
മുംബൈ: പുനരുപയോഗ ഊർജമേഖലയിൽ കോടികൾ നിക്ഷേപിച്ച ഇന്ത്യയെകാത്ത് വൻ സാമ്പത്തിക നേട്ടം. നാലു വർഷത്തിനുള്ളിൽ കൽക്കരി, പ്രകൃതിവാതക ഇറക്കുമതിയിൽ ഇന്ത്യയ്ക്ക് 24,000 കോടി ഡോളർ (22.5 ലക്ഷം കോടി രൂപ) ലാഭിക്കാനാകുമെന്ന് രാജ്യാന്തര ഊർജ ഏജൻസി (ഐഇഎ). യുദ്ധം പോലുള്ള സാഹചര്യങ്ങളിൽ രാജ്യാന്തര വിപണിയെ ആശ്രയിക്കുന്നതു കുറയ്ക്കാനും ഇന്ത്യയ്ക്കാകും.
ഇന്ത്യയുടെ മുന്നേറ്റം മറ്റ് വികസ്വര രാജ്യങ്ങൾക്ക് വലിയ മാതൃകയാണെന്ന് ഐഇഎ എക്സിക്യൂട്ടീവ് ഡയറക്ടർ ഫാത്തിഹ് ബിറോൾ പറഞ്ഞു. കേന്ദ്ര പുനരുപയോഗ ഊർജ വകുപ്പ് മന്ത്രി പ്രൾഹാദ് ജോഷിയുടെ എക്സ് പോസ്റ്റിനു മറുപടിയായാണ് ഫാത്തിഹ് ഇക്കാര്യം വ്യക്തമാക്കിയത്.
ഹരിത ഊർജ മേഖലയിലെ ഇന്ത്യയുടെ നയങ്ങളും കുറഞ്ഞ ഉൽപ്പാദന ചെലവും നിക്ഷേപങ്ങൾ ആകർഷിക്കാനുള്ള കഴിവും മറ്റുരാജ്യങ്ങൾക്കു പാഠമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കൂടുതലും സോളർ
ഐഇഎ പുറത്തിറക്കിയ ‘ഇന്ത്യ റിന്യൂവബിൾ എനർജി മാർക്കറ്റ് റിപ്പോർട്ട് 2026’ പ്രകാരമാണ് പുതിയ കണക്കുകൾ. ഇന്ധനവില നിലവിലെ ശരാശരിയിൽ തുടർന്നാൽ 2030ൽ മാത്രം ഫോസിൽ ഇന്ധനത്തിലെ വാർഷിക ഇറക്കുമതി ബില്ലിൽ 3500 കോടി ഡോളറിന്റെ (ഏകദേശം 3.2 ലക്ഷം കോടി രൂപ) കുറവുണ്ടാകുമെന്നാണ് കണക്കാക്കുന്നത്.
വമ്പൻ സാമ്പത്തിക നേട്ടത്തിന് ഇന്ത്യയെ സഹായിക്കുന്നത് സോളർ പദ്ധതികളായിരിക്കും. മൊത്തം ലാഭത്തിന്റെ 60 ശതമാനവും സൗരോർജത്തിൽ നിന്നായിരിക്കുമെന്നാണ് റിപ്പോർട്ട്. 30 ശതമാനത്തോളം ലാഭം കാറ്റിൽ നിന്നുള്ള ഊർജ പദ്ധതികളിൽ നിന്നുമാകും.
ലക്ഷ്യം 530 ജിഗാവാട്ട്
നിലവിൽ ഇന്ത്യയുടെ പുനരുപയോഗ ഊർജ ഉൽപാദനം 300 ജിഗാവാട്ട് കടന്നിട്ടുണ്ട്. 2030ഓടെ ഇത് 530 ജിഗാവാട്ടിലെത്തുമെന്നാണ് ഐഇഎയുടെ പ്രവചനം. ഇതിൽ 350 ജിഗാവാട്ടും സൗരോർജത്തിൽ നിന്നായിരിക്കും. എന്നാൽ ഉൽപാദനം കൂട്ടുന്നതിനൊപ്പം തന്നെ ഊർജ വിതരണ ശൃംഖലകളിലും, ബാറ്ററി സ്റ്റോറേജ് സംവിധാനങ്ങളിലും വൻ നിക്ഷേപം തുടരേണ്ടതിന്റെ ആവശ്യകതയും ഏജൻസി ഓർമിപ്പിക്കുന്നു.
നിലവിൽ ഇന്ത്യ ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന രണ്ടാമത്തെ പുനരുപയോഗ ഊർജ വിപണിയാണ്.






