
കൊച്ചി: മെഴ്സിഡസ് ബെന്‍സിന്റെ ഫ്‌ലാഗ്ഷിപ്പ് വാഹനമായ എസ്-ക്ലാസിലെ ആദ്യത്തെ പ്ലഗ്-ഇന്‍ ഹൈബ്രിഡ് മോഡല്‍ എസ് 450ഇ ഇന്ത്യയില്‍ അവതരിപ്പിച്ചു. ലോഞ്ച് എഡിഷന്‍, മാനുഫാക്ചര്‍ എഡിഷന്‍ എന്നീ രണ്ട് മോഡലുകളിലായാണ് വാഹനം എത്തുന്നത്.
യൂറോ 7 മാനദണ്ഡങ്ങള്‍ പാലിക്കുന്ന 3.0 ലിറ്റര്‍ എം256 ഇവൊ ഇന്‍ലൈന്‍ 6 ടര്‍ബോ പെട്രോള്‍ എഞ്ചിനാണ് ഈ വാഹനത്തിന് കരുത്ത് പകരുന്നത്. 326എച്ച്പി കരുത്തും 540എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ ഈ വാഹനത്തിന് സാധിക്കും. ഇതിനൊപ്പം 120കിലോവാട്ടിന്റ ഇലക്ട്രിക് മോട്ടോര്‍ കൂടി ചേരുന്നതോടെ വാഹനത്തിന്റെ ആകെ കരുത്ത് 320 കിലോവാട്ടായും (435എച്ച്പി) ആയും ടോര്‍ക്ക് 680എന്‍എം ആയും വര്‍ദ്ധിക്കും.
9 സ്പീഡ് 9ജി ട്രോണിക് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുള്ള ഈ വാഹനം വെറും 5.7 സെക്കന്‍ഡ് കൊണ്ട് പൂജ്യത്തില്‍ നിന്നും 100 കിലോമീറ്റര്‍ വേഗത കൈവരിക്കും. ഇതിലെ 22 കെഡബ്ല്യൂഎച്ച് ലിഥിയം അയണ്‍ ബാറ്ററി ഏകദേശം 115 കിലോമീറ്റര്‍ വരെയുള്ള പ്യുവര്‍ ഇലക്ട്രിക് റേഞ്ച് നല്‍കുന്നു.
ദൈനംദിന യാത്രകള്‍ക്ക് പെട്രോള്‍ എഞ്ചിന്റെ സഹായമില്ലാതെ തന്നെ ഈ റേഞ്ച് പര്യാപ്തമാണെന്ന് കമ്പനി വ്യക്തമാക്കുന്നു. ദീര്‍ഘദൂര യാത്രകളില്‍ ആവശ്യാനുസരണം പെട്രോള്‍ എഞ്ചിനും ഉപയോഗിക്കാം.
എസ് 450ഇ ലോഞ്ച് എഡിഷന് 2.20 കോടി രൂപയും മാനുഫാക്ചര്‍ എഡിഷന് 2.38 കോടി രൂപയുമാണ് എക്‌സ്-ഷോറൂം വില. ഈ പുതിയ വാഹനങ്ങള്‍ക്കുള്ള ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്. 2026 നാലാം പാദത്തോടെ ഡെലിവറി ആരംഭിക്കും.






