Alt Image
ഖത്തറില്‍ നിന്നുള്ള എല്‍എന്‍ജി വിതരണം തടസ്സപ്പെട്ടു; പ്രതിസന്ധി മറികടക്കാൻ പുതു വഴികള്‍ തേടി ഇന്ത്യ ◆ രാജ്യത്തെ നഗരങ്ങളിൽ തൊഴിലില്ലായ്മ കൂടുന്നുവെന്ന് റിപ്പോർട്ട് ◆ നാലു പൊതുമേഖലാ ബാങ്കുകളിലെ ഓഹരി വിറ്റഴിക്കാൻ കേന്ദ്രസർക്കാർ ◆ കൊച്ചിയിൽ നിന്ന് 4 ചാർട്ടേഡ് വിമാനങ്ങൾ; യുദ്ധകാലത്ത് ലുലു ഗൾഫിലെത്തിച്ചത് 5200 ടൺ പച്ചക്കറി ◆ എണ്ണപ്പിണ്ണാക്കിന്‍റെ കയറ്റുമതിയിൽ ഇടിവ് ◆

മൊബൈൽ കമ്പനികൾ ഡാറ്റ ഇല്ലാത്ത പ്ലാനുകൾ നൽകണമെന്ന് ട്രായി

ന്യൂഡൽഹി: ഫോണ്‍ പ്രധാനമായും കോളുകൾക്കും എസ്എംഎസുകൾക്കും മാത്രം ഉപയോഗിക്കുന്ന ടെലികോം ഉപഭോക്താക്കൾക്ക് കുറഞ്ഞ നിരക്കിൽ കൂടുതൽ റീചാർജ് ഓപ്ഷനുകൾ അവതരിപ്പിക്കാൻ ടെലികോം സേവനദാതാക്കൾക്ക് ടെലികോം റെഗുലേറ്ററി അഥോറിറ്റി ഓഫ് ഇന്ത്യ (ട്രായി) നിർദേശം നൽകി. ഇന്‍റർനെറ്റ് ഡാറ്റ ആനുകൂല്യങ്ങൾ ഉപയോഗിക്കാത്തവർക്കുവേണ്ടിയാണ് ട്രായി പ്രത്യേക താരിഫ് വൗച്ചറുകൾ ലഭ്യമാക്കാൻ നിർദേശം നൽകിയത്. പുതിയ പ്ലാനുകൾ ഒക്ടോബർ 22 മുതൽ നിലവിൽ വരും.
പുതിയ നിയമങ്ങൾ അനുസരിച്ച്, ഡാറ്റ ഉൾപ്പെടുന്ന പ്ലാനുകളെ അപേക്ഷിച്ച് അനുയോജ്യമായ നിരക്ക് കുറവോടെ, വോയിസ് കോളുകൾക്കും എസ്എംഎസിനും മാത്രമായുള്ള പ്രത്യേക താരീഫ് വൗച്ചറുകൾ (എസ്ടിവി) സേവനദാതാക്കൾ നൽകണം. ഓരോ മാസവും ഒരേ തീയതിയിൽ പുതുക്കാവുന്ന വോയ്സ്-എസ്എംഎസ് മാത്രം ഉൾപ്പെടുന്ന പ്ലാനുകൾ കന്പനികൾ നൽകണം. വൗച്ചർ പുതുക്കേണ്ടിവരുന്പോൾ എസ്ടിവിയുടെ കാലാവധി എല്ലാ മാസവും ഒരേ തീയതിയോ അല്ലെങ്കിൽ ആ മാസത്തിലെ അവസാന തീയതിയോ ആയി കണക്കാക്കണം.

ചെലവ് കുറയും
ട്രായിയുടെ പുതിയ നിയമം വഴി മൊബൈൽ റീചാർജ് ചെലവ് വലിയ രീതിയിൽ കുറയ്ക്കാൻ ഉപഭോക്താക്കൾക്കു കഴിയും. വൈഫൈ ഉപയോഗിക്കുന്നവർക്കും ഇന്‍റർനെറ്റ് ആവശ്യമില്ലാത്ത ഫീച്ചർ ഫോണ്‍ ഉപഭോക്താക്കൾക്കും ആശ്വാസമാണ് ഈ തീരുമാനം. ഡാറ്റ ഒഴിവാക്കുന്നതിനനുസരിച്ച് നിരക്കിലും യുക്തമായ കുറവ് വരുത്തണം. നിലവിൽ ഇന്‍റർനെറ്റ് ഉപയോഗിക്കാത്ത ഉപയോക്താക്കൾക്ക് വലിയ നിരക്കിലുള്ള പ്ലാനുകൾ എടുക്കേണ്ടിവരുന്നത് ഒഴിവാക്കാനാണ് ഈ നിർദേശം.

പുതിയ നിയമം
’ടെലികോം കണ്‍സ്യൂമർ പ്രൊട്ടക‌്ഷൻ (പതിമൂന്നാം ഭേദഗതി) റെഗുലേഷൻസ്, 2026’ പ്രകാരമാണ് ഈ നടപടി. നിലവിൽ കന്പനികൾ നൽകുന്ന 30 ദിവസത്തിൽ താഴെയുള്ള (ഉദാഹരണത്തിന് 28 ദിവസം) വോയ്സ്+ഡാറ്റ+എസ്എംഎസ് പ്ലാനുകൾ ഉണ്ടെങ്കിൽ അതേ കാലാവധിയിൽ ഡാറ്റ ഇല്ലാത്ത ബദൽ പ്ലാനും നിർബന്ധമായും നലകണം. 30 ദിവസത്തിനു മുകളിൽ വാലിഡിറ്റിയുള്ള പ്ലാനുകൾക്കും ഇതേ രീതിയിൽ ഡാറ്റയില്ലാത്ത പ്ലാനുകൾ ലഭ്യമാക്കണം.

X
Top