Alt Image
തീരുവ ഭീഷണിക്ക് പിന്നാലെ യുഎസിന് മറുപടിയുമായി ഇന്ത്യ ◆ നിര്‍മ്മാണ ഉപകരണങ്ങള്‍ ഇന്ത്യയില്‍ തന്നെ നിര്‍മ്മിക്കാൻ 11,000 കോടിയുടെ പദ്ധതി ◆ ഇന്ത്യയില്‍ സംരംഭക വിപ്ലവം; എംഎസ്എംഇ രജിസ്‌ട്രേഷനുകൾ പത്ത് കോടി പിന്നിട്ടു ◆ പഞ്ചസാര ഇറക്കുമതിക്ക് ഇളവ് നീട്ടി കേന്ദ്രം; ഉല്‍പ്പാദനം പത്ത് വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയിലേക്ക്? ◆ ആഗോള ബാങ്കിങ് മേഖല സ്ഥിരതയോടെ മുന്നോട്ട് പോകുമെന്ന് മൂഡീസ് ◆

രാജ്യത്ത് ഗോതമ്പുകൃഷിയിൽ 26 വർഷത്തിനിടയിലെ ഏറ്റവും വലിയ ഇടിവിന് സാധ്യത

ന്യൂഡൽഹി: രൂക്ഷമായ ജലക്ഷാമവും മഴക്കുറവും കാരണം രാജ്യത്ത് ഗോതമ്പുകൃഷിയുടെ വിസ്തൃതിയിൽ 26 വർഷത്തിനിടയിലെ ഏറ്റവും വലിയ ഇടിവിന് സാധ്യത. ഒരു പതിറ്റാണ്ടിലേറെയായി ലഭിച്ചതിൽ ഏറ്റവും കുറഞ്ഞ മൺസൂൺ മഴയാണ് കർഷകരെ പ്രതിസന്ധിയിലാക്കിയത്.

ഇതോടെ, കുറഞ്ഞ വെള്ളത്തിൽ കൃഷി ചെയ്യാവുന്നതും കൂടുതൽ വരുമാനം നൽകുന്നതുമായ മറ്റ് വിളകളിലേക്ക് കർഷകർ മാറുകയാണ്.

ലോകത്തിലെ രണ്ടാമത്തെ വലിയ ഗോതമ്പ് ഉൽപാദക രാജ്യമാണ് ഇന്ത്യ. കൃഷിയിറക്കുന്ന സ്ഥലം കുറയുന്നതിനൊപ്പം ശക്തമായ എൽ നിനോ കാലാവസ്ഥാ പ്രതിഭാസം വിളവിനെയും ബാധിച്ചേക്കും. ഇത് ഗോതമ്പ് ഉൽപാദനം കുറയ്ക്കാനും വിപണിയിൽ വില കുതിച്ചുയരാനും കാരണമാകും.

രാജ്യത്തെ ഭക്ഷ്യവിലക്കയറ്റം നിയന്ത്രിക്കാനുള്ള സർക്കാർ ശ്രമങ്ങൾക്കും ഇത് വലിയ വെല്ലുവിളിയാകും. ഗോതമ്പ് കൃഷിക്ക് കുറഞ്ഞത് നാലോ അഞ്ചോ തവണയെങ്കിലും ജലസേചനം ആവശ്യമാണ്.

എന്നാൽ നിലവിൽ വിതയ്ക്കാൻ പോലും ആവശ്യമായ വെള്ളം ലഭ്യമല്ലാത്തതിനാൽ, കുറഞ്ഞ ജലം മാത്രം മതിയാകുന്ന കടല കൃഷി ചെയ്യാൻ തീരുമാനിച്ചിരിക്കുകയാണ് മഹാരാഷ്ട്രയിലെ ഭൂരിഭാഗം കർഷകരും. ശൈത്യകാലത്ത് വിതയ്ക്കുന്ന പ്രധാന വിളയായ ഗോതമ്പിന് പകരമായി കടുക്, കടല, ചോളം എന്നിവയാണ് കർഷകർ ഇപ്പോൾ പ്രധാനമായും തിരഞ്ഞെടുക്കുന്നത്.

എൽ നിനോ പ്രതിഭാസത്തെ തുടർന്ന് ജൂൺ മുതൽ സെപ്റ്റംബർ വരെയുള്ള മൺസൂൺ മഴ ഒരു പതിറ്റാണ്ടിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലെത്തിയിരുന്നു. പ്രധാന ഗോതമ്പ് ഉൽപാദക സംസ്ഥാനങ്ങളായ പഞ്ചാബ്, രാജസ്ഥാൻ, മധ്യപ്രദേശ്, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ മഴ ശരാശരിയേക്കാൾ 41 ശതമാനം വരെയാണ് കുറഞ്ഞത്.

സർക്കാർ കണക്കുകൾ പ്രകാരം നവംബർ 13 വരെ രാജ്യത്ത് 50 ലക്ഷം ഹെക്ടറിൽ (ഏകദേശം 1.2 കോടി ഏക്കർ) മാത്രമാണ് ഗോതമ്പ് വിതച്ചത്. മുൻവർഷത്തെ ഇതേ കാലയളവിനേക്കാൾ 15.3 ശതമാനം കുറവാണിത്.

കഴിഞ്ഞ വർഷം ഗോതമ്പുകൃഷി റെക്കോർഡ് നിലവാരമായ 3.36 കോടി ഹെക്ടറിൽ (8.3 കോടി ഏക്കർ) എത്തിയിരുന്നു. എന്നാൽ 2026-27 സീസണിൽ ഇതിൽ ഏകദേശം 6 ശതമാനം കുറവുണ്ടാകുമെന്നാണ് വിലയിരുത്തൽ.

നാലു വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ വിസ്തൃതിയും, 2000-01 വർഷത്തിനു ശേഷമുള്ള ഏറ്റവും വലിയ ഇടിവുമായിരിക്കും ഇത്.

X
Top