മുംബൈ: സോളാര്‍ സെല്‍ ഉല്‍പ്പാദകരായ പ്രീമിയര്‍ എനര്‍ജീസിന്റെ ഇനീഷ്യല്‍ പബ്ലിക് ഓഫര്‍ (ഐപിഒ) ഓഗസ്റ്റ് 27ന് തുടങ്ങും. ഓഗസ്റ്റ് 29 വരെയാണ് ഈ ഐപിഒ സബ്‌സ്‌ക്രൈബ് ചെയ്യാവുന്നത്.
427-450 രൂപയാണ് ഐപിഒയുടെ ഓഫര്‍ വില. 33 ഓഹരികള്‍ ഉള്‍പ്പെട്ടതാണ് ഒരു ലോട്ട്. സെപ്‌റ്റംബര്‍ മൂന്നിന് സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകളില്‍ ലിസ്റ്റ് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.
2830 കോടി രൂപയാണ് കമ്പനി ഐപിഒ വഴി സമാഹരിക്കുന്നത്. 1291 കോടി രൂപയുടെ പുതിയ ഓഹരികളുടെ വില്‍പ്പനയും 1539 കോടി രൂപയുടെ ഓഫര്‍ ഫോര്‍ സെയിലും (ഒഎഫ്‌എസ്) ഉള്‍പ്പെട്ടതാണ് ഐപിഒ.
ഓഫര്‍ ഫോര്‍ സെയില്‍ വഴി പ്രൊമോട്ടര്‍മാരും ഓഹരിയുടമകളുമാണ് ഓഹരികള്‍ വില്‍ക്കുന്നത്. ഐപിഒയുടെ 50 ശതമാനം നിക്ഷേപക സ്ഥാപനങ്ങള്‍ക്കും 15 ശതമാനം ഉയര്‍ന്ന ആസ്‌തിയുള്ള വ്യക്തികള്‍ക്കും 35 ശതമാനം ചില്ലറ നിക്ഷേപകര്‍ക്കും സംവരണം ചെയ്‌തിരിക്കുന്നു.
പുതിയ ഓഹരികളുടെ വില്‍പ്പന വഴി സമാഹരിക്കുന്ന തുകയില്‍ 1168 കോടി രൂപ സബ്‌സിഡറിയായ പ്രീമിയര്‍ എനര്‍ജീസ് ഗ്ലോബല്‍ എന്‍വയോണ്‍മെന്റ് പ്രൈവറ്റ് ലിമിറ്റഡിനു വേണ്ടി ചെലവഴിക്കും.
ഹൈദരാബാദില്‍ ഉല്‍പ്പാദന സൗകര്യങ്ങള്‍ വിപുലീകരിക്കുന്നതിനു വേണ്ടിയാണ് ഈ തുക ചെലവിടുന്നത്. ബാക്കി തുക പൊതുവായ കോര്‍പ്പറേറ്റ് ആവശ്യങ്ങള്‍ക്കും വിനിയോഗിക്കും.
സോളാര്‍ സെല്‍ ഉല്‍പ്പാദന രംഗത്തെ രണ്ടാമത്തെ വലിയ കമ്പനിയാണ് പ്രീമിയര്‍ എനര്‍ജീസ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇന്ത്യയില്‍ നിന്ന് യുഎസിലേക്ക് ഏറ്റവും കൂടുതല്‍ സോളാര്‍ സെല്ലുകള്‍ കയറ്റുമതി ചെയ്‌തത് പ്രീമിയറാണ്.
2020-21, 2022-23 സാമ്പത്തിക വര്‍ഷങ്ങള്‍ക്കിടയില്‍ കമ്പനി 42.71 ശതമാനം പ്രതിവര്‍ഷ വരുമാന വളര്‍ച്ചയാണ് കൈവരിച്ചത്. 2023-24ല്‍ 120 ശതമാനം വളര്‍ച്ചയോടെ 3143 കോടി രൂപയാണ് വരുമാനം.
കഴിഞ്ഞ സാമ്പത്തിക വര്‍ഷം 231 കോടി രൂപയാണ് കമ്പനി കൈവരിച്ച ലാഭം. 2022-23ല്‍ 13.3 കോടി രൂപ നഷ്‌ടമായിരുന്നു കമ്പനി നേരിട്ടിരുന്നത്.