ജിഎസ്ടി കൗണ്‍സില്‍ യോഗം ഒക്ടോബര്‍ 7ന് ◆ ഒക്ടോബർ 1 മുതൽ ഗൃഹോപകരണങ്ങളുടെ വില വർധിക്കുന്നു ◆ ഉല്‍പ്പാദന മേഖല ഏഴ് മാസത്തെ ഉയരത്തില്‍ ◆ യുപിഐ ഫീസ് നികുതിയോ സെസ്സോ അല്ലെന്ന് മന്ത്രി നിർമല സീതാരാമൻ; ഉപഭോക്താക്കൾ ഭാരം ഏറ്റെടുക്കേണ്ടതില്ല ◆ ഇന്ത്യയുടെ സ്വർണ വാങ്ങലിൽ 58% ഇടിവ് ◆

വമ്പൻ മാറ്റത്തിനൊരുങ്ങി മാരുതി സുസുക്കി‌; 7 എസ്‌യുവികൾ ഉൾപ്പെടെ 9 പുതിയ മോഡലുകൾ വിപണിയിലേക്ക്

പുതിയ മാരുതി സുസുക്കി മോഡലുകള്‍ ഇനി അതിവേഗത്തില്‍ വിപണിയിലേക്കെത്തും. പുതിയ മോഡലുകളുടെ നിര്‍മാണത്തിലും വികസിപ്പിച്ചെടുക്കുന്നതിലുമെല്ലാം വലിയ മാറ്റങ്ങളാണ് ജാപ്പനീസ് വാഹന നിര്‍മാതാക്കളായ സുസുക്കി മോട്ടോര്‍ കോര്‍പറേഷന്‍ നടത്താനൊരുങ്ങുന്നത്.

2030 ഓടെ പുതിയൊരു മോഡല്‍ രൂപകല്‍പന ചെയ്ത് വിപണിയിലെത്തിക്കാന്‍ എടുക്കുന്ന സമയം പകുതിയായി കുറക്കാനാണ് സുസുക്കി ലക്ഷ്യമിടുന്നത്. ഈയൊരു ലക്ഷ്യത്തിനായി എന്‍ജിനീയറിങ്, വാഹന നിര്‍മാണ വിഭാഗങ്ങളെ ഒന്നിച്ചു പ്രവര്‍ത്തിക്കുന്ന രീതിയിലേക്ക് മാറ്റിയെടുക്കാനാണ് സുസുക്കി ശ്രമം.

2020 സാമ്പത്തിക വര്‍ഷത്തെ അടിസ്ഥാനമാക്കിയാണ് വാഹനം നിര്‍മിക്കുന്നതിലെ കാര്യക്ഷമത 30 ശതമാനം കണ്ടു വര്‍ധിപ്പിക്കാന്‍ സുസുക്കി ശ്രമിക്കുന്നത്. ഇതിനൊപ്പം ഉത്പാദനക്ഷമതയില്‍ 50 ശതമാനം വര്‍ധനവ് കൈവരിക്കാനും ലക്ഷ്യമുണ്ട്. ഇതിനായി ഹരിയാനയിലെ മനേസര്‍ പ്ലാന്റിലെ നിലവിലെ പ്രവര്‍ത്തന നിലവാരമാണ് അടിസ്ഥാനമായി കണക്കാക്കുക.

ഇന്ത്യന്‍ വിപണിയിലായിരിക്കും സുസുക്കിയുടെ പുതിയ തന്ത്രപരമായ മാറ്റങ്ങള്‍ ഏറ്റവും നന്നായി പ്രതിഫലിക്കുക. വരും വര്‍ഷങ്ങളില്‍ അതിവേഗത്തില്‍ മാരുതി സുസുക്കിയുടെ ഫേസ് ലിഫ്റ്റ് മോഡലുകളും പുതിയ കാറുകളും നിരത്തിലെത്തുമെന്നതാണ് പുതിയ നയത്തിന്റെ ഫലം.

അടുത്ത മൂന്നു വര്‍ഷത്തിനുള്ളില്‍ ഏഴ് പുതിയ എസ്‌യുവികള്‍ ഉള്‍പ്പടെ ഒമ്പത് പുതിയ മോഡലുകള്‍ വിപണിയിലേക്കെത്തിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. 2030 ഓടെ വാഹന ഉത്പാദനം 40 ലക്ഷം യൂണിറ്റുകളാക്കിക്കൊണ്ട് ഇന്ത്യയെ രാജ്യാന്തര വാഹന ഉത്പാദന കയറ്റുമതി കേന്ദ്രമാക്കാനും ലക്ഷ്യമുണ്ട്.

പുതു മോഡലുകള്‍ നിര്‍മിക്കുന്നതിനുള്ള സമയം പകുതിയായി കുറക്കുക എന്ന വലിയ ലക്ഷ്യത്തിലേക്ക് എങ്ങനെ എത്തുമെന്ന ചോദ്യത്തിന് വ്യക്തമായ പദ്ധതി സുസുക്കി മുന്നോട്ടുവെക്കുന്നുണ്ട്.

ഒരു പുതിയ മോഡല്‍രൂപകല്‍പന ചെയ്ത് വിവിധ പരീക്ഷണങ്ങള്‍ക്കു ശേഷം നിര്‍മാണം ആരംഭിക്കാന്‍ നേരത്തെ നാലു വര്‍ഷങ്ങള്‍ വേണമായിരുന്നു. അത് രണ്ട് വര്‍ഷത്തിലേക്കു കുറക്കാനാണ് ജാപ്പനീസ് വാഹന ഭീമന്മാരുടെ ശ്രമം.

ഇതിനായി എന്‍ജിനീയറിങ്, ഉത്പാദനം, പര്‍ച്ചേസിങ്, ഗുണ നിലവാര പരിശോധന വിഭാഗങ്ങള്‍ വെവ്വേറെ ഘട്ടങ്ങളില്‍ ജോലി ചെയ്യുന്ന പരമ്പരാഗത രീതിക്ക് പകരം തുടക്കം മുതല്‍ തന്നെ ഈ ടീമുകളെല്ലാം ഒന്നിച്ചിരുന്ന പ്രവര്‍ത്തിക്കുന്ന രീതിയിലേക്കാണ് മാറുന്നത്.

ഒപ്പം ഡിജിറ്റല്‍ എന്‍ജിനീയറിങും വെര്‍ച്ചുല്‍ പരീക്ഷണങ്ങളും പ്രയോജനപ്പെടുത്തി പ്രോട്ടോ ടൈപ്പുകള്‍ ഉണ്ടാക്കുന്നതിലെ സമയനഷ്ടവും കുറക്കും. വിവിധ മോഡലുകള്‍ക്ക് പൊതുവായ ഭാഗങ്ങള്‍ ഉപയോഗിക്കുന്ന മോഡുലാര്‍ പ്ലാറ്റ്‌ഫോമുകളും വികസിപ്പിച്ചെടുക്കും.

ഇന്ത്യയില്‍ കാറുകള്‍ വേഗത്തിലെത്തിക്കാന്‍ മാരുതി സുസുക്കിയും വലിയ പദ്ധതികള്‍ ആരംഭിച്ചിട്ടുണ്ട്. വാഹനം വികസിപ്പിച്ചെടുക്കാനുള്ള സമയം 48 മാസത്തില്‍ നിന്നും 36 മാസമായി കുറക്കാനാണ് മാരുതി ലക്ഷ്യമിടുന്നത്.

ഇന്ത്യയിലെ 36 മാസ ലക്ഷ്യവും സുസുക്കിയുടെ 2030ഓടെയുള്ള 24 മാസ ലക്ഷ്യവും വെവ്വേറെയാണ് പ്രവര്‍ത്തിക്കുന്നത്. വെറുമൊരു മോഡല്‍ വികസിപ്പിക്കുക എന്നതിനേക്കാള്‍, പെട്രോള്‍, സിഎന്‍ജി, ഹൈബ്രിഡ്, ഫ്‌ളക്‌സ് ഫ്യുവല്‍ ഇന്ധന ഓപ്ഷനുകളില്‍ വാഹനം പുറത്തിറക്കേണ്ടതുണ്ട്. അധികമായുണ്ടാവുന്ന ജോലിഭാരം നേരത്തെയുള്ള ആസൂത്രണത്തിലൂടെ മറികടക്കാനാവുമെന്നാണ് കരുതപ്പെടുന്നത്.

വ്യത്യസ്ത വിഭാഗങ്ങള്‍ ഒന്നിച്ചു പ്രവര്‍ത്തിക്കുന്ന കണ്‍കറന്റ് എന്‍ജിനീയറിങ് ശൈലി നേരത്തെ തന്നെ നടപ്പാക്കാന്‍ സുസുക്കിക്ക് ലക്ഷ്യമുണ്ട്. ആസൂത്രണം, രൂപകല്‍പന, നിര്‍മാണം, ഗുണനിലവാര പരിശോധന, പര്‍ച്ചേസിങ് ടീമുകള്‍ പദ്ധതിയുടെ ആദ്യഘട്ടം മുതല്‍ ഒന്നിച്ചു പ്രവര്‍ത്തിക്കും.

വ്യത്യസ്ത വിഭാഗങ്ങള്‍ വേഗത്തില്‍ പരസ്പരം വിവരങ്ങള്‍ കൈമാറുന്നതിലൂടെ സമയനഷ്ടം ഒഴിവാക്കാനാവുമെന്നാണ് സുസുക്കി കണക്കുകൂട്ടുന്നത്.

X
Top