
രാജ്യത്തെ പാനീയ വിപണിയില്‍ തങ്ങളുടെ സ്ഥാനം അരക്കിട്ടുറപ്പിക്കാന്‍ റിലയന്‍സ് കണ്‍സ്യൂമര്‍ പ്രൊഡക്ട്സ് വന്‍ നിക്ഷേപത്തിനൊരുങ്ങുന്നു. അടുത്ത 12 മുതല്‍ 15 മാസത്തിനുള്ളില്‍ 6,000 കോടി മുതല്‍ 8,000 കോടി രൂപ വരെ മുതല്‍മുടക്കി രാജ്യത്തുടനീളം 10 മുതല്‍ 12 പുതിയ പാനീയ നിര്‍മ്മാണശാലകള്‍ സ്ഥാപിക്കാനാണ് റിലയന്‍സിന്റെ പദ്ധതി.
ഫാസ്റ്റ് മൂവിംഗ് കണ്‍സ്യൂമര്‍ ഗുഡ്സ് വിഭാഗത്തില്‍ റിലയന്‍സ് നടത്തുന്ന ഏറ്റവും വലിയ നിക്ഷേപമാണിത്. നിലവില്‍ 1.6 ട്രില്യണ്‍ രൂപയുടെ വിപണിയുള്ള ഇന്ത്യന്‍ സോഫ്റ്റ് ഡ്രിങ്ക് മേഖലയില്‍ കോക്കകോള, പെപ്‌സികോ തുടങ്ങിയ ആഗോള ഭീമന്മാര്‍ ആധിപത്യം പുലര്‍ത്തുന്ന സാഹചര്യത്തിലാണ് റിലയന്‍സിന്റെ ഈ നീക്കം.
പുതിയ നിര്‍മ്മാണശാലകളില്‍ ഗ്രീന്‍ഫീല്‍ഡ് പ്ലാന്റുകളും കോ-പാക്കിംഗ് യൂണിറ്റുകളും ഉള്‍പ്പെടും. സംയുക്ത സംരംഭങ്ങളിലൂടെയായിരിക്കും ഉല്‍പാദനത്തിന്‍രെ ഭൂരിഭാഗവും ഈ വര്‍ഷം ആദ്യം റിലയന്‍സ്, ജെറിക്കോ ഫുഡ്സ് ആന്‍ഡ് ബിവറേജസുമായി ചേര്‍ന്ന് ഗുവാഹത്തിയില്‍ ഒരു പ്ലാന്റ് കമ്മീഷന്‍ ചെയ്തിരുന്നു.
ബീഹാറില്‍ മറ്റൊരു യൂണിറ്റിന്റെ നിര്‍മ്മാണവും പുരോഗമിക്കുകയാണ്. റിലയന്‍സ് കണ്‍സ്യൂമര്‍ പ്രൊഡക്ട്സ കാമ്പ കോള, സോസ്യോ, സ്പിന്നര്‍, റാസ്‌കിക്, ഇന്‍ഡിപെന്‍ഡന്‍സ് തുടങ്ങിയ പാനീയ ബ്രാന്‍ഡുകളിലൂടെ അതിവേഗം വളരാനുള്ള ശ്രമത്തിലാണ്. നിലവില്‍ 18 പാനീയ പ്ലാന്റുകളാണ് റിലയന്‍സിനുള്ളത്.
മുന്‍ ശ്രീലങ്കന്‍ ക്രിക്കറ്റ് താരം മുത്തയ്യ മുരളീധരനുമായി ചേര്‍ന്ന് പുറത്തിറക്കിയ സ്പിന്നര്‍ എന്ന സ്‌പോര്‍ട്‌സ് ഡ്രിങ്ക് റിലയന്‍സിന്റെ പുതിയ ബ്രാന്‍ഡുകളിലൊന്നാണ്. ഗേറ്ററേഡ്, പെപ്‌സികോയുടെ സ്റ്റിംഗ് തുടങ്ങിയ ആഗോള ബ്രാന്‍ഡുകളെക്കാള്‍ കുറഞ്ഞ വിലയില്‍, 10 രൂപയ്ക്ക് സ്പിന്നര്‍ ലഭ്യമാണ്.
2027 മാര്‍ച്ചോടെ തങ്ങളുടെ എല്ലാ ഉല്‍പ്പന്നങ്ങളും ദേശീയ തലത്തില്‍ ലഭ്യമാക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. 2026 മാര്‍ച്ചോടെ 70 ശതമാനം വിപണിയും പിടിച്ചെടുക്കാന്‍ സഹായിക്കുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ.
2024-25 സാമ്പത്തിക വര്‍ഷത്തില്‍ റിലയന്‍സ് കണ്‍സ്യൂമര്‍ പ്രൊഡക്ട്സിന് 11,500 കോടി രൂപയുടെ വരുമാനം ലഭിച്ചു. കാമ്പ കോള, ഇന്‍ഡിപെന്‍ഡന്‍സ് തുടങ്ങിയ ബ്രാന്‍ഡുകള്‍ 1,000 കോടി രൂപയുടെ വില്‍പ്പന കടന്നു.
എന്നിരുന്നാലും, മണ്‍സൂണ്‍ മഴ നേരത്തെ ആരംഭിച്ചത് വേനല്‍ക്കാലത്തെ വില്‍പ്പനയെ ഭാഗികമായി ബാധിച്ചിരുന്നു.