
കൊച്ചി: മുന്‍നിര വാഹന ഡീലര്‍മാരായ പോപ്പുലര്‍ വെഹിക്കിള്‍സ് ആന്റ് സര്‍വീസസ് 2024 മാര്‍ച്ച് 31ന് അവസാനിച്ച സാമ്പത്തിക വര്‍ഷം നാലാം പാദത്തില്‍ 20.1 കോടി രൂപ സംയോജിത അറ്റാദായം നേടി. 40 ശതമാനം വാര്‍ഷിക വര്‍ധനയുണ്ട്.
മുന്‍വര്‍ഷം നാലാം പാദത്തില്‍ 14.3 കോടി രൂപയായിരുന്നു അറ്റാദായം. കമ്പനിയുടെ സംയോജിത വരുമാനം മുന്‍വര്‍ഷത്തെ 1,311 കോടി രൂപയില്‍ നിന്ന് 4.6 ശതമാനം വളര്‍ച്ചയോടെ 1,372 കോടി രൂപയിലെത്തി.
2023-24 സാമ്പത്തിക വര്‍ഷം കമ്പനി 76.1 കോടി രൂപ അറ്റാദായം നേടി. 18.7 ശതമാനമാണ് വാര്‍ഷിക വളര്‍ച്ച. 64.1 കോടി രൂപയായിരുന്നു മുന്‍വര്‍ഷത്തെ അറ്റാദായം. സംയോജിത വാര്‍ഷിക വരുമാനം 4,892.6 കോടി രൂപയില്‍ നിന്നും ഇത്തവണ 5,646.7 കോടി രൂപയായി ഉയര്‍ന്നു.
15.4 ശതമാനമാണ് വളര്‍ച്ച രേഖപ്പെടുത്തിയത്. 2024 മാര്‍ച്ച് 19ന് പോപ്പുലര്‍ വെഹിക്കിള്‍സ് ആന്റ് സര്‍വീസസ് ലിമിറ്റഡ് സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകളില്‍ ലിസ്റ്റ് ചെയ്തിരുന്നു.
ഐപിഒ വിജയകരമാക്കുന്നതിന് നിക്ഷേപകര്‍ നല്‍കിയ പിന്തുണയ്ക്ക് പോപ്പുലര്‍ വെഹിക്കിള്‍സ് ആന്റ് സര്‍വീസസ് ലിമിറ്റഡിന്റെ പ്രൊമോട്ടറും എംഡിയുമായ നവീന്‍ ഫിലിപ്പ് നന്ദി അറിയിച്ചു.
ഓഹരി വില്‍പ്പനയിലൂടെ ലഭിച്ച തുക കടബാധ്യതകള്‍ കുറയ്ക്കുന്നതിനും കമ്പനിയുടെ സാമ്പത്തിനില കരുത്തുറ്റതാക്കുന്നതിനും വിനിയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ സാമ്പത്തിക വര്‍ഷം അവസാനത്തോടെ 192 കോടി രൂപയാണ് ലക്ഷ്യമിട്ടതു പ്രകാരം വിനിയോഗിച്ചത്. അത് നടപ്പു സാമ്പത്തിക വര്‍ഷം പലിശ ഇനത്തില്‍ ലാഭമുണ്ടാക്കാന്‍ സഹായിക്കും.
2023-24 സാമ്പത്തി വര്‍ഷത്തില്‍ സര്‍വീസ് ബിസിനസ് ഒഴികെ മറ്റു വിഭാഗങ്ങളില്‍ നാല് ശതമാനം വളര്‍ച്ചാക്കുറവുണ്ടായി. എന്നാല്‍ വരുമാനത്തില്‍ 14 ശതമാനം വര്‍ധന രേഖപ്പെടുത്തി. പ്രീമിയം വാഹനങ്ങളുടെ വില്‍പ്പന വര്‍ധിച്ചതാണ് വളര്‍ച്ചയ്ക്ക് തുണയായത്.
ആഡംബര വാഹന വിഭാഗത്തില്‍ വരുമാനം ഇരട്ടിയായി. 2023ല്‍ തമിഴ്‌നാട്ടിലുണ്ടായ പ്രളയം, കാറുകളുടെ ലഭ്യതക്കുറവ് പോലുള്ള വെല്ലുവിളികള്‍ക്കിടയിലാണ് ഈ നേട്ടമുണ്ടാക്കാനായതെന്നും നവീന്‍ ഫിലിപ്പ് പറഞ്ഞു.
ഭാവിയിലും പ്രീമിയം, ഇലക്ട്രിക് വാഹനങ്ങളുടെ വില്‍പ്പന ആയിരിക്കും വളര്‍ച്ചയെ നയിക്കുക. വിവിധ വാഹന വിഭാഗങ്ങളില്‍ വിജയകരമായി വൈവിധ്യവല്‍ക്കരണം നടത്താന്‍ തങ്ങളുടെ തന്ത്രങ്ങള്‍ സഹായിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സര്‍വീസ്, റിപ്പയര്‍, സ്‌പെയര്‍ പാര്‍ട്‌സ് വിതരണം എന്നീ ബിസിനസില്‍ ഈ വര്‍ഷം മികളച്ച വളര്‍ച്ചയാണ് കൈവരിച്ചത്. ബിസിനസ് വലുപ്പത്തില്‍ 10 ശതമാനവും സര്‍വീസ് ആന്റ് റിപ്പയര്‍ ബിസിനസില്‍ 21 ശതമാനം വരുമാന വളര്‍ച്ചയും നേടി.
കേരളത്തിനു പുറത്തുള്ള വിപണി വിപുലീകരണത്തിന്റെ ഭാഗമായി ഈയിടെ മഹാരാഷ്ട്രയില്‍ ഭാരത് ബെന്‍സ് വാഹനങ്ങള്‍ക്കു മാത്രമായി പുതിയ 3എസ് ഫെസിലിറ്റി ഉദ്ഘാടനം ചെയ്തു. മഹാരാഷ്ട്രയില്‍ ഇത്തരത്തിലുള്ള അഞ്ചാമത് സംരഭമാണിത്.
ഇപ്പോള്‍ 38 ശതമാനമുള്ള കേരള ഇതര വിപണിയില്‍ നിന്നുള്ള വരുമാനം ഇനിയും വര്‍ധിപ്പിക്കാന്‍ ഇതു സഹായിക്കും. വരും വര്‍ഷങ്ങളില്‍ കൂടുതല്‍ വിപണികളിലേക്ക് പ്രവര്‍ത്തനം വിപുലീകരിക്കാനാണു പദ്ധതി.
ഐപിഒ മുഖേന സമാഹരിച്ച ഫണ്ട് വിനിയോഗിച്ച് വായ്പാ ബാധ്യതകള്‍ കുറച്ചതോടെ കമ്പനിയുടേയും രണ്ട് ഉപ കമ്പനികളുടേയും ക്രെഡിറ്റ് റേറ്റിങ്ങും മെച്ചപ്പെട്ടു. ഈ സാമ്പത്തിക വര്‍ഷം പലിശ ചെലവുകള്‍ കുറയ്ക്കാന്‍ ഇതു സഹായകമാകും.