എണ്ണ ഇറക്കുമതി റെക്കോര്‍ഡ് ഉയരത്തില്‍പ്രത്യക്ഷ നികുതി വരുമാനത്തിൽ ഇടിവ്രാജ്യത്തെ ബിസിനസ് പ്രവര്‍ത്തനങ്ങളില്‍ വന്‍ കുതിപ്പെന്ന് സര്‍വേ റിപ്പോര്‍ട്ട്വൈദ്യുതോല്‍പ്പാദനത്തില്‍ പകുതിയും ഫോസില്‍ രഹിതമെന്ന് റിപ്പോര്‍ട്ട്വരുമാനം കുറച്ച് കാണിക്കുന്ന അതിസമ്പന്നരുടെ മേൽ സൂക്ഷ്മ നിരീക്ഷണത്തിന് ഐടി വകുപ്പ്

തുര്‍ക്കി ഫാഷന്‍ ബ്രാന്‍ഡുകളെ പുറത്താക്കി മിന്ത്രയും അജിയോയും

ന്യൂഡെല്‍ഹി: തുര്‍ക്കി ടൂറിസത്തിന് പിന്നാലെ തുര്‍ക്കി ഫാഷന്‍ ബ്രാന്‍ഡുകള്‍ക്കും ഇന്ത്യയില്‍ തിരിച്ചടി. ഇ-കൊമേഴ്‌സ് ഫാഷന്‍ പ്ലാറ്റ്‌ഫോമുകളായ മിന്ത്രയും അജിയോയും ജനപ്രിയ തുര്‍ക്കി ബ്രാന്‍ഡുകളുടെ വസ്ത്രങ്ങള്‍ വില്‍ക്കുന്നത് അവസാനിപ്പിച്ചു.

പഹല്‍ഗാം ഭീകരാക്രമണത്തിന് ശേഷം നടന്ന സംഘര്‍ഷത്തില്‍ പാകിസ്ഥാനെ കൈയയച്ചു സഹായിച്ചതിനുള്ള തിരിച്ചടിയായി തുര്‍ക്കിയെ ബഹിഷ്‌കരിക്കാനുള്ള കാപെയ്ന്‍ ഇന്ത്യയില്‍ ശക്തമാകവെയാണ് തീരുമാനം.

ആദ്യ ഘട്ടത്തില്‍ തുര്‍ക്കിയിലേക്കുള്ള വിനോദയാത്രാ ബുക്കിംഗുകള്‍ ഇന്ത്യക്കാര്‍ വ്യാപകമായി റദ്ദാക്കിയിരുന്നു. പിന്നാലെ വിമാനത്താവളങ്ങളില്‍ ഗ്രൗണ്ട് ഹാന്‍ഡ്‌ലിംഗ് സേവനങ്ങള്‍ നല്‍കിയിരുന്ന തുര്‍ക്കി കമ്പനിയായ സെലെബിയുടെ സുരക്ഷാ അനുമതി കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കി. തുര്‍ക്കി ഫാഷന്‍ ബ്രാന്‍ഡുകളെ ലക്ഷ്യമിട്ടുള്ള മിന്ത്രയുടെയും അജിയോയുടെയും നീക്കം ഉപഭോക്താക്കളില്‍ നിന്നുള്ള ശക്തമായ ആവശ്യം കണക്കിലെടുത്താണ്.

ട്രെന്‍ഡിയോള്‍ പുറത്ത്
ഫ്‌ളിപ്കാര്‍ട്ടിന്റെ ഉടമസ്ഥതയിലുള്ള മിന്ത്രയായിരുന്നു പ്രമുഖ തുര്‍ക്കി ബ്രാന്‍ഡായ ട്രെന്‍ഡിയോളിന്റെ (Trendyol) ഇന്ത്യയിലെ വില്‍പ്പനാവകാശം സ്വന്തമാക്കിയിരുന്നത്. സ്ത്രീകളുടെ പാശ്ചാത്യ ശൈലിയിലുള്ള വസ്ത്രങ്ങള്‍ക്ക് പേരുകേട്ട ബ്രാന്‍ഡാണ് ട്രെന്‍ഡിയോള്‍. ചൈനീസ് കമ്പനിയായ ആലിബാബയുടെ പിന്തുണയുള്ള കമ്പനി കൂടിയാണിത്.

തുര്‍ക്കിയുമായുള്ള ബന്ധം മോശമായതോടെ മിന്ത്ര കഴിഞ്ഞയാഴ്ച മുതല്‍ നിശബ്ദമായി തങ്ങളുടെ സൈറ്റില്‍ നിന്ന് തുര്‍ക്കി ഉല്‍പ്പന്നങ്ങള്‍ നീക്കം ചെയ്യാന്‍ തുടങ്ങി. വ്യാഴാഴ്ചയോടെ, എല്ലാ ടര്‍ക്കിഷ് വസ്ത്ര ഇനങ്ങളും നീക്കം ചെയ്തതായി കമ്പനി വ്യക്തമാക്കി.

ബ്രാന്‍ഡ് പങ്കാളിത്തങ്ങള്‍ പുനരവലോകനം ചെയ്തു വരികയാണെന്നും മിന്ത്ര സൂചിപ്പിച്ചു.

മാവിയും കോട്ടണും നീക്കി അജിയോ
റിലയന്‍സിന്റെ ഉടമസ്ഥതയിലുള്ള അജിയോയും പ്രമുക തുര്‍ക്കി ബ്രാന്‍ഡുകള്‍ ഒഴിവാക്കി ബോയ്‌കോട്ട് തുര്‍ക്കി കാംപെയ്‌നിന്റെ ഭാഗമായി. കോട്ടണ്‍ (Koton), എല്‍സി വൈകീക്കി (LC Waikiki), മാവി (Mavi) തുടങ്ങിയ ടര്‍ക്കിഷ് ഫാഷന്‍ ബ്രാന്‍ഡുകളുടെ വില്‍പ്പനയാണ് അജിയോ നിര്‍ത്തിവെച്ചത്.

ഈ ഉല്‍പ്പന്നങ്ങളൊന്നും ഇപ്പോള്‍ ‘സ്റ്റോക്കില്ല’ എന്ന് പ്ലാറ്റ്‌ഫോമില്‍ കാണിക്കുന്നു.

രാജ്യത്തിന്റെ മൂല്യങ്ങളും വികാരങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ കമ്പനി അതിന്റെ ഉല്‍പ്പന്ന പട്ടിക പുനരവലോകനം ചെയ്യുകയാണെന്ന് റിലയന്‍സ് വക്താവ് പ്രതികരിച്ചു.

തുര്‍ക്കി ഓഫീസ് അടച്ച് റിലയന്‍സ്
തുര്‍ക്കിയിലെ ഓഫീസ് റിലയന്‍സ് അടച്ചുപൂട്ടുകയും അജിയോയില്‍ നിന്ന് എല്ലാ ടര്‍ക്കിഷ് ബ്രാന്‍ഡുകളും നീക്കം ചെയ്യുമെന്ന് സ്ഥിരീകരിക്കുകയും ചെയ്തു.

നടപടികള്‍ കഴിഞ്ഞ ആഴ്ചയുടെ തുടക്കത്തില്‍ ആരംഭിച്ചതായും വെള്ളിയാഴ്ച പൂര്‍ത്തിയായതായും വിഷയത്തില്‍ ഉള്‍പ്പെട്ട ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു. തുര്‍ക്കി ടെക്‌സ്‌റ്റൈല്‍ കമ്പനിയായ ക്വാങ്ക് ടെക്‌സ്റ്റൈലുമായുള്ള മുന്‍ പങ്കാളിത്തം അവസാനിപ്പിച്ചെന്നും കമ്പനി വ്യക്തമാക്കി.

ബഹിഷ്‌കരണവുമായി സിഎഐടി
രാജ്യത്തെ 125 ല്‍ അധികം വ്യാപാര സംഘടനകളെ പ്രതിനിധീകരിക്കുന്ന കോണ്‍ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ ട്രേഡേഴ്സ് (സിഎഐടി) എല്ലാ ഇന്ത്യന്‍ ബിസിനസുകളും തുര്‍ക്കിയുമായും അസര്‍ബൈജാനുമായും ഉള്ള വ്യാപാരം നിര്‍ത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പ്രമേയം പാസാക്കിയിരുന്നു.

ഇരു രാജ്യങ്ങളു തമ്മിലുള്ള ഇറക്കുമതി, കയറ്റുമതി, ടൂറിസം എന്നിവ നിരോധിക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോടും സംഘടന ആവശ്യപ്പെട്ടു.

തുര്‍ക്കി, അസര്‍ബൈജാന്‍ കമ്പനികളുമായി വ്യാപാരം നടത്തരുതെന്ന് കയറ്റുമതിക്കാര്‍ക്കും ഇറക്കുമതിക്കാര്‍ക്കും വ്യാപാരികളുടെ സംഘടന മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇരു രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ വാണിജ്യ ബന്ധം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് വാണിജ്യ വ്യവസായ മന്ത്രാലയത്തിനും വിദേശകാര്യ മന്ത്രാലയത്തിനും കത്ത് അയയ്‌ക്കാനും പദ്ധതിയിടുന്നു.

തുര്‍ക്കിയിലോ അസര്‍ബൈജാനിലോ ചിത്രീകരിക്കുന്ന ഇന്ത്യന്‍ സിനിമകള്‍ ബഹിഷ്‌കരിക്കുമെന്നും സിഎഐടി പറഞ്ഞു. ഈ രാജ്യങ്ങളില്‍ ചിത്രീകരണം നടത്തരുതെന്ന് ചലച്ചിത്ര നിര്‍മ്മാണ കമ്പനികളോട് സിഎഐടി ആവശ്യപ്പെട്ടു.

X
Top