
തിരുവനന്തപുരം: കേരള ബാങ്കിനെ നബാർഡ് ‘സി’ ഗ്രേഡിൽ നിന്ന് ‘ബി’യിലേക്ക് ഉയർത്തി. ഗ്രേഡിങ് ‘സി’ യിലേക്ക് താഴാനിടയായ കാരണങ്ങൾ കണ്ടെത്തി പരിഹരിച്ചതിന്റെ അടിസ്ഥാനത്തിലാണ് പരിശോധനയിൽ ‘ബി’ ലഭിച്ചത്.
ഇതോടൊപ്പം എൻ.ആർ.ഐ ബാങ്കിങ്ങിനുള്ള ആർ.ബി.ഐ അനുമതി നേടിയെടുക്കുന്നതടക്കമുള്ള വികസന പദ്ധതികൾ നടപ്പാക്കിവരികയാണെന്ന് മന്ത്രി വി.എൻ. വാസവൻ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.
ജനുവരിയിൽ 50000 കോടിയായിരുന്ന വായ്പ ബാക്കിനിൽപ് മാർച്ച് അവസാനിക്കുന്നതോടെ, 52000 കോടിയിലെത്തും. നടപ്പുസാമ്പത്തിക വർഷം 18000 കോടി രൂപയിലധികം വായ്പയായി വിതരണം ചെയ്യാനായി.
സാമ്പത്തിക വർഷം അവസാനിക്കുന്ന സാഹചര്യത്തിൽ സഞ്ചിത നഷ്ടം പൂർണമായും നികത്തി ബാങ്ക് അറ്റലാഭത്തിലും നിഷ്ക്രിയ ആസ്തി റിസർവ് ബാങ്ക് മാനദണ്ഡപ്രകാരം ഏഴ് ശതമാനത്തിന് താഴെയും എത്തിക്കാനുള്ള ശ്രമങ്ങൾ നടത്തുന്നു.
ഇതോടെ, എൻ.ആർ.ഐ ബാങ്കിങ് ലൈസൻസ്, ഇന്റർനെറ്റ്/തേർഡ്പാർട്ടി ബിസിനസ് ലൈസൻസുകൾ എന്നിവ ലഭ്യമാകും. ഇതോടെ, വാണിജ്യബാങ്കുകൾ നൽകുന്ന എല്ലാ സേവനങ്ങളും കേരള ബാങ്കിന് ഉപഭോക്താക്കൾക്ക് ലഭ്യമാക്കാനാവും.
നിലവിൽ മൊബൈൽ ആപ് അധിഷ്ഠിത ബാങ്കിങ്ങിൽ സ്ഥിരനിക്ഷേപ അക്കൗണ്ട് തുടങ്ങൽ, പുതുക്കൽ തുടങ്ങിയവ ആരംഭിച്ചിട്ടുണ്ട്. ബാങ്കിന്റെ ആകെ വായ്പയുടെ 25 ശതമാനവും കാർഷിക മേഖലയിലാണ്. ഇത് പുതിയ സാമ്പത്തിക വർഷം 33 ശതമാനമായി ഉയരും.
നെൽകർഷകർക്ക് നെല്ല് അളന്ന ദിവസംതന്നെ പണംനൽകുന്ന രീതിയിൽ പി.ആർ.എസ് വായ്പ സമ്പൂർണമായും കേരള ബാങ്കിലൂടെ നൽകാനുള്ള സന്നദ്ധത സർക്കാറിനെ അറിയിച്ചിട്ടുണ്ട്.
വ്യവസായ മേഖലയിലും വായ്പാപിന്തുണ നൽകുന്ന ഇടപെടൽ കേരള ബാങ്ക് നടത്തുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
വാർത്തസമ്മേളനത്തിൽ ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കൽ, വൈസ് പ്രസിഡന്റ് എം.കെ. കണ്ണൻ, ബോർഡ് ഓഫ് മാനേജ്മെന്റ് ചെയർമാൻ വി. രവീന്ദ്രൻ, ചീഫ് എക്സിക്യൂട്ടിവ് ഓഫിസർ ജോർട്ടി എം. ചാക്കോ, ഭരണ സമിതി അംഗങ്ങൾ എന്നിവർ പങ്കെടുത്തു.