
മുംബൈ: ഇന്ത്യയുടെ ചെറുകിട വ്യവസായ മേഖലയില്‍ പുതിയ ചരിത്രനേട്ടം! രാജ്യത്തെ ഉദ്യം രജിസ്‌ട്രേഷന്‍ പോര്‍ട്ടലിലും ഉദ്യം അസിസ്റ്റ് പ്ലാറ്റ്ഫോമിലുമായി രജിസ്‌ട്രേഷനുകളുടെ എണ്ണം 10 കോടി പിന്നിട്ടു.
ഒക്ടോബര്‍ 30-നാണ് രാജ്യം ഈ നാഴികക്കല്ല് പിന്നിട്ടതെന്ന് എംഎസ്എംഇ മന്ത്രാലയം അറിയിച്ചു. 2020-ല്‍ വെറും 1.02 കോടിയായിരുന്ന രജിസ്‌ട്രേഷനുകളാണ് ആറ് വര്‍ഷത്തിനിടെ പത്തിരട്ടിയോളം വര്‍ധിച്ച് 10 കോടിയിലെത്തിയത്.
കടലാസ് ഫയലുകളില്‍ നിന്ന് ഡിജിറ്റലിലേക്കുള്ള മാറ്റമാണ് ഈ കുതിപ്പിന് പിന്നില്‍. 2020 ജൂലൈ ഒന്നിനാണ് ലളിതവും സുതാര്യവും പൂര്‍ണമായും കടലാസ് രഹിതവുമായ ഉദ്യം രജിസ്‌ട്രേഷന്‍ പോര്‍ട്ടല്‍ ആരംഭിച്ചത്.
ആധാര്‍, പാന്‍ വിവരങ്ങള്‍ ജിഎസ്ടി, ആദായനികുതി ഡാറ്റാബേസുകളുമായി ബന്ധിപ്പിച്ചതോടെ രേഖകള്‍ ആവര്‍ത്തിച്ച് നല്‍കേണ്ടതില്ലാതായി. രജിസ്‌ട്രേഷന്‍ പൂര്‍ണമായും സൗജന്യമാണ് എന്നതും സംരംഭകരെ ആകര്‍ഷിച്ചു. അനൗപചാരിക മേഖലയിലെ സൂക്ഷ്മ സംരംഭങ്ങളെ കൂടി ഔപചാരിക സമ്പദ്വ്യവസ്ഥയിലേക്ക് എത്തിക്കാന്‍ 2023-ല്‍ ഉദ്യം അസിസ്റ്റ് പ്ലാറ്റ്ഫോമും തുടങ്ങി.
ഈ രജിസ്‌ട്രേഷന്‍ സംരംഭകര്‍ക്ക് വെറുമൊരു സര്‍ട്ടിഫിക്കറ്റല്ല. സ്ഥാപനപരമായ വായ്പകളിലേക്കും സര്‍ക്കാര്‍ പദ്ധതികളിലേക്കുമുള്ള വാതിലാണ് ഇത് തുറക്കുന്നത്. ക്രെഡിറ്റ് ഗ്യാരണ്ടി പദ്ധതി, മുന്‍ഗണനാ മേഖലാ വായ്പ, Prime Minister’s Employment Generation Programme തുടങ്ങിയവയുടെ പ്രയോജനം നേടാന്‍ രജിസ്‌ട്രേഷന്‍ സഹായിക്കുന്നു.
ചെറുകിട സംരംഭങ്ങള്‍ക്ക് ബാങ്കുകളില്‍ നിന്നും ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നും എളുപ്പത്തില്‍ വായ്പ ലഭിക്കാനും ഇതിലൂടെ സാധിക്കുന്നു.
ഈ വളര്‍ച്ചയില്‍ ഏറ്റവും ശ്രദ്ധേയമായത് വനിതാ സംരംഭകരുടെ കുതിപ്പാണ്. ആകെ രജിസ്‌ട്രേഷനുകളില്‍ 3.76 കോടി വനിതകള്‍ നയിക്കുന്ന സംരംഭങ്ങളാണ്. അതായത് മൊത്തം രജിസ്‌ട്രേഷന്റെ 37.8 ശതമാനവും വനിതാ സംരംഭങ്ങളുടേതാണ്.
രാജ്യത്തെ ചെറുകിട സംരംഭകത്വത്തിന്റെ വളര്‍ച്ചയ്‌ക്കൊപ്പം സ്ത്രീകളുടെ സാമ്പത്തിക പങ്കാളിത്തവും ശക്തിപ്പെടുന്നുവെന്നതിന്റെ വലിയ തെളിവാണ് ഈ കണക്കുകള്‍.






