
മുംബൈ: ലോകത്തെ ഏറ്റവുമുയർന്ന വിപണിമൂല്യമുള്ള മൂന്നാമത്തെ സ്റ്റോക്ക് എക്സ്ചേഞ്ച് കമ്പനി എന്ന നേട്ടം സ്വന്തമാക്കി ഇന്ത്യയുടെ നാഷനൽ സ്റ്റോക്ക് എക്സ്ചേഞ്ച് (എൻഎസ്ഇ). യുഎസ് സ്റ്റോക്ക് എക്സ്ചേഞ്ചായ നാസ്ഡാക്കിനെ നേരത്തേതന്നെ പിന്തള്ളിയ എൻഎസ്ഇ, ലണ്ടൻ, ജർമൻ സ്റ്റോക്ക് എക്സ്ചേഞ്ചുകളെയും പിന്നിലാക്കിയാണ് മൂന്നാംസ്ഥാനത്തേക്ക് കുതിച്ചത്.
ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്ത സ്റ്റോക്ക് എക്സ്ചേഞ്ചുകളുടെ പട്ടികയിലാണ് എൻഎസ്ഇയുടെ ഈ നേട്ടം. ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിലാണ് (ബിഎസ്ഇ) എൻഎസ്ഇയുടെ ഓഹരികൾ വ്യാപാരം ചെയ്യുന്നത്. 3.15% ഉയർന്നതോടെ എൻഎസ്ഇ ഓഹരിവില 52-ആഴ്ചത്തെ ഉയരമായ 2400 രൂപയിലും വിപണിമൂല്യം (മാർക്കറ്റ് ക്യാപ്) റെക്കോർഡ് 5.88 ലക്ഷം കോടി രൂപയിലും (64.1 ബില്യൻ ഡോളർ) എത്തിയിരുന്നു. ഇതോടെയാണ് മൂന്നാംസ്ഥാനവും ലഭിച്ചത്.
111.6 ബില്യൻ ഡോളർ വിപണിമൂല്യവുമായി യുഎസിലെ സിഎംഇ ഗ്രൂപ്പാണ് ഒന്നാംസ്ഥാനത്ത്. യുഎസിലെ തന്നെ ഇന്റർകോണ്ടിനന്റൽ എക്സ്ചേഞ്ച് 99.4 ബില്യനുമായി രണ്ടാമതുണ്ട്. ജർമൻ സ്റ്റോക്ക് എക്സ്ചേഞ്ചായ ഡോയിച് ബോഴ്സ് എജി 63.4 ബില്യനുമായി നാലാംസ്ഥാനത്തേക്ക് വീണു.
അഞ്ചാമതുള്ള ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിന്റെ വിപണിമൂല്യം 62.4 ബില്യൻ. നാസ്ഡാക് (യുഎസ്; 59.4 ബില്യൻ), ഹോങ്കോങ് എക്സ്ചേഞ്ചസ് (57.1 ബില്യൻ), സീബോ ഗ്ലോബൽ മാർക്കറ്റ്സ് (യുഎസ്, 36.7 ബില്യൻ) എന്നിവയാണ് യഥാക്രമം തൊട്ടടുത്ത സ്ഥാനങ്ങളിൽ.
1785 രൂപയായിരുന്നു എൻഎസ്ഇയുടെ ഐപിഒ വില. പിന്നീടു ഇക്കഴിഞ്ഞ ഒക്ടോബറിൽ റെക്കോർഡ് താഴ്ചയായ 1640 രൂപവരെ വില ഇടിഞ്ഞിരുന്നു. തുടർന്ന് നടത്തുന്ന മുന്നേറ്റമാണ് എൻഎസ്ഇയെ പുതിയ ഉയരത്തിൽ എത്തിച്ചത്.
ഒക്ടോബറിൽ ഓഹരിവില 34% ഉയർന്നു. നവംബറിലെ 18 സെഷനുകളിൽ പതിന്നാലിലും നേട്ടമുണ്ടാക്കി.






