
ഇന്ത്യയിലെ വമ്പൻ ഐടി കമ്പനികളിലൊന്നായ വിപ്രോ, കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച 15,000 കോടി രൂപയുടെ ഷെയർ ബൈബാക്ക് (നിശ്ചിത അനുപാതത്തിൽ ഓഹരി മടക്കിവാങ്ങൽ), നിക്ഷേപക ലോകത്ത് സജീവ ചർച്ചാ വിഷയമായി മാറിക്കഴിഞ്ഞു.
ഷെയർ ബൈബാക്കിന് വേണ്ടി ചെലവഴിക്കുന്ന പണത്തിന്റെ വലിപ്പം കൊണ്ട് മാത്രമല്ല, ഓഹരിയുടെ നിലവിലെ വിപണി വിലയേക്കാൾ 19% ഉയർന്ന (പ്രീമിയം) നിരക്കിലാകും (250 രൂപ) വിപ്രോ ഓഹരികൾ നിക്ഷേപകരിൽ നിന്നും മടക്കി വാങ്ങുകയെന്ന അറിയിപ്പും എത്തിയതു കൊണ്ടാണിത്.
ഓഹരി ഉടമകളോട് കമ്പനിക്കുള്ള പ്രതിബദ്ധതയുടെയും അനുഭാവത്തിന്റേയും പ്രതീകമായാണ് ഷെയർ ബൈബാക്ക് നടപടിയെ പൊതുവേ വിലയിരുത്താറുള്ളത്. എന്നാൽ വിപ്രോയുടെ ഇത്തവണത്തെ ഷെയർ ബൈബാക്കിൽ പ്രൊമോട്ടർ ഗ്രൂപ്പ് പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ഇതോടെ വിപ്രോയുടെ (BSE: 507685, NSE: WIPRO) ഓഹരി മടക്കിവാങ്ങൽ നടപടി റീട്ടെയിൽ നിക്ഷേപകർക്ക് എത്രത്തോളം ഗുണകരമാകും എന്ന ചോദ്യവും ഉയർന്നുകഴിഞ്ഞു.
പ്രൊമോട്ടർ പങ്കാളിത്തം എന്തുകൊണ്ട് നിർണായകം?
വിപ്രോ പ്രഖ്യാപിച്ചിട്ടുള്ള ഷെയർ ബൈബാക്ക്, ടെൻഡർ ഓഫർ റൂട്ട് മുഖേനയാണ് നടപ്പാക്കുന്നത്. ഓരോ വിഭാഗം നിക്ഷേപകർക്കും നിശ്ചയിച്ചിട്ടുള്ള അനുപാതത്തിലാകും ഓഹരികൾ മടക്കി വാങ്ങുന്നത്. കമ്പനിയുടെ പ്രൊമോട്ടർ ഗ്രൂപ്പ്, അവരുടെ പക്കലുള്ള ഓഹരികളിൽ വലിയൊരു ഭാഗം ഷെയർ ബൈബാക്ക് നടപടിയിലൂടെ കൈമാറാൻ തയാറായാൽ, അത് റീട്ടെയിൽ നിക്ഷേപകരിൽ നിന്നും ഓഹരികൾ സ്വീകരിക്കുന്ന നിരക്ക് (Acceptance Ratio) കുറയാൻ കാരണമാകും.
സ്റ്റോക്ക് എക്സ്ചേഞ്ചിൽ നിന്നും ലഭ്യമാകുന്ന ഡേറ്റയുടെ അടിസ്ഥാനത്തിൽ പ്രൊമോട്ടർ ഗ്രൂപ്പിന്റെ കൈവശം വിപ്രോ കമ്പനിയുടെ 72.63% ഓഹരി വിഹിതം സ്വന്തമായുണ്ട്. ഇത്രയുമധികം ഓഹരികൾ കൈവശമുള്ള പ്രൊമോട്ടർ ഗ്രൂപ്പ് ഷെയർ ബൈബാക്ക് നടപടിയിലൂടെ ഓഹരികൾ മടക്കി നൽകാൻ തയാറാകുമ്പോൾ, റീട്ടെയിൽ നിക്ഷേപകർക്ക് നീക്കിവെക്കാവുന്ന വിഹിതം ഗണ്യമായി താഴും. അതായത്, റീട്ടെയിൽ നിക്ഷേപകർ മടക്കി നൽകുന്ന ഓഹരികളിൽ വളരെ കുറഞ്ഞ എണ്ണം മാത്രമേ കമ്പനി യഥാർത്ഥത്തിൽ വാങ്ങുകയുള്ളൂ എന്ന് സാരം.
റീട്ടെയിൽ നിക്ഷേപകർ എന്ത് മനസ്സിലാക്കണം?
വിപ്രോയുടെ ഇപ്പോഴത്തെ ബൈബാക്ക് നടപടി, കമ്പനിയുടെ മൂലധനക്ഷമത വർദ്ധിപ്പിക്കാനും ഹ്രസ്വകാലത്തേക്ക് ഓഹരി വില സ്ഥിരതയാർജിക്കാനുള്ള കരുത്ത് പകരാനുമൊക്കെ സഹായിച്ചേക്കാം. എന്നിരുന്നാലും, പ്രൊമോട്ടർ ഗ്രൂപ്പ് കൂടി ഷെയർ ബൈബാക്കിൽ പങ്കെടുക്കുന്നത് റീട്ടെയിൽ നിക്ഷേപകർക്ക് മൊത്തത്തിൽ ലഭിക്കാമായിരുന്ന നേട്ടത്തെ പരിമിതപ്പെടുത്തുന്നു.
അതായത്, ബൈബാക്കിൽ അർഹരായ നിക്ഷേപകർക്ക് പങ്കെടുക്കാമെങ്കിലും, നൽകുന്ന എല്ലാ ഓഹരികളും കമ്പനി സ്വീകരിക്കുമെന്നോ വലിയ നേട്ടം സ്വന്തമാക്കാമെന്നോ ഉള്ള പ്രതീക്ഷ കുറയ്ക്കുന്നതാകും ഉചിതമെന്ന് സാരം.






