ന്യൂഡൽഹി: ലഘുസമ്പാദ്യ പദ്ധതികളുടെ ഒക്ടോബർ-ഡിസംബർ പാദത്തിലെ പലിശ നിരക്ക് കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചു.
2023 ഡിസംബർ 31-ന് അവസാനിക്കുന്ന പാദത്തിലെ ലഘുസമ്പാദ്യ പദ്ധതികളിൽ അഞ്ച് വർഷത്തെ പോസ്റ്റ് ഓഫീസ് റെക്കറിംഗ് ഡെപ്പോസിറ്റിന്റെ (ആർ.ഡി) പലിശനിരക്ക് 20 ബേസിസ് പോയിന്റ് (0.2ശതമാനം) വർദ്ധിപ്പിച്ചു.
ഇതോടെ അഞ്ചുവർഷത്തെ ആർ.ഡി. പലിശ നിരക്ക് നിലവിലെ 6.5 ശതമാനത്തിൽ നിന്ന് 6.7 ശതമാനമായി ഉയർന്നു. എന്നാൽ ഒരു വർഷം, 2 വർഷം, 3 വർഷം, 4 വർഷം കാലാവധിയുള്ള ആർ.ഡി നിക്ഷേപങ്ങളുടെ പലിശ നിരക്ക് യഥാക്രമം 6.9%, 7%, 7%, 7.5% എന്നിങ്ങനെ മാറ്റമില്ലാതെ നിലനിർത്തിയതായും ധനമന്ത്രാലയം പുറത്തിറക്കിയ സർക്കുലറിൽ വ്യക്തമാക്കുന്നു.
പബ്ലിക് പ്രൊവിഡന്റ് ഫണ്ട് (പി.പി.എഫ്), നാഷണൽ സേവിംഗ്‌സ് സർട്ടിഫിക്കറ്റുകൾ (എൻ.എസ്.സി), കിസാൻ വികാസ് പത്ര (കെ.വി.പി), മുതിർന്ന പൗരന്മാരുടെ അക്കൗണ്ടുകൾ, തുടങ്ങിയ മിക്ക ലഘു സമ്പാദ്യ പദ്ധതികളുടെയും മൂന്നാം പാദത്തിലെ പലിശ നിരക്കിൽ മാറ്റം വരുത്തിയില്ല.
സീനിയർ സിറ്റിസൺസ് സേവിംഗ്‌സ് സ്‌കീം (എസ്.സി.എസ്.എസ്) 8.2 ശതമാനത്തിൽ തുടരും. പ്രതിമാസ വരുമാന അക്കൗണ്ട് സ്കീം 7.4 ശതമാനം, എൻ.എസ്.സി 7.7ശതമാനം, പി.പി.എഫ് 7.1 ശതമാനം, കെ.വി.പി 7.5 ശതമാനം (115 മാസം), സുകന്യ സമൃദ്ധി അക്കൗണ്ട് സ്കീം (8 ശതമാനം) എന്നിങ്ങനെ മറ്റു സമ്പാദ്യ പദ്ധതികളുടെ പലിശനിരക്കും മാറ്രമില്ലാതെ തുടരും.
പബ്ലിക് പ്രോവിഡന്റ് ഫണ്ടിന്റെ പലിശ നിരക്ക് ഉയർത്തുമെന്ന പ്രതീക്ഷയിലായിരുന്നു മിക്ക നിക്ഷേപകരും. നേരത്തെ 2020 ഏപ്രിൽ- ജൂൺ പാദത്തിൽ 7.9 ശതമാനത്തിൽ നിന്ന് 7.1 ശതമാക്കി പി.പി.എഫ് പലിശ നിരക്ക് കുറച്ചതിന് ശേഷം പിന്നീട് വർദ്ധിപ്പിക്കാൻ കേന്ദ്ര സർക്കാർ തയ്യാറായിട്ടില്ല. 2019 ജനുവരിയിലാണ് പി.പി.എഫ് നിരക്ക് അവസാനമായി വർദ്ധിപ്പിച്ചത്.
ജൂലായ് -സെപ്തംബർ പാദത്തിൽ, 12 ചെറുകിട സമ്പാദ്യ പദ്ധതികളിൽ മൂന്നെണ്ണത്തിന്റെ പലിശ നിരക്ക് 10 മുതൽ 30 ബേസിസ് പോയിന്റുകൾ വരെ സർക്കാർ വർദ്ധിപ്പിച്ചിരുന്നു. 5 വർഷത്തെ പോസ്റ്റ് ഓഫീസ് ആർ.ഡി കഴിഞ്ഞതവണ 6.2% ൽ നിന്ന് 6.5% ആയി ഉയർത്തിയിരുന്നു.
പ്രധാനമായും പോസ്റ്റ് ഓഫീസുകൾ നടത്തുന്ന ലഘുസമ്പാദ്യ പദ്ധതികളുടെ പലിശ നിരക്ക് വർദ്ധിപ്പിക്കുന്ന നടപടിയാണ് അടുത്തിടെയായി കേന്ദ്ര സർക്കാർ സ്വീകരിച്ചുവരുന്നത്.
ഓരോ മൂന്നുമാസം കൂടുമ്പോഴാണ് ലഘു സമ്പാദ്യ പദ്ധതികളുടെ പലിശ നിരക്ക് മാറ്റവരുത്തുന്നത് പരിഗണിക്കുന്നത്. സാധാരണക്കാർ, കർഷകർ, സ്ത്രീകൾ, ഇടത്തരം വരുമാനക്കാർ, വിശ്രമ ജീവിതം നയിക്കുന്നവർ എന്നിവരാണ് കൂടുതലായും ലഘു സമ്പാദ്യ പദ്ധതികളിൽ നിക്ഷേപിക്കുന്നത്.
പലിശ നിരക്ക് വർദ്ധിപ്പിക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന ഇവർക്ക് കേന്ദ്ര സർക്കാരിന്റെ നടപടി തിരിച്ചടിയായി.