Alt Image
തീരുവ ഭീഷണിക്ക് പിന്നാലെ യുഎസിന് മറുപടിയുമായി ഇന്ത്യ ◆ നിര്‍മ്മാണ ഉപകരണങ്ങള്‍ ഇന്ത്യയില്‍ തന്നെ നിര്‍മ്മിക്കാൻ 11,000 കോടിയുടെ പദ്ധതി ◆ ഇന്ത്യയില്‍ സംരംഭക വിപ്ലവം; എംഎസ്എംഇ രജിസ്‌ട്രേഷനുകൾ പത്ത് കോടി പിന്നിട്ടു ◆ പഞ്ചസാര ഇറക്കുമതിക്ക് ഇളവ് നീട്ടി കേന്ദ്രം; ഉല്‍പ്പാദനം പത്ത് വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയിലേക്ക്? ◆ ആഗോള ബാങ്കിങ് മേഖല സ്ഥിരതയോടെ മുന്നോട്ട് പോകുമെന്ന് മൂഡീസ് ◆

തീരുവ ഭീഷണിക്ക് പിന്നാലെ യുഎസിന് മറുപടിയുമായി ഇന്ത്യ

ന്യൂഡൽഹി: തങ്ങളുടെ വ്യാവസായിക, വ്യാപാര നയങ്ങൾ അധിക ഉൽപ്പാദന ശേഷിക്ക് കാരണമാകുന്നുവെന്ന യു.എസ് ആരോപണങ്ങൾ ഇന്ത്യ തള്ളി. ഒരു മേഖലയിലും തങ്ങൾക്ക് അധിക ഉൽപ്പാദനമില്ലെന്നും, വ്യാപാര സംബന്ധമായ ആശങ്കകൾ നിലവിലുള്ള ഉഭയകക്ഷി ചർച്ചകളിലൂടെയാണ് പരിഹരിക്കേണ്ടതെന്നും ഇന്ത്യ വ്യക്തമാക്കി. ഇന്ത്യൻ ഇറക്കുമതികൾക്ക് 25 ശതമാനം വരെ തീരുവ ഏർപ്പെടുത്താൻ യു.എസ് നിർദ്ദേശിച്ചതിന് പിന്നാലെയാണ് ഇന്ത്യയുടെ ഈ പ്രതികരണം.

ഇന്ത്യയിൽ നിന്നുള്ള ഇറക്കുമതിക്ക് 25 ശതമാനം തീരുവയാണ് യു.എസ് ട്രേഡ് റെപ്രസന്റേറ്റീവ് നിർദ്ദേശിച്ചിരിക്കുന്നത്. എന്നാൽ, ഇരുരാജ്യങ്ങളും തമ്മിൽ വ്യാപാര കരാറിൽ ഏർപ്പെടുകയാണെങ്കിൽ ഇത് 17 ശതമാനമായി പരിമിതപ്പെടുത്താമെന്ന വ്യവസ്ഥയുമുണ്ട്. ഇന്ത്യ ഉൾപ്പെടെയുള്ള വിവിധ സമ്പദ്‌വ്യവസ്ഥകളിലെ ഉൽപ്പാദന മേഖലകളിൽ ഘടനാപരമായ അധിക ശേഷിയും ഉൽപ്പാദനവും ഉണ്ടെന്ന ആരോപണം സംബന്ധിച്ച ‘സെക്ഷൻ 301’ അന്വേഷണത്തിന്റെ ഭാഗമായാണ് ഈ നടപടികൾ.

യു.എസ്.ടി.ആറിന്‍റെ നോട്ടീസ് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും അത് നിലവിൽ പരിശോധിച്ചുവരികയാണെന്നും സർക്കാർ അറിയിച്ചു. അന്വേഷണത്തിലുടനീളം ഇന്ത്യ സഹകരിച്ചിട്ടുണ്ടെന്നും, ഇന്ത്യ-യു.എസ് ഉഭയകക്ഷി വ്യാപാര കരാറിനായുള്ള ചർച്ചകളുടെ ചട്ടക്കൂടിനുള്ളിൽ നിന്നാണ് വ്യാപാര ആശങ്കകൾ പരിഹരിക്കേണ്ടതെന്നും ഇന്ത്യ ആവർത്തിച്ചു.

എന്താണ് സെക്ഷൻ 301 അന്വേഷണം?
1974ലെ യു.എസ് വ്യാപാര നിയമത്തിലെ സെക്ഷൻ 301 പ്രകാരം, അന്യായമെന്ന് കരുതുന്ന വിദേശ വ്യാപാര രീതികളെക്കുറിച്ച് അന്വേഷിക്കാനും തീരുവ ചുമത്തുന്നതുൾപ്പെടെയുള്ള പ്രതികാര നടപടികൾ സ്വീകരിക്കാനും യു.എസിന് അധികാരമുണ്ട്.

ഇത്തരം രീതികൾ യുക്തിരഹിതമോ വിവേചനപരമോ ആണോ എന്നും, അവ യു.എസ് വ്യാപാരത്തെ തടസപ്പെടുത്തുന്നുണ്ടോ എന്നും യു.എസ്.ടി.ആർ അന്വേഷിച്ച് തീരുമാനമെടുക്കും. നിയമലംഘനം കണ്ടെത്തിയാൽ അധിക തീരുവയോ മറ്റ് വ്യാപാര നിയന്ത്രണങ്ങളോ ഏർപ്പെടുത്താൻ യു.എസിന് സാധിക്കും.

14 സമ്പദ്‌വ്യവസ്ഥകളിലെ ഉൽപ്പാദന മേഖലകളിൽ ആരോപിക്കപ്പെടുന്ന ഘടനാപരമായ അധിക ശേഷിയെയും ഉൽപ്പാദനത്തെയും കുറിച്ചാണ് ഏറ്റവും പുതിയ അന്വേഷണം. ഈ രാജ്യങ്ങളിലെ വ്യാവസായിക നയങ്ങൾ, സബ്‌സിഡികൾ, തൊഴിൽ രീതികൾ, വിപണിയെ തകിടം മറിക്കുന്ന മറ്റ് നടപടികൾ എന്നിവ അമേരിക്കൻ ഉൽപ്പാദകരെയും കയറ്റുമതിയെയും തൊഴിലുകളെയും നിക്ഷേപത്തെയും ദോഷകരമായി ബാധിക്കുന്നുവെന്ന് ട്രംപ് ഭരണകൂടം വാദിക്കുന്നു.

ഫാർമസ്യൂട്ടിക്കൽസ്, മെഡിക്കൽ ഉപകരണങ്ങൾ, സ്റ്റീൽ, സോളാർ എനർജി, ഇൻഫർമേഷൻ ടെക്നോളജി തുടങ്ങിയ മേഖലകളിൽ നോൺ-മാർക്കറ്റ് സമ്പദ്‌വ്യവസ്ഥകളിൽ നിന്നുള്ള ഉൽപ്പാദന സാമഗ്രികളെ ആശ്രയിക്കുന്നതിനെക്കുറിച്ചും യു.എസ് ഉദ്യോഗസ്ഥർ ആശങ്ക ഉന്നയിച്ചിട്ടുണ്ട്.

ഇന്ത്യക്കെതിരായ യു.എസ് ആരോപണങ്ങൾ
വ്യാവസായിക, വ്യാപാര നയങ്ങളിലൂടെ ഇന്ത്യ ഘടനാപരമായ അധിക ഉൽപ്പാദന ശേഷിക്ക് സംഭാവന നൽകുന്നുവെന്നാണ് യു.എസ്.ടി.ആർ ആരോപിക്കുന്നത്. ഇന്ത്യയുടെ അഞ്ച് നടപടികളെയാണ് യു.എസ്.ടി.ആർ പ്രധാനമായും ചൂണ്ടിക്കാണിക്കുന്നത്: ഉൽപ്പാദനം വർധിപ്പിക്കാനുള്ള വ്യാവസായിക പദ്ധതികൾ, അപര്യാപ്തമായ തൊഴിൽ സംരക്ഷണം, സാമ്പത്തിക നിയന്ത്രണ നയങ്ങൾ, വിപണി പ്രവേശനത്തിനുള്ള തുടർച്ചയായ തടസങ്ങൾ, നോൺ-മാർക്കറ്റ് സമ്പദ്‌വ്യവസ്ഥകളിൽ നിന്നുള്ള ഇറക്കുമതിയിലൂടെയും നേരിട്ടുള്ള വിദേശ നിക്ഷേപത്തിലൂടെയും ഉണ്ടാകുന്ന ആഗോള അധിക ഉൽപ്പാദന ശേഷിയെ നേരിടുന്നതിലുള്ള പരാജയം എന്നിവയാണവ.

ഈ നടപടികൾ ഇന്ത്യയിലെയും മൂന്നാം കക്ഷി വിപണികളിലെയും അമേരിക്കൻ ഉൽപ്പാദകരുടെയും കയറ്റുമതിക്കാരുടെയും വാണിജ്യ അവസരങ്ങൾ കുറയ്ക്കുന്നുവെന്നും, യു.എസ് ഉൽപ്പാദനത്തിലും തൊഴിലിലും നിക്ഷേപത്തിലും നഷ്ടമുണ്ടാക്കുന്നുവെന്നും യു.എസ് ആരോപിക്കുന്നു.

ഫാർമസ്യൂട്ടിക്കൽസ്, മെഡിക്കൽ ഉപകരണങ്ങൾ എന്നിവയുൾപ്പെടുന്ന ആരോഗ്യ മേഖലയിലും സ്റ്റീൽ, സോളാർ, ഐ.സി.ടി മേഖലകളിലുമാണ് ഈ ആശങ്കകൾ ഏറ്റവും കൂടുതലുള്ളതെന്ന് യു.എസ് പറയുന്നു.

X
Top