ഏഷ്യ-പസിഫിക് രാജ്യങ്ങളിലേക്ക് ഇന്ത്യൻ സഞ്ചാരികളുടെ ഒഴുക്ക്ബജറ്റില്‍ പ്രതീക്ഷകളുമായി നിത്യോപയോഗ സാധന വിപണികേന്ദ്ര ബജറ്റിൽ നികുതിയിളവ് പ്രഖ്യാപിച്ചേക്കില്ല; വ്യവസ്ഥകളും നടപടികളും പരിഷ്‌കരിച്ചേക്കും21,000 കോടി രൂപയുടെ കമ്മി: പ്രത്യേക സാമ്പത്തിക പാക്കേജ് ആവശ്യപ്പെട്ട് കേരളംകേരളത്തിലേക്ക് പ്രൊഫഷണലുകളെ ആകര്‍ഷിക്കാന്‍ ‘തിരികെ’ കാംപെയ്നുമായി കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍

കൊച്ചിയില്‍ പ്ലാസ്റ്റിക് പുനരുപയോഗ വ്യവസായ പാര്‍ക്ക്പരിഗണനയില്‍; പി രാജീവ്

. പെട്രോ കെമിക്കല്‍ കോണ്‍ക്ലേവ് ഉദ്ഘാടനം ചെയ്തു

കൊച്ചി: പ്ലാസ്റ്റിക് പുനരുപയോഗത്തിന്(റിസൈക്ലിംഗ്) മാത്രമായി പ്രത്യേക വ്യവസായ പാര്‍ക് സ്ഥാപിക്കുന്നതിനുള്ള പ്രാരംഭ നടപടികള്‍ ആരംഭിച്ചതായി വ്യവസായ-കയര്‍-നിയമ മന്ത്രി പി രാജീവ് പറഞ്ഞു. പെട്രോ കെമിക്കല്‍ ആന്‍ഡ് അലൈഡ് സെക്ടേഴ്സ് ഉച്ചകോടി കൊച്ചിയില്‍ ഉദ്ഘാടനം ചെയ്ത് പ്രസം​ഗിക്കുകയായിരുന്നു അദ്ദേഹം. വ്യവസായ വകുപ്പിന്റെ നേതൃത്വത്തില്‍ കെഎസ്ഐഡിസി, കിന്‍ഫ്ര, ഭാരത് പെട്രോളിയം (ബിപിസിഎല്‍) എന്നിവ സംയുക്തമായാണ് ഉച്ചകോടി നടത്തിയത്. ഭാരത് പെട്രോളിയത്തിന്റെ സാന്നിദ്ധ്യം മൂലം പെട്രോ കെമിക്കല്‍ മേഖലയില്‍ കേരളത്തിന്റെ സാധ്യതകള്‍ അനന്തമാണെന്ന് മന്ത്രി ചൂണ്ടിക്കാണിച്ചു. പ്ലാസ്റ്റിക് പുനരുപയോഗത്തിനായി പ്രത്യേക വ്യവസായ പാര്‍ക് സ്ഥാപിക്കുന്ന കാര്യം പരിഗണനയിലാണ്. കൊച്ചി ബ്രഹ്മപുരത്ത് ഇതിനായുള്ള സ്ഥലം കണ്ടെത്താനുള്ള ശ്രമത്തിലാണെന്നും ഉച്ചകോടിയിലെ ചോദ്യോത്തര വേളയില്‍ മന്ത്രി പറഞ്ഞു.

കൊവിഡ് കാലത്തിന് ശേഷം മാത്രം 40,000 പ്രൊഫഷണലുകള്‍ ലോകത്തിന്റെ വിവിധ ഭാഗത്ത് നിന്നും തിരികെ കേരളത്തിൽ എത്തി ജോലി ചെയ്യുന്നുണ്ടെന്നാണ് ലിങ്ക്ഡിന്‍ പോലുള്ള വെബ്സൈറ്റ് ഡാറ്റ സൂചിപ്പിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. സര്‍വകലാശാല കേന്ദ്രീകരിച്ച് ചെറുകിട-മധ്യവര്‍ഗ വ്യവസായങ്ങള്‍ക്കായുള്ള ടെസ്റ്റിംഗ് കേന്ദ്രങ്ങള്‍ ആരംഭിക്കാനുള്ള സാധ്യത തേടുമെന്ന് അദ്ദേഹം പറഞ്ഞു. ഇന്‍വസ്റ്റ് കേരള ആഗോള നിക്ഷേപക സംഗമത്തില്‍ ഉയര്‍ന്ന് വന്ന നിക്ഷേപ വാഗ്ദാനങ്ങളില്‍ 23 ശതമാനമാണ് സാഫല്യ നിരക്കെന്ന് സമ്മേളനത്തില്‍ അവതരണം നടത്തിയ വ്യവസായ-വാണിജ്യ വകുപ്പ് അഡി. ചീഫ് സെക്രട്ടറി എപിഎം മുഹമ്മദ് ഹനീഷ് പറഞ്ഞു. ഈ ദിശയില്‍ രാജ്യത്തെ ശരാശരി 15 മുതല്‍ 20 ശതമാനം വരെയാണ്. കിന്‍ഫ്രയുടെ പെട്രോകെമിക്കല്‍ പാര്‍ക്കും ബിപിസിഎല്ലും സംയുക്തമായി സൃഷ്ടിക്കുന്ന ആവാസവ്യവസ്ഥ സംസ്ഥാനത്തെ സംരംഭകര്‍ക്ക് മുതല്‍ക്കൂട്ടാകും. പെട്രോ കെമിക്കല്‍ മേഖലയിലെ സംരംഭങ്ങള്‍ വര്‍ധിക്കാന്‍ ഇത് കാരണമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ദശകത്തില്‍ മാത്രം 25,000 കോടി രൂപയാണ് ഭാരത് പെട്രോളിയം കേരളത്തില്‍ നിക്ഷേപിച്ചതെന്ന് ബിപിസിഎല്‍ ബിപിആര്‍ഇപി ഹെഡ് ശ്രീറാം എ എന്‍ പറഞ്ഞു. പിഡിപിപി പദ്ധതി (പ്രൊലൈന്‍ ഡെറിവേറ്റീവ്സ് പെട്രോകെമിക്കല്‍ പ്രൊജക്ട്) വഴി പെട്രോ കെമിക്കല്‍സ് അനുബന്ധ ഉത്പന്നങ്ങളുടെ ഇറക്കുമതി ഗണ്യമായി കുറയും. ഇതിനു പുറമെ 100 ശതമാനവും ഇറക്കുമതിയെ ആശ്രയിക്കുന്ന പെര്‍ഫോര്‍മന്‍സ് പോളിമര്‍ ഉത്പാദനം തുടങ്ങുന്നതിന് വേണ്ടിയുള്ള പ്ലാന്റ് ആരംഭിക്കുകയാണ്. 10,000 കോടിയാണ് ഇതിന് വേണ്ടി നിക്ഷേപിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. 110 കോടി രൂപ ചെലവില്‍ പെട്രോ കെമിക്കല്‍ ഉത്പന്നങ്ങളുടെ ടെസ്റ്റിംഗ് കേന്ദ്രം 2027 ല്‍ കൊച്ചിയില്‍ പൂര്‍ത്തിയാകും. റിവേഴ്സ് എന്‍ജിനീയറിംഗ് ഉള്‍പ്പെടെയുള്ള പരീക്ഷണങ്ങള്‍ ഇവിടെ നടത്താനാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംസ്ഥാനത്തിന്റെ പുരോഗമന നയങ്ങള്‍, നിക്ഷേപക സൗഹൃദ സംരംഭങ്ങള്‍, പെട്രോ കെമിക്കല്‍ പാര്‍ക്കിലെ മികച്ച അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവ ഉയര്‍ത്തി കാണിക്കുന്നതിനൊപ്പം അനുബന്ധ മേഖലകളും കോണ്‍ക്ലേവിൽ ചർച്ചയായി.

കെഎസ്ഐ‍ഡിസി എംഡി യും വ്യവസായവകുപ്പ് ഡയറക്ടറുമായ വിഷ്ണുരാജ് പി സ്വാഗതവും ബിപിസിഎല്‍ സിജിഎം(പ്രൊജക്ട്സ്-പിപി) ജയ് കിഷന്‍ സി നാഥ് നന്ദിയും പറഞ്ഞു. കേരള പ്ലാസ്റ്റിക് മാനുഫാക്ചേഴ്സ് അസോസിയേഷന്‍ വൈസ് പ്രസിഡന്റ് സിഎ ഷാഹുല്‍ ഹമീദ്, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പെട്രോകെമിക്കല്‍സ് ടെക്നോളജി ഡയറക്ടര്‍ ഡോ. കെ എ രാജേഷ് തുടങ്ങിയവര്‍ പ്രസം​ഗിച്ചു. ബിപിസിഎല്‍ പെട്രോ കെമിക്കലും അനുബന്ധ മേഖലകളും എന്ന വിഷയത്തില്‍ ബിപിസിഎല്‍ പെറ്റ്കെം ടാസ്ക്ഫോഴ്സ് ഹെഡ് അതുല്‍ ഖാന്‍വില്‍ക്കര്‍, പെട്രോകെമിക്കല്‍ പാര്‍ക്കും അനുബന്ധ അടിസ്ഥാന സൗകര്യങ്ങളും എന്ന വിഷയത്തില്‍ കിന്‍ഫ്ര എംഡി സന്തോഷ് കോശി തോമസ്, ഈസ് ഓഫ് ഡൂയിംഗ് ബിസിനസ് ആന്‍ഡ് വിഷന്‍ 2030 എന്ന വിഷയത്തില്‍ കെഎസ്ഐഡിസി ജന. മാനേജര്‍ വര്‍ഗീസ് മാളാക്കാരനും അവതരണങ്ങള്‍ നടത്തി.

X
Top