
ക്രിപ്റ്റോകറൻസി നിക്ഷേപകർക്ക് നികുതി ഇളവുകളും, കൂടുതൽ വ്യക്തമായ നിയന്ത്രണങ്ങളും വേണമെന്ന ആവശ്യം. 2027 കേന്ദ്ര ബജറ്റിന് മുന്നോടിയായി ഭാരത് വെബ്3 അസോസിയേഷൻ (BWA), കേന്ദ്ര ധനമന്ത്രാലയത്തിന് അഞ്ച് പ്രധാന നിർദ്ദേശങ്ങൾ സമർപ്പിച്ചു.
വിദേശ എക്സ്ചേഞ്ചുകളിലേക്ക് നിക്ഷേപകർ മാറുന്നതിനാൽ കേന്ദ്രസർക്കാരിന് സഹസ്രകോടികളുടെ നഷ്ടമുണ്ടായതായ റിപ്പോർട്ടും ചൂണ്ടിക്കാണിച്ചു. ക്രിപ്റ്റോ ഇടപാടുകൾക്ക് നിലവിലുള്ള 1% ടിഡിഎസ് കുറയ്ക്കുക, നിക്ഷേപത്തിലെ നഷ്ടം മറ്റ് ലാഭവുമായി ക്രമീകരിക്കാനും അടുത്ത വർഷങ്ങളിലേക്ക് ക്യാരി ഓവർ ചെയ്യാനും അനുവദിക്കുക, ക്രിപ്റ്റോ ലാഭത്തിന് മേൽ ബാധകമായ 30% നികുതി പുനഃപരിശോധിക്കുക എന്നിവയാണ് പ്രധാന ആവശ്യങ്ങൾ.
ക്രിപ്റ്റോ നികുതിയിൽ മാറ്റം വേണമെന്ന് ആവശ്യം
നിലവിൽ ഇന്ത്യയിൽ വിർച്വൽ ഡിജിറ്റൽ ആസ്തികളിൽ (VDA) നിന്നുള്ള ലാഭത്തിന് 30% നികുതിയാണ് ബാധകം. കൂടാതെ, നിശ്ചിത ക്രിപ്റ്റോ ഇടപാടുകൾക്ക് 1% ടി.ഡി.എസും ഈടാക്കുന്നു.
ക്രിപ്റ്റോ നിക്ഷേപത്തിലെ നഷ്ടം, മറ്റ് ലാഭവുമായി തട്ടിക്കിഴിക്കാനോ അടുത്ത സാമ്പത്തിക വർഷങ്ങളിലേക്ക് ക്യാരി ഓവർ ചെയ്യാനോ നിലവിലെ വ്യവസ്ഥകൾ അനുവദിക്കുന്നില്ല. ഇത് നിക്ഷേപകർക്കും, സജീവമായി ഇടപാടുകൾ നടത്തുന്നവർക്കും വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നതായാണ് സംഘടനയുടെ വിലയിരുത്തൽ.
ബജറ്റിന് മുമ്പ് അഞ്ച് പ്രധാന ആവശ്യങ്ങൾ
ക്രിപ്റ്റോ മേഖലയിലെ നികുതി, നിയന്ത്രണ സംവിധാനങ്ങളിൽ മാറ്റം വരുത്തണമെന്ന് ഭാരത് വെബ്3 അസോസിയേഷൻ ആവശ്യപ്പെടുന്നു.
- 1% ടിഡിഎസ് കുറയ്ക്കുക : ക്രിപ്റ്റോ ഇടപാടുകളിൽ ഈടാക്കുന്ന ടി.ഡി.എസ് കുറച്ച് നിക്ഷേപകർക്ക് കൂടുതൽ പണം കൈവശം നിലനിർത്താൻ അവസരം നൽകണം.
- നഷ്ടം ക്രമീകരിക്കാൻ അനുവദിക്കുക : ക്രിപ്റ്റോ നിക്ഷേപത്തിലെ നഷ്ടം, മറ്റ് ക്രിപ്റ്റോ ലാഭവുമായി ക്രമീകരിക്കാനും അടുത്ത വർഷങ്ങളിലേക്ക് ക്യാരി ഓവർ ചെയ്യാനും അനുമതി നൽകണം.
- 30% നികുതി പുനഃപരിശോധിക്കുക : ക്രിപ്റ്റോ ലാഭത്തിന് ബാധകമായ ഉയർന്ന നികുതി നിരക്ക് കുറയ്ക്കുന്നത് പരിഗണിക്കണം.
- വിദേശ എക്സ്ചേഞ്ചുകൾക്കും ഇന്ത്യൻ നിയമങ്ങൾ ബാധകമാക്കുക : ഇന്ത്യയിലെ ഉപയോക്താക്കൾക്ക് സേവനം നൽകുന്ന വിദേശ ക്രിപ്റ്റോ പ്ലാറ്റ്ഫോമുകൾക്കും ഇന്ത്യൻ നികുതി, റിപ്പോർട്ടിങ് ചട്ടങ്ങൾ ബാധകമാക്കണം.
- വിദേശ ലിക്വിഡിറ്റി ഉപയോഗത്തിന് വ്യക്തത നൽകുക : ഇന്ത്യൻ ക്രിപ്റ്റോ പ്ലാറ്റ്ഫോമുകൾക്ക് വിദേശ എക്സ്ചേഞ്ചുകളിലൂടെ ആഗോള ലിക്വിഡിറ്റി ലഭ്യമാക്കുന്നതുമായി ബന്ധപ്പെട്ട നിയമങ്ങൾ വ്യക്തമാക്കണം.
വിദേശ പ്ലാറ്റ്ഫോമുകളിലേക്ക് ഇടപാടുകൾ മാറുന്നു
ഇന്ത്യയിലെ ഉയർന്ന നികുതി നിരക്കുകളും, നിയന്ത്രണങ്ങളും കാരണം ക്രിപ്റ്റോ ഇടപാടുകളുടെ വലിയൊരു ഭാഗം വിദേശ പ്ലാറ്റ്ഫോമുകളിലേക്ക് മാറിയതായി ഭാരത് വെബ്3 അസോസിയേഷൻ ചൂണ്ടിക്കാട്ടുന്നു.
TIOL നോളജ് ഫൗണ്ടേഷന്റെ റിപ്പോർട്ട് പ്രകാരം, 2025–26 സാമ്പത്തിക വർഷത്തിൽ ഇന്ത്യയിലെ ക്രിപ്റ്റോ ട്രേഡിങ് വോളിയത്തിന്റെ ഏകദേശം 95% വിദേശ എക്സ്ചേഞ്ചുകളിലേക്കാണ് മാറിയത്. ഇന്ത്യൻ പ്ലാറ്റ്ഫോമുകളിലെ ഇടപാടുകളുടെ വിഹിതം 5.4% മാത്രമായിരുന്നു.
ഇന്ത്യയിൽ ഏകദേശം 3 കോടി സജീവ ക്രിപ്റ്റോ ഉപയോക്താക്കളുണ്ടെന്നാണ് റിപ്പോർട്ടിലെ കണക്ക്. 1% ടി.ഡി.എസ് നടപ്പാക്കിയതിനു പിന്നാലെ, 30 ലക്ഷം മുതൽ 50 ലക്ഷം വരെ ഉപയോക്താക്കൾ വിദേശ പ്ലാറ്റ്ഫോമുകളിലേക്ക് മാറിയതായും റിപ്പോർട്ട് സൂചിപ്പിക്കുന്നു.
സർക്കാരിന് നികുതി നഷ്ടമുണ്ടാകുമോ?
ഇടപാടുകൾ വിദേശ പ്ലാറ്റ്ഫോമുകളിലേക്ക് മാറുന്നത് സർക്കാരിന്റെ നികുതി വരുമാനത്തെയും ബാധിക്കാമെന്നാണ് റിപ്പോർട്ടിന്റെ വിലയിരുത്തൽ. 2025–26 സാമ്പത്തിക വർഷം വരെ വിദേശ പ്ലാറ്റ്ഫോമുകളിലേക്ക് ഇടപാടുകൾ മാറിയതിലൂടെ ഏകദേശം 19,049 കോടി രൂപയുടെ ടി.ഡി.എസ് വരുമാനവും 57,147 കോടി രൂപയുടെ മൂലധന നേട്ട നികുതി വരുമാനവും നഷ്ടമായിരിക്കാമെന്ന് റിപ്പോർട്ട് കണക്കാക്കുന്നു.
ഇന്ത്യൻ പ്ലാറ്റ്ഫോമുകൾക്ക് തുല്യമായ മത്സര സാഹചര്യം ഉറപ്പാക്കുകയും, ഉപയോക്താക്കളെ നിയമാനുസൃതമായ ആഭ്യന്തര സംവിധാനങ്ങളിലേക്ക് തിരികെ കൊണ്ടുവരികയും ചെയ്യുകയാണ് നിർദേശങ്ങളുടെ പ്രധാന ലക്ഷ്യം.
പ്രതീക്ഷയോടെ ബജറ്റ് 2027
2026–27ലെ കേന്ദ്ര ബജറ്റിൽ ക്രിപ്റ്റോ നികുതി വ്യവസ്ഥകളിൽ മാറ്റമുണ്ടായിരുന്നില്ല. അതിനാൽ 2027 ബജറ്റിൽ നികുതി ഇളവുകളും, വ്യക്തമായ നിയന്ത്രണങ്ങളും പ്രഖ്യാപിക്കുമെന്നാണ് ക്രിപ്റ്റോ മേഖലയുടെ പ്രതീക്ഷ.
നികുതി കുറയ്ക്കുന്നതിനൊപ്പം വിദേശ പ്ലാറ്റ്ഫോമുകൾക്ക് കൂടുതൽ കർശനമായ റിപ്പോർട്ടിങ് ചട്ടങ്ങൾ ഏർപ്പെടുത്തുകയും ഇന്ത്യൻ പ്ലാറ്റ്ഫോമുകൾക്ക് വ്യക്തമായ നിയമപരമായ മാർഗനിർദേശങ്ങൾ നൽകുകയും വേണമെന്നാണ് ആവശ്യം.
എന്നാൽ, ഈ നിർദേശങ്ങൾ നിലവിൽ വ്യവസായ സംഘടനയുടെ ആവശ്യങ്ങൾ മാത്രമാണ്. 2027 കേന്ദ്ര ബജറ്റിൽ സർക്കാർ ഇവ അംഗീകരിക്കുമെന്ന ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിട്ടില്ല.






