റെക്കാഡ് പുതുക്കി കുതിച്ച്‌ വിദേശ നാണയ ശേഖരം17 നഗരങ്ങളിലായി 4,000 ടൺ സവാള വിറ്റഴിച്ച് സർക്കാർമന്ത്രിമാരുടെ റിപ്പോർട്ട് കാർഡ് പരിശോധിക്കാൻ പ്രധാനമന്ത്രി മോദി; ഉന്നതതല യോഗം വിളിച്ചു, പദ്ധതിനിർവഹണം വിലയിരുത്തുംപ്രതിരോധ എഫ്ഡിഐ ചട്ടങ്ങള്‍ ലളിതമാക്കാൻ കേന്ദ്രംഗോള്‍ഡ് ലോണ്‍ വിപണിയില്‍ വന്‍ കുതിപ്പ്; ധനകാര്യ സ്ഥാപനങ്ങളുടെ വായ്പാ പോര്‍ട്ട്ഫോളിയോ ഇരട്ടിയായി

കൊച്ചി മെട്രോ എയർപോർട്ടിലേക്ക് നീട്ടാനുള്ള പദ്ധതി രൂപരേഖ ഏപ്രിലിൽ

കൊച്ചി: ആലുവയിൽനിന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്കും തുടർന്ന് അങ്കമാലിയിലേക്കുമുള്ള മെട്രോപ്പാതയുടെ വിശദമായ പദ്ധതി രൂപരേഖ ഏപ്രിലിൽ തയ്യാറാകും. മെട്രോയുടെ മൂന്നാംഘട്ടമാണ് അങ്കമാലി റൂട്ട്.

നാലു അലൈൻമെന്റുകളാണ് പരിഗണനയിലുള്ളത്. സാങ്കേതികമായ സാധ്യതകളും ചെലവും സ്ഥലമേറ്റെടുക്കൽ ഉൾപ്പെടെയുള്ള ഘടകങ്ങളും കൂടി പരിശോധിച്ച ശേഷമാണ് അലൈൻമെന്റ് അന്തിമമാക്കുക. അലൈൻമെന്റുകളിൽ ഒന്ന് ആലുവയിൽനിന്ന് തുടങ്ങി ദേശീയപാതയിലൂടെ കരിയാട് വരെ റോഡിന് മുകളിലൂടെ കടന്നുപോകുന്നതാണ്.

അതിനുശേഷം എയർപോർട്ട് ഭാഗത്ത് ഭൂമിക്കടിയിലൂടെയുള്ള പാതയായിരിക്കും. എയർപോർട്ടിനുശേഷം വീണ്ടും റോഡിന് മുകളിലൂടെയാകും മെട്രോ പോകുക. അങ്കമാലി കരയാംപറമ്പിലെത്തി അവസാനിക്കും.

ദേശീയപാതയിലൂടെ വിമാനത്താവളം സ്പർശിക്കാതെ കടന്നുപോകുന്നതാണ് മറ്റൊരു അലൈൻമെന്റ്. നിലവിലെ മെട്രോ റൂട്ടിലേതുപോലെ ഇത് പൂർണമായും റോഡിന് മുകളിലൂടെയാണെങ്കിലും വിമാനത്താവളം ഒഴിവാക്കിയുള്ള നിർദേശമായതിനാൽ സ്വീകാര്യത കുറവാണ്.

ആലുവ മുതൽ എയർപോർട്ട് വഴി അങ്കമാലി വരെ പൂർണമായും റോഡിന് മുകളിലൂടെയുള്ള അലൈൻമെന്റാണ് മറ്റൊരു നിർദേശം. അതേ റൂട്ടിൽ പൂർണമായും ഭൂമിക്കടിയിലൂടെയുള്ള പാതയ്ക്കും നിർദേശമുണ്ട്.

15 സ്റ്റേഷനുകൾക്കാണ് സാധ്യത. തോട്ടയ്ക്കാട്ടുകര, കുന്നുംപുറം, പറമ്പയം, നെടുമ്പാശ്ശേരി, അത്താണി, കരിയാട്, എയർപോർട്ട് റെയിൽവേ സ്‌റ്റേഷൻ, എയർപോർട്ട്, നായത്തോട്, കവരപ്പറമ്പ്, അരീക്കൽ ജങ്ഷൻ, എൽ.എഫ്. ഹോസ്പിറ്റൽ, അങ്കമാലി ടൗൺ, കോതകുളങ്ങര, കരയാംപറമ്പ് എന്നിവയാണിത്. അലൈൻമെന്റിന്റെ അടിസ്ഥാനത്തിൽ ഇതിൽ വ്യത്യാസം വരും.

അങ്കമാലി റൂട്ടിനായി നേരത്തേ ഗതാഗതപഠനവും പദ്ധതി രൂപരേഖ തയ്യാറാക്കലുമെല്ലാം നടന്നിരുന്നു. ആദ്യം തയ്യാറാക്കിയ റിപ്പോർട്ടനുസരിച്ച് ആലുവയിൽ നിന്ന് അങ്കമാലി കോതകുളങ്ങര വരെ 11 സ്‌റ്റേഷനുകളായിരുന്നു. 3115 കോടി രൂപയായിരുന്നു അന്ന് ചെലവ് കണക്കാക്കിയിരുന്നത്. ഗതാഗത പഠനമനുസരിച്ച് 2031-ൽ അങ്കമാലി റൂട്ടിൽ 1.12 ലക്ഷം യാത്രക്കാരുണ്ടാകുമെന്നും വിലയിരുത്തിയിരുന്നു.

മൂന്നാംഘട്ടത്തിന് 8000 കോടി രൂപയിലേറെ ചെലവ് വരും. അലൈൻമെന്റ് അനുസരിച്ച് ഇതിൽ വ്യത്യാസം വരും. പൂർണമായും ഭൂമിക്കടിയിലൂടെയാണെങ്കിൽ ചെലവ് കൂടുതലാകും.

X
Top