
കൊച്ചി: കേരളം ആസ്ഥാനമായ ബാങ്ക് ഇതര ധനകാര്യ സ്ഥാപനവും രാജ്യത്തെ ഏറ്റവും വലിയ സ്വർണപ്പണയ സ്ഥാപനവുമായ മുത്തൂറ്റ് ഫിനാൻസ് ഇക്കഴിഞ്ഞ സാമ്പത്തിക വർഷത്തെ (2024-25) അവസാനപാദമായ ജനുവരി-മാർച്ചിൽ (Q4) രേഖപ്പെടുത്തിയത് റെക്കോർഡ് ലാഭം.
കമ്പനിയുടെ സംയോജിത ലാഭം അഥവാ ഉപകമ്പനികളുടെയും ചേർത്തുള്ള ലാഭം മുൻവർഷത്തെ സമാനപാദത്തിലെ 1,182 കോടി രൂപയിൽ നിന്ന് 22% ഉയർന്ന് 1,444 കോടി രൂപയായി. മൊത്തം വായ്പാമൂല്യം 89,079 കോടി രൂപയിൽ നിന്ന് 37 ശതമാനം വർധിച്ച് റെക്കോർഡ് 1.22 ലക്ഷം കോടി രൂപയിലെത്തി.
ഇതിൽ മുത്തൂറ്റ് ഫിനാൻസിന്റെ മാത്രം വായ്പാമൂല്യം 41% ഉയർന്ന് 1.06 ലക്ഷം കോടി രൂപയാണ്. ഉപകമ്പനികളുടേത് 15% മെച്ചപ്പെട്ട് 15,763 കോടി രൂപ. മുത്തൂറ്റ് ഫിനാൻസിന്റെ മൊത്തം വായ്പാമൂല്യത്തിന് പുറമെ സ്വർണപ്പണയ വായ്പകളുടെ മൂല്യവും ആദ്യമായി ഒരുലക്ഷം കോടി രൂപയെന്ന നാഴികക്കല്ല് പിന്നിട്ട വർഷമാണ് 2024-25.
മാർച്ച് 31ലെ കണക്കുപ്രകാരം 41% കുതിച്ച് 1.02 ലക്ഷം കോടി രൂപയാണ് സ്വർണപ്പണയ വായ്പകളുടെ മൂല്യം. മൊത്തം 208 ടൺ സ്വർണം കമ്പനി കൈകാര്യം ചെയ്യുന്നുണ്ട്. പുതിയ ഇടപാടുകാർക്ക് മാത്രം കമ്പനി കഴിഞ്ഞ സാമ്പത്തിക വർഷം വിതരണം ചെയ്തത് 21,888 കോടി രൂപയുടെ സ്വർണ വായ്പകൾ; ഇതും റെക്കോർഡാണ്.
കഴിഞ്ഞ സാമ്പത്തിവർഷത്തിലും കഴിഞ്ഞപാദത്തിലും സ്വർണവില റെക്കോർഡ് ഉയരത്തിലേക്ക് കടന്നത് സ്വർണപ്പണയ വായ്പകളുടെ സ്വീകാര്യത വർധിപ്പിച്ചിരുന്നു. സ്വർണം പണയംവച്ച് കൂടുതൽ തുക വായ്പ നേടാനാകുമെന്നതായിരുന്നു കാരണം. ഇത് മുത്തൂറ്റ് ഫിനാൻസിന് മികച്ച നേട്ടമായി.
മുത്തൂറ്റ് ഹോംഫിൻ, ബെൽസ്റ്റാർ മൈക്രോഫിനാൻസ്, മുത്തൂറ്റ് ഇൻഷുറൻസ് ബ്രോക്കേഴ്സ്, ഏഷ്യ അസറ്റ് ഫിനാൻസ്, മുത്തൂറ്റ് മണി എന്നിവയാണ് കമ്പനിയുടെ ഉപസ്ഥാപനങ്ങൾ. മുത്തൂറ്റ് ഫിനാൻസിന്റെ മാത്രം ലാഭം കഴിഞ്ഞപാദത്തിൽ 43% വർധിച്ച് 1,508 കോടി രൂപയാണ്.
20 ശതമാനം വർധിച്ച് 5,352 കോടി രൂപയാണ് കഴിഞ്ഞ സാമ്പത്തിക വർഷത്തെ ആകെ സംയോജിത ലാഭം (FY25 consolidated net profit). ഇതും റെക്കോർഡാണ്. മികച്ച പ്രവർത്തനഫലത്തിന്റെ കരുത്തിൽ കമ്പനി ഓഹരിക്ക് 26 രൂപവീതം റെക്കോർഡ് ഇടക്കാല ലാഭവിഹിതവും പ്രഖ്യാപിച്ചിട്ടുണ്ട്.
സ്വർണപ്പണയ ഇതര വായ്പകളിലും മുത്തൂറ്റ് ഫിനാൻസ് മികച്ച വളർച്ചയാണ് നേടുന്നതെന്ന് ചെയർമാൻ ജോർജ് ജേക്കബ് മുത്തൂറ്റ്, മാനേജിങ് ഡയറക്ടർ ജോർജ് അലക്സാണ്ടർ മുത്തൂറ്റ് എന്നിവർ പറഞ്ഞു.
മൈക്രോഫിനാൻസ്, ഭവന വായ്പകൾ, വ്യക്തിഗത വായ്പകൾ എന്നിവയിലും മികവു പുലർത്താൻ കമ്പനിക്കായി. ബുധനാഴ്ച ഓഹരി വിപണിയിൽ വ്യാപാരം അവസാനിച്ചശേഷമാണ് കമ്പനി പ്രവർത്തനഫലം പുറത്തുവിട്ടത്.
90,971 കോടി രൂപ വിപണിമൂല്യവുമായി കേരളത്തിൽ നിന്നുള്ള ഏറ്റവും വലിയ ലിസ്റ്റഡ് കമ്പനിയാണ് മുത്തൂറ്റ് ഫിനാൻസ്. കമ്പനിയുടെ ഓഹരികളുടെ 52-ആഴ്ചത്തെ ഉയരം ഇക്കഴിഞ്ഞ മാർച്ച് 20ലെ 2,435.40 രൂപയാണ്. 52-ആഴ്ചത്തെ താഴ്ച കഴിഞ്ഞവർഷം ജൂൺ 4ലെ 1,579.10 രൂപയും.