
കൊച്ചി: ഡിജിറ്റൽ പേയ്‌മെന്റ് ദാതാവായ പേടിഎം ഈ സാമ്പത്തിക വർഷത്തിന്റെ അവസാനത്തോടെ 1 ബില്യൺ ഡോളറിന്റെ വാർഷിക വരുമാനം നേടുന്ന ഇന്ത്യയിലെ ആദ്യത്തെ ഇന്റർനെറ്റ് കമ്പനിയായി മാറുമെന്ന് അതിന്റെ സ്ഥാപകനും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ (സിഇഒ) വിജയ് ശേഖർ ശർമ്മ പറഞ്ഞു. തങ്ങൾ 1 ബില്യൺ ഡോളർ എന്ന വരുമാന ലക്ഷ്യം ആത്മാർത്ഥമായി പിന്തുടരുകയാണെന്നും അദ്ദേഹം അഭിമുഖത്തിൽ പറഞ്ഞു. പേടിഎം ഷെയറുകളുടെ പബ്ലിക് ലിസ്റ്റിംഗ് തനിക്ക് ഒരു തരം ബിരുദമാണെന്നും പേടിഎമ്മിനെ ബ്രേക്ക് ഈവനിലേക്കും ലാഭത്തിലേക്കും കൊണ്ടുപോകാനുള്ള ശ്രമത്തിലാണ് താനെന്നും ശർമ്മ പറഞ്ഞു.
പേടിഎമ്മിന്റെ മാതൃ കമ്പനിയായ വൺ 97 കമ്മ്യൂണിക്കേഷൻസ് ലിമിറ്റഡ് അതിന്റെ ഐപിഒയിലൂടെ 2.5 ബില്യൺ ഡോളർ സമാഹരിച്ചിരുന്നു. എന്നാൽ വിപണിയിൽ അരങ്ങേറ്റം നടത്തി വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ കമ്പനിയുടെ ഓഹരി വില ഇഷ്യു വിലയ്‌ക്കെതിരെ പകുതിയിലധികം കുറഞ്ഞു. അതേസമയം, കമ്പനിയുടെ വാർഷിക റിപ്പോർട്ടിലെ ഷെയർഹോൾഡർമാർക്കുള്ള സന്ദേശത്തിൽ, ഒരു വലിയ ലാഭകരമായ കമ്പനി കെട്ടിപ്പടുക്കുന്നതിനും ദീർഘകാല ഓഹരി ഉടമകളുടെ മൂല്യം സൃഷ്ടിക്കുന്നതിനും കമ്പനി പ്രതിജ്ഞാബദ്ധമാണെന്ന് വിജയ് ശേഖർ ശർമ്മ പറഞ്ഞു.
തങ്ങളുടെ ഉപഭോക്താക്കൾക്ക് ലഭ്യമായ പേയ്‌മെന്റ് ഓഫറുകൾ വിപുലീകരിക്കുന്നതിൽ തങ്ങളുടെ ടീം ശ്രദ്ധ കേന്ദ്രീകരിക്കുന്നതായും, കമ്പനി അതിന്റെ ബിസിനസുകളിൽ കുതിപ്പ് കാണുകയാണെന്നും 2023 സെപ്റ്റംബറിൽ അവസാനിക്കുന്ന പാദത്തോടെ പ്രവർത്തന ലാഭം കൈവരിക്കാനുള്ള പാതയിലാണെന്നും ശർമ്മ വാർഷിക റിപ്പോർട്ടിൽ പറഞ്ഞു. പേടിഎം ഈയിടെ ഒന്നാം പാദത്തിലെ അവരുടെ ബിസിനസ് ഓപ്പറേറ്റിംഗ് പ്രകടനം പ്രഖ്യാപിച്ചിരുന്നു. ഈ കാലയളവിൽ ഫിൻടെക് സ്ഥാപനത്തിന്റെ പ്ലാറ്റ്‌ഫോമിലൂടെയുള്ള വിതരണങ്ങൾ 24,000 കോടി കവിഞ്ഞിരുന്നു.
കൂടാതെ 2023 സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ 8.5 ദശലക്ഷം വായ്പകൾ വിതരണം ചെയ്ത് കൊണ്ട് സ്ഥാപനം പുതിയ വായ്പാ നാഴികക്കല്ല് പിന്നിട്ടിരുന്നു. അതേസമയം, ഈ കാലയളവിൽ പേടിഎം പ്ലാറ്റ്‌ഫോമിൽ പ്രോസസ്സ് ചെയ്ത മൊത്തം മർച്ചന്റ് മൂല്യം ഏകദേശം ₹2.96 ലക്ഷം കോടിയാണ്, ഇത് 101% വാർഷിക വളർച്ചയെ അടയാളപ്പെടുത്തുന്നു.