
ഉന്നത നിലവാരമുള്ള റബ്ബര്‍ ഉല്‍പ്പന്നങ്ങളുടെ നിര്‍മാതാക്കളായ മാതംഗി റബ്ബര്‍ ലിമിറ്റഡ് അടുത്ത മാസം ആദ്യം പ്രാഥമിക ഓഹരി വില്‍പ്പനയ്‌ക്ക് ഒരുങ്ങുന്നു. ഡിസംബര്‍ ഒന്നിന് ആരംഭിക്കുന്ന ഐപിഒ ഡിസംബര്‍ മൂന്ന് വരെയാണ് സബ്‌സ്‌ക്രൈബ് ചെയ്യാവുന്നത്.
163-172 രൂപയാണ് ഇഷ്യു വില. 87 ഓഹരികള്‍ ഉള്‍പ്പെട്ടതാണ് ഒരു ലോട്ട്. ഡിസംബര്‍ 4ന് ഓഹരികളുടെ അലോട്ട്‌മെന്റ് നടക്കും. ഡിസംബര്‍ 8ന് ഓഹരികള്‍ എന്‍എസ്‌ഇയിലും ബിഎസ്‌ഇയിലും ലിസ്റ്റ് ചെയ്യും.
ഐപിഒയിലൂടെ 125.16 കോടി രൂപ സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.99.10 കോടി രൂപയുടെ പുതിയ ഓഹരികളുടെ വില്‍പ്പനയും 26.06 കോടി രൂപയുടെ ഓഫര്‍ ഫോര്‍ സെയിലും (ഒഎഫ്‌എസ്) ഉള്‍പ്പെട്ടതാണ് ഐപിഒ. ഐപിഒയുടെ 50 ശതമാനം നിക്ഷേപക സ്ഥാപനങ്ങള്‍ക്കും 15 ശതമാനം ഉയര്‍ന്ന ആസ്‌തിയുള്ള വ്യക്തികള്‍ക്കും 35 ശതമാനം ചില്ലറ നിക്ഷേപകര്‍ക്കും മാറ്റിവെച്ചിരിക്കുന്നു.
പുതിയ ഓഹരികളുടെ വില്‍പ്പന വഴി സമാഹരിക്കുന്ന തുക കടം തിരിച്ചടയ്‌ക്കുന്നതിനും മൂലധന ചെലവിനും പൊതുവായ കോര്‍പ്പറേറ്റ് ആവശ്യങ്ങള്‍ക്കും വിനിയോഗിക്കും. 2025-26 സാമ്പത്തികവര്‍ഷത്തിലെ കമ്പനിയുടെ ലാഭം 22.40 കോടി രൂപയാണ്. ഇത് മുന്‍വര്‍ഷം 20.03 കോടി രൂപയായിരുന്നു.
വരുമാനം 101.32 കോടി രൂപയില്‍ നിന്നും 115.52 കോടി രൂപയായി ഉയര്‍ന്നു. ഉയര്‍ന്ന ഇഷ്യു വിലയുടെ അടിസ്ഥാനത്തില്‍ കമ്പനിയുടെ വിപണിമൂല്യം 492.22 കോടി രൂപയായിരിക്കും.






