
തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി.- കെ.ടി.ഡി.എഫ്.സി. സംയുക്തസംരംഭങ്ങളായ തമ്പാനൂർ ഉൾപ്പെടെയുള്ള നാല് വാണിജ്യ സമുച്ചയങ്ങൾ കേരള ബാങ്കിന് ഈടായി നൽകും.
കെ.ടി.ഡി.എഫ്.സി.ക്ക് കെ.എസ്.ആർ.ടി.സി. നൽകാനുള്ള 450 കോടി രൂപയ്ക്ക് പകരമാണിത്.
സാമ്പത്തിക പ്രതിസന്ധി കാരണം കേരള ബാങ്കിന് കൊടുക്കേണ്ട തുക കെ.ടി.ഡി.എഫ്.സി.ക്ക് മടക്കിക്കൊടുക്കാൻ കഴിഞ്ഞിട്ടില്ല.
കെ.എസ്.ആർ.ടി.സി. വായ്പ തിരിച്ചടയ്ക്കാത്തത് കാരണമാണ് കടക്കെണിയിൽപ്പെട്ടതെന്നാണ് കെ.ടി.ഡി.എഫ്.സി.യുടെ വാദം. ഭൂമി ഈടുനൽകി പ്രശ്നത്തിന് പരിഹാരം കാണാനാണ് ശ്രമം.
തൊഴിലാളി സംഘടനകളുമായി നടത്തിയ ചർച്ചയിലാണ് കെ.എസ്.ആർ.ടി.സി. മേധാവി ബിജു പ്രഭാകർ പദ്ധതി വിശദീകരിച്ചത്.
കെ.എസ്.ആർ.ടി.സി.യുടെ പ്രതിമാസ വരവ്, ചെലവ് കണക്കുകൾ എല്ലാമാസവും 16-ന് അംഗീകൃത യൂണിയനുകളുടെ ഓരോ പ്രതിനിധികൾക്ക് പരിശോധിക്കാൻ അനുമതി നൽകാനും തീരുമാനമായി.
സ്വിഫ്റ്റിലേക്ക് സ്മാർട്ട് സിറ്റി പദ്ധതി പ്രകാരം ലഭിക്കുന്ന 450 ഇലക്ട്രിക്ക് ബസുകൾ ഫാസ്റ്റ് പാസഞ്ചർ ആയി ഓടിക്കും. സൂപ്പർ ക്ലാസ് സർവീസിനായി 125 എ.സി., നോൺ എ.സി. ബസുകൾ ഇറക്കുമെന്നും സി.എം.ഡി. അറിയിച്ചു.
അന്തർ സംസ്ഥാന പാതകളിൽ മൂന്നു മാസത്തേക്ക് വാടക മുൻകൂറായി ഈടാക്കി 250 സൂപ്പർ ക്ലാസ് റൂട്ടുകൾ സ്വകാര്യമേഖലയിൽ നൽകുന്നത് പരിഗണനയിൽ ഉണ്ടെന്നും സി.എം.ഡി. അറിയിച്ചു.
യൂണിയൻ നിർദേശപ്രകാരം നടപ്പാക്കിയ മൾട്ടി ഡ്യൂട്ടി സംവിധാനം ലാഭകരമല്ലെങ്കിൽ പിൻവലിക്കുമെന്നും മാനേജ്മെന്റ് അറിയിച്ചു.
വസ്തുകൈമാറ്റം ഉൾപ്പെടെ മാനേജ്മെന്റ് നിർദേശങ്ങളെയെല്ലാം ഐ.എൻ.ടി.യു.സി.യും ബി.എം.എസും എതിർത്തു.
അംഗീകൃത യൂണിയനുകൾ മാത്രമാണ് ചർച്ചയ്ക്ക് ഉണ്ടായിരുന്നത്. ചർച്ച തുടരും.