കൊച്ചി: ‘ഫോബ്സ് ഇന്ത്യ ഡിജിഇഎംഎസ് സിലക്ട് 200 കമ്പനീസ്’ പട്ടികയിൽ ഇടം നേടി 4 മലയാളി സ്റ്റാർട്ടപ് കമ്പനികൾ.
ഫിൻടെക് സ്റ്റാർട്ടപ്പായ ഓപ്പൺ ഫിനാൻഷ്യൽ െടക്നോളജീസ്, ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്ന മൈ കെയർ ഹെൽത്ത്, കാവ്‌ലി വയർലെസ്, റോബട്ടിക്സ് – എഐ സ്റ്റാർട്ടപ്പായ ജെൻ റോബട്ടിക്സ് എന്നിവയാണ് ആഗോളതലത്തിൽ വളരാൻ സാധ്യതയുള്ള 200 ഇന്ത്യൻ കമ്പനികളുടെ പട്ടികയിൽ ഇടം പിടിച്ചത്.
ഗ്ലോബൽ ബിസിനസ് മൊബിലിറ്റി ആക്സിലറേറ്ററായ ഡി ഗ്ലോബലിസ്റ്റിന്റെ സഹകരണത്തോടെയാണു ഫോബ്സ് പട്ടിക തയാറാക്കിയത്.
രോഗികളെയും ആശുപത്രികളെയും ഒരു കുടക്കീഴിൽ ബന്ധിപ്പിക്കുന്ന ഡിജിറ്റൽ പ്ലാറ്റ്ഫോമാണ് മൈ കെയർ ഹെൽത്ത്. ആശുപത്രികളുമായി ബന്ധപ്പെട്ട മുഴുവൻ സേവനങ്ങളും ലഭ്യമാക്കുകയാണു മൈ കെയർ ചെയ്യുന്നത്.
2017ൽ സ്ഥാപിതമായ ഓപ്പൺ ഇന്ത്യയിലെ നൂറാമത്തെ ബില്യൻ ഡോളർ ആസ്തി മൂല്യമുള്ള (യുണികോൺ) കമ്പനിയെന്ന ബഹുമതി നേടിയിരുന്നു. സംരംഭകർക്ക് ആവശ്യമായ ബാങ്കിങ് സേവനങ്ങളെല്ലാം ഒരേ പ്ലാറ്റ്ഫോമിൽ ലഭ്യമാക്കുന്ന നിയോ ബാങ്കിങ് പ്ലാറ്റ്ഫോമാണിത്.
ജെൻ റോബട്ടിക്സ് രാജ്യത്തെ പ്രമുഖ റോബട്ടിക്സ് കമ്പനികളിലൊന്നാണ്. ഫോബ്സ് 30 അണ്ടർ 30 ഏഷ്യ ലിസ്റ്റിലും ജെൻ റോബട്ടിക്സ് ഈ വർഷം ഇടം പിടിച്ചിരുന്നു. യുഎസിലെ കലിഫോർണിയ ആസ്ഥാനമായ കാവ്‌ലി വയർലെസ് സെല്ലുലാർ ഐഒടി സെമികണ്ടക്ടർ കമ്പനിയാണ്.
ആഗോള കമ്പനികൾക്കായി നൂതന 5 ജി, ഓട്ടമോട്ടീവ് സോഫ്റ്റ്‌വെയറുകൾ വികസിപ്പിക്കുന്നു.