര്ട്ടു ചെയ്യുന്നു. അതേ സമയം സിനിമാ ടിക്കറ്റ് വില്പ്പനയില് 19 ശതമാനമാണ് വര്ധന.
1958 കോടിയാണ് പി.വി.ആര് തിയേറ്ററുകള് കഴിഞ്ഞ വർഷം ഭക്ഷണസാധനങ്ങള് വിറ്റ് നേടിയത്. അതിന് മുന്പുള്ള വര്ഷത്തില് 1618 കോടിയായിരുന്നു. സിനിമാ ടിക്കറ്റിനത്തില് 2022-2023 കാലയളവില് 2751 കോടി നേടിയപ്പോള് 2023-2014 ല് അത് 3279 കോടിയായി വര്ധിച്ചു.
ഹിറ്റ് സിനിമകള് കുറവായതിനാലാണ് ഈ കാലയളവില് ടിക്കറ്റ് വില്പ്പനയുടെ നിരക്കിനേക്കാള് ഭക്ഷണ സാധനങ്ങള് വിറ്റുപോയതെന്ന് പിവിആര് ഐനോക്സ് ഗ്രൂപ്പ് സിഎഫ്ഒ (ചീഫ് ഫിനാന്ഷ്യല് ഓഫീസര്) നിതിന് സൂദ് പറഞ്ഞതായി മണികണ്ട്രോള് റിപ്പോര്ട്ട് ചെയ്തു.
മെട്രോ നഗരങ്ങളിലും മെട്രോ ഇതര നഗരങ്ങളിലും പി.വി ആര് ധാരാളം ഫുഡ് ആന്റ് ബിവറേജസ് ഓട്ട്ലെറ്റുകള് തുറന്നിട്ടുണ്ട്. അവിടെ നിന്ന് ഭക്ഷണം വാങ്ങണമെങ്കില് സിനിമ കാണണമെന്ന് നിര്ബന്ധമില്ല.
അതും വില്പ്പന വര്ധിക്കാന് കാരണമായിട്ടുണ്ടെന്ന് എലാറ ക്യാപിറ്റല് സീനിയര് വൈസ് പ്രസിഡന്റ് കരണ് ടൗരാനി പറഞ്ഞു.