സ്വർണശേഖരത്തിൽ ജപ്പാനെ പിന്തള്ളി ഇന്ത്യ5ജി ഫോണ്‍ വിപണി: യുഎസിനെ പിന്തള്ളി ഇന്ത്യ രണ്ടാമത്ചൈനയില്‍ ആവശ്യം കുറഞ്ഞതോടെ ചെമ്പിന്റെ വില ഇടിയുന്നുപഞ്ചസാര കയറ്റുമതി നിരോധനം നീട്ടുംഅർദ്ധചാലക ദൗത്യത്തിന് $10 ബില്യൺ ബൂസ്റ്റർ പാക്കേജ് ലഭിച്ചേക്കാം

ആശീർവാദ് മൈക്രോ ഫിനാൻസ് ലിമിറ്റഡ് ഐപിഒയ്ക്ക്

രാജ്യത്തെ ഏറ്റവും വലിയ ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങളിലൊന്നായ മണപ്പുറം ഫിനാൻസിനു കീഴിലുള്ള ആശീർവാദ് മൈക്രോ ഫിനാൻസ് ലിമിറ്റഡ് പ്രഥമ ഓഹരി വിൽപ്പനയ്ക്കുള്ള കരടുരേഖ മൂലധന വിപണി നിയന്ത്രണ ബോർഡായ സെബിയിൽ സമർപ്പിച്ചു.

10 രൂപ മുഖവിലയുള്ള പുതിയ ഓഹരികളുടെ വിൽപ്പനയിലൂടെ 1,500 കോടി രൂപ സമാഹരിക്കുകയാണ് ലക്ഷ്യം.

75 ശതമാനത്തിൽ കുറയാത്ത ഓഹരികൾ ആനുപാതികമായി യോഗ്യരായ ഇൻസ്റ്റിറ്റിയൂഷനൽ നിക്ഷേപകർക്കും, 15 ശതമാനത്തിൽ കവിയാത്ത ഓഹരികൾ നോൺ ഇൻസ്റ്റിറ്റിയൂഷനൽ നിക്ഷേപകർക്കും, 10 ശതമാനം വരെ വ്യക്തിഗത നിക്ഷേപകർക്കും നീക്കിവച്ചിട്ടുണ്ട്.

ഐപിഒയ്ക്കു മുന്നോടിയായി പ്രൈവറ്റ് ഇക്വിറ്റി വിറ്റഴിക്കുന്നതിലൂടെ 300 കോടി രൂപ വരെ സമാഹരിക്കുന്ന കാര്യവും കമ്പനി പരിഗണിക്കുന്നു. ഇതു നടന്നാൽ വിറ്റഴിക്കുന്ന പുതിയ ഓഹരികളുടെ എണ്ണം കുറയ്ക്കും.

ഐപിഒയിലൂടെ സമാഹരിക്കുന്ന ഫണ്ട് കമ്പനിയുടെ മൂലധന അടിത്തറ ശക്തിപ്പെടുത്തുന്നതിനും ഭാവി ബിസിനസ് ആവശ്യങ്ങൾക്കും വിനിയോഗിക്കും.

കുറഞ്ഞ വരുമാനക്കാരായ സ്ത്രികൾക്ക് മൈക്രോഫിനാൻസ് വായ്പകൾ ലഭ്യമാക്കുന്നതിലും ബാങ്കിങ് സേവനം ലഭ്യമല്ലാത്ത പ്രദേശങ്ങളിലെ സാമ്പത്തികമായും സാമൂഹികമായും പിന്നാക്കം നിൽക്കുന്ന ജനവിഭാഗങ്ങളിലേക്ക് സാമ്പത്തിക സേവനങ്ങളെത്തിക്കുന്നതിലും അവരെ ശാക്തീകരിക്കുന്നതിനും ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്ന ആശീർവാദ് മൈക്രോഫിനാൻസ് ലിമിറ്റഡ് 2018ൽ രണ്ടു ശാഖകളുമായി തമിഴ്‌നാട്ടിലാണ് പ്രവർത്തനം തുടങ്ങിയത്.

കമ്പനി വളർന്ന് ഇന്ന് 22 സംസ്ഥാനങ്ങളിലും നാല് കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി 1684 ശാഖകളുണ്ട്. രാജ്യത്തുടനീളം 450 ജില്ലകളിൽ കമ്പനിയുടെ സാന്നിധ്യമുണ്ട്.

2023 മാർച്ച് 31 വരെയുള്ള കണക്കുകൾ പ്രകാരം 32.5 ലക്ഷം സജീവ മൈക്രോഫിനാൻസ് ഇടപാടുകാർ കമ്പനിക്കുണ്ട്. സ്വർണ വായ്പകളും എംഎസ്എംഇ വായ്പകളും കമ്പനി നൽകുന്നുണ്ട്.

രാജ്യത്തുടനീളമുള്ള സാന്നിധ്യം കണക്കിലെടുത്താൽ ഇന്ത്യയിലെ ഏറ്റവും വലുതും കൈകാര്യം ചെയ്യുന്ന ആസ്തികളുടെ കണക്കിൽ മൂന്നാം സ്ഥാനത്തുമുള്ള എൻബിഎഫ്‌സി മൈക്രോഫിനാൻസ് കമ്പനിയാണ് ആശീർവാദ് മൈക്രോഫിനാൻസ്.

2023 സാമ്പത്തിക വർഷം 16 ശതമാനം വളർച്ചയോടെ മികച്ച പ്രകനമാണ് കമ്പനി കാഴ്ചവച്ചത്. 2022-23 സാമ്പത്തിക വർഷം കമ്പനിയുടെ ആസ്തി 10,040.89 കോടി രൂപയായിരുന്നു. 218.13 കോടി രൂപ അറ്റാദായവും നേടി.

2008 ൽ എസ് വി രാജ വൈദ്യനാഥൻ സ്ഥാപിച്ച ആശീർവാദ് 2015 ഫെബ്രുവരിയിൽ 48.63 കോടി രൂപയ്ക്ക് മണപ്പുറം ഏറ്റെടുക്കുകയായിരുന്നു.

വി പി നന്ദകുമാറിന്റെ നേതൃത്വത്തിലുള്ള കമ്പനി ആദ്യം വാങ്ങിയ 71 ശതമാനം ഓഹരി പിന്നീട് 95 ശതമാനമായി വർധിപ്പിച്ചു. ബാക്കി സ്ഥാപകൻ വൈദ്യനാഥന്റേതാണ്.

X
Top