Alt Image
കേരളാ ബജറ്റ് 2025: പ്രധാന പ്രഖ്യാപനങ്ങൾ അറിയാം – LIVE BLOGസ്വർണാഭരണ വിൽപനയിൽ ചൈനയെ കടത്തിവെട്ടി ഇന്ത്യട്രംപ്–മോദി കൂടിക്കാഴ്ച: ലക്ഷ്യം മിനി വാണിജ്യ കരാർകേരള ബജറ്റ് ഇന്ന് അവതരിപ്പിക്കും; വരുമാനം കൂട്ടാനും വിഴിഞ്ഞത്തെ വളർത്താനും പദ്ധതികൾ ഉണ്ടായേക്കുംഇന്ത്യ ചകിരിച്ചോറ് വിറ്റ് നേടിയത് 13,000 കോടി രൂപ; പത്തുവര്‍ഷത്തില്‍ കടല്‍കടന്നത് 50 ലക്ഷം ടണ്‍

കല്യാണ്‍ ജുവലേഴ്‌സ് ഓഹരികള്‍ പണയം വച്ച് പ്രമോട്ടര്‍മാര്‍

തൃശൂര്‍: പ്രമുഖ ജുവലറി ശൃംഖലയായ കല്യാണ്‍ ജുവലേഴ്‌സിന്റെ 3.50% ഓഹരികള്‍ കൂടി പണയപ്പെടുത്തി പ്രമോട്ടര്‍മാര്‍. കല്യാണിന്റെ മുഴുവന്‍ സമയ ഡയറക്ടര്‍മാരായ രാജേഷ് കല്യാണരാമന്‍, രമേഷ് കല്യാണരാമന്‍ എന്നിവരാണ് വായ്പ ലഭ്യമാക്കാനായി ഓഹരികള്‍ പണയം വച്ചിരിക്കുന്നത്.

കല്യാണിന്റെ മുഖ്യ പ്രമോട്ടര്‍മാരില്‍ ഒരാളായ രാജേഷ് കല്യാണരാമന്‍ 957 കോടി രൂപ മൂല്യം വരുന്ന 1.9 കോടി ഓഹരികളാണ് കാറ്റലിസ്റ്റ് ട്രസ്റ്റീഷിപ്പ്, ബജാജ് ഫിനാന്‍സ്, ആദിത്യ ബിര്‍ള ഫിനാന്‍സ്, ടാറ്റ ക്യാപിറ്റല്‍, എസ്.ടി.സി.ഐ ഫിനാന്‍സ്, എച്ച്.എസ്.ബി.സി ഇന്‍വെസ്റ്റ് ഡയറക്ട് ഫിനാന്‍ഷ്യല്‍ സര്‍വീസസ് എന്നീ സ്ഥാപനങ്ങളിലായി പണയം വയ്ക്കുന്നത്. കല്യാണ്‍ ജുവലേഴ്‌സില്‍ 18.04 ശതമാനം ഓഹരി പങ്കാളിത്തമാണ് രാജേഷ് കല്യാണരാമനുള്ളത്.

മറ്റൊരു പ്രമേട്ടറായ രമേഷ് കല്യാണരാമന്‍ 854 കോടി രൂപ മൂല്യം വരുന്ന 1.7 കോടി ഓഹരികള്‍ കാറ്റലിസ്റ്റ് ട്രസ്റ്റീഷിപ്പ്, ബജാജ് ഫിനാന്‍സ്, ആദിത്യ ബിര്‍ള ഫിനാന്‍സ്, ടാറ്റ ക്യാപിറ്റല്‍, ഇന്‍ഫിന ഫിനാന്‍സ് എന്നീ സ്ഥാപനങ്ങളിലും പണയം വച്ച് വായ്പ നേടും.

ഡിസംബര്‍ പാദം വരെയുള്ള കണക്കനുസരിച്ച് രമേഷ് കല്യാണരാമന്‌ കല്യാണ്‍ ജുവലേഴ്‌സില്‍ 18.04 ശതമാനം ഓഹരികളുണ്ട്.

പ്രമോട്ടര്‍മാര്‍ക്ക് മൊത്തം 62.85 ശതമാനം ഓഹരികളാണ് കല്യാണിലുള്ളത്. ഇതില്‍ 12.1 ശതമാനം ഓഹരികള്‍ നേരത്തെ പണയം വച്ചിരുന്നു. ഇപ്പോള്‍ വീണ്ടും 3.50 ശതമാനം ഓഹരികള്‍ കൂടി പണയം വച്ചതോടെ മൊത്തം 15.64 ശതമാനം ഓഹരികള്‍ പണയത്തിലായി.

കല്യാണ്‍ ജുവലേഴ്‌സിന്റെ മൊത്തം ഓഹരികളുടെ എണ്ണം 10.31 കോടിയാണ്. ഇതില്‍ 1.61 കോടി ഓഹരികളാണ് പണയം വച്ചിരിക്കുന്നത്.

എന്ത് ആവശ്യങ്ങള്‍ക്കായാണ് കല്യാണ്‍ ജുവലേഴ്‌സ് വായ്പ ലഭ്യമാക്കുന്നത് എന്നതിനെ കുറിച്ച് വ്യക്തമാക്കിയിട്ടില്ല.

കമ്പനികളും പ്രൊമോട്ടര്‍മാരും ഓഹരികള്‍ ഈട് നല്‍കി വായ്പകളെടുക്കാറുണ്ട്. സാധാരണ ഗതിയില്‍ ബിസിനസ് വിപുലീകരണം, കടം തിരിച്ചടവ്, അല്ലെങ്കില്‍ പ്രവര്‍ത്തന ചെലവുകള്‍ എന്നിവ യ്ക്കുള്ള പണം കണ്ടെത്താനാണ് ഓഹരികള്‍ പണയം വെയ്ക്കുന്നത്.

പ്രൊമോട്ടര്‍മാരുടെ വ്യക്തിഗത ആവശ്യങ്ങള്‍ക്കായും ഓഹരി പണയം വയ്ക്കാറുണ്ട്. കമ്പനിയിലെ ഓഹരികള്‍ വില്‍ക്കാതെ ഉടമസ്ഥാവകാശം പ്രയോജനപ്പെടുത്താന്‍ ഇത് വഴി സാധിക്കുന്നു.

പക്ഷെ എപ്പോഴെങ്കിലും വായ്പാ നിബന്ധനകള്‍ പാലിക്കാനാകാതെ വന്നാല്‍ ഓഹരികള്‍ വിറ്റ് പണം തിരിച്ചു പിടിക്കാന്‍ വായ്പാദാതാക്കള്‍ ശ്രമിക്കും. ഇത് കമ്പനിയുടെ നിയന്ത്രണാവകാശം നഷ്ടപ്പെടാനും ഓഹരി വിപണിയില്‍ ഇടിവുണ്ടാക്കാനും കാരണമാകും.

X
Top