
ആലപ്പുഴ: മഞ്ഞ, പിങ്ക് റേഷൻ കാർഡില്‍നിന്ന് ജില്ലയിലെ ലക്ഷത്തിലേറെപ്പേർ പുറത്തേക്ക്. മസ്റ്ററിങ്ങിന് ഒട്ടേറെ അവസരം നല്‍കിയിട്ടും ഉപയോഗപ്പെടുത്താത്തതാണ് കാരണം.
വിരലടയാളവും കണ്ണടയാളവും പൊരുത്തപ്പെടാത്തതിനാല്‍ മസ്റ്ററിങ് മുടങ്ങിയവർക്ക് മൊബൈല്‍ ആപ്പുവഴി പൂർത്തിയാക്കാനും അവസരമൊരുക്കി. അതിനാല്‍, സമയപരിധി ഇനി നീട്ടി നല്‍കിയേക്കില്ലെന്നാണു വിവരം. നവംബർ 30-നു സമയപരിധി തീരും.
മഞ്ഞ, പിങ്ക് കാർഡുകളിലായി 11,36,315 ഗുണഭോക്താക്കളാണ് ജില്ലയിലുള്ളത്. അതില്‍ 9,75,880 പേർ മസ്റ്ററിങ് നടത്തി. 1,60,435 പേരാണ് ഇനി ബാക്കി. ഇതരസംസ്ഥാനത്തുള്ളവർ, അഞ്ചുവയസ്സില്‍ താഴെയുള്ള കുട്ടികള്‍, മസ്റ്ററിങ് പരാജയപ്പെട്ടവർ എന്നിവരെ മാറ്റിനിർത്തിയാല്‍ ലക്ഷത്തിനടുത്താളുകള്‍ക്ക് റേഷൻ കാർഡിലെ ഇടം നഷ്ടമാകാനാണു സാധ്യത.
മസ്റ്ററിങ് നടത്താൻ കഴിയാത്ത ജീവിച്ചിരിക്കുന്നർ, മസ്റ്ററിങ് പരാജയപ്പെട്ടവർ, വിദേശത്തുള്ളവർ, അഞ്ചുവയസ്സില്‍ താഴെയുള്ള കുട്ടികള്‍ തുടങ്ങിയവരുടെ വിവരങ്ങള്‍ സിവില്‍ സപ്ലൈസ് അധികൃതർ ശേഖരിച്ചിട്ടുണ്ട്. അവരെ മാറ്റിനിർത്തിയാകും റേഷൻ കാർഡില്‍നിന്ന് മസ്റ്ററിങ് നടത്താത്തവരുടെ പേരുനീക്കുകയെന്നാണു വിവരം.
വിദേശത്തുള്ളവരെ മസ്റ്ററിങ് നടത്താത്തതിന്റെ പേരില്‍ റേഷൻ കാർഡില്‍നിന്ന് നീക്കില്ല. പകരം അവരുടെ ഭക്ഷ്യധാന്യ വിഹിതം നിർത്തലാക്കും. ഇതര സംസ്ഥാനത്തുള്ളവർക്ക് അതത് സംസ്ഥാനത്ത് മസ്റ്ററിങ് നടത്താൻ സൗകര്യമുണ്ടായിരുന്നു.
അതിനാല്‍, അത് പ്രയോജനപ്പെടുത്താത്തവരുടെ കാര്യത്തില്‍ എന്തുനടപടി വേണമെന്ന് ഉടൻ തീരുമാനമുണ്ടാകും.
അഞ്ചുവയസ്സിനുമുകളിലുള്ള കുട്ടികള്‍, കിടപ്പുരോഗികള്‍ തുടങ്ങിയവരുടെ മസ്റ്ററിങ് മൊബൈല്‍ ആപ്പുവഴി പൂർത്തിയാക്കാൻ കഴിഞ്ഞെന്നാണ് വിലയിരുത്തല്‍. എന്നാല്‍, ആപ്പുവഴിയും മസ്റ്ററിങ് നടത്താൻ സാധിക്കാത്തവരുണ്ടെന്ന് സിവില്‍സപ്ലൈസ് ഉദ്യോഗസ്ഥർക്കു പരാതി ലഭിച്ചിട്ടുണ്ട്.
ഇത്തരക്കാരുടെ വിവരവും ശേഖരിക്കാൻ നിർദേശിച്ചിട്ടുണ്ട്.
പോർട്ടബിലിറ്റി വിനയായി; കണക്കെടുപ്പിനു വ്യക്തതയില്ല
മസ്റ്ററിങ് ചെയ്യാത്ത ജീവിച്ചിരിക്കുന്നവരുടെ കണക്കെടുക്കാൻ റേഷൻ കടക്കാരോട് സിവില്‍ സപ്ലൈസ് അധികൃതർ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, പോർട്ടബിലിറ്റി സംവിധാനമുള്ളതിനാല്‍ സ്ഥിരമായി പലരും ഒരേ റേഷൻകടയില്‍ എത്താറില്ല. അതുകൊണ്ടുതന്നെ കണക്കിനു കൃത്യതയുണ്ടാകില്ലെന്ന വിമർശനവുമുയർന്നിട്ടുണ്ട്.
പിങ്ക് കാർഡിലേക്കു മാറാൻ അപേക്ഷ ഇന്ന് മുതല്‍
ആലപ്പുഴയില്‍ പൊതുവിഭാഗത്തില്‍പ്പെട്ട റേഷൻകാർഡുകള്‍ മുൻഗണനാവിഭാഗത്തില്‍പ്പെട്ട പിങ്ക് കാർഡിലേക്കു മാറ്റാൻ തിങ്കളാഴ്ച മുതല്‍ ഓണ്‍ലൈനായി അപേക്ഷിക്കാം. ഡിസംബർ 12-ആണ് അവസാനത്തീയതി. അക്ഷയകേന്ദ്രങ്ങള്‍വഴിയാണ് അപേക്ഷിക്കേണ്ടത്.