ഹാഫ് കുക്ക്ഡ് പൊറോട്ടയ്ക്ക് 5% ജിഎസ്ടി മാത്രംആഭ്യന്തര ഫിനിഷ്ഡ് സ്റ്റീല്‍ ഉപഭോഗം 13% വര്‍ധിച്ച് 136 മെട്രിക്ക് ടണ്‍ ആയതായി റിപ്പോർട്ട്കേരളത്തിലെ ഏറ്റവും ഉയരം കൂടിയ ഐടി വ്യവസായ സമുച്ചയം കൊച്ചിയിൽകുതിപ്പിനൊടുവിൽ സ്വർണ്ണവിലയിൽ ഇന്ന് ഇടിവ്രാജ്യത്തെ വൈദ്യുതി ഉപയോഗം കുതിച്ചുയർന്നു

എട്ട് പ്രൊഫെഷണല്‍ ഫുട്‌ബോള്‍ ടീമുകളുമായി കെഎസ്എല്‍ എത്തുന്നു

ലോഗോ പ്രകാശനം മുഖ്യമന്ത്രി നിര്‍വഹിച്ചു

തിരുവനന്തപുരം: എട്ട് പ്രൊഫെഷണല്‍ ഫുട്‌ബോള്‍ ടീമുകളുമായി എത്തുന്ന കേരള സൂപ്പര്‍ ലീഗില്‍ (കെഎസ്എല്‍) നവംബറില്‍ പന്തുരുളും. എല്ലാ വര്‍ഷവും നവംബറില്‍ ആരംഭിച്ച് 90 ദിവസത്തെ കാലയളവില്‍ കേരളത്തിലെ നാല് വേദികളിലാണ് ഇന്ത്യന്‍ ഫുട്‌ബോള്‍ ചരിത്രത്തിലെ തന്നെ ഏറെ സവിശേഷമായ ഈ ടൂര്‍ണമെന്റ് നടക്കുക. കെഎസ്എല്ലിനു ഔദ്യോഗിക തുടക്കം കുറിച്ചുകൊണ്ട് ഫുട്‌ബോള്‍ മേളയുടെ ലോഗോ തലസ്ഥാനത്ത് നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രകാശനം ചെയ്തു. അര്‍ജുന അവാര്‍ഡ് ജേതാവും കെഎസ്എല്‍ ബ്രാന്‍ഡ് അംബാസഡറുമായ ഐ.എം. വിജയന്‍ ചടങ്ങില്‍ പങ്കെടുത്തു. സംഘാടകരായ സ്‌കോര്‍ലൈന്‍ സ്‌പോര്‍ട്ട്‌സിന്റെയും കേരള സൂപ്പര്‍ ലീഗിന്റെയും ഭാരവാഹികള്‍ക്കൊപ്പം ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍, കേരള ഫുട്‌ബോള്‍ അസോസിയേഷന്‍, കേരള സ്റ്റേറ്റ് സ്‌പോര്‍ട്ട്‌സ് കൗണ്‍സില്‍, സ്‌പോര്‍ട്ട്‌സ് കേരള ഫൗണ്ടേഷന്‍ ഭാരവാഹികളും ചടങ്ങില്‍ പങ്കെടുത്തു. സ്‌കോര്‍ലൈന്‍ സ്പോര്‍ട്ട്സ് സംഘടിപ്പിച്ച ചടങ്ങില്‍ ഐ.എം. വിജയന്‍ കെഎസ്എല്‍ ഔദ്യോഗികമായി കിക്ക്-ഓഫ് ചെയ്തു. കേരള സ്‌പോര്‍ട്ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് യു. ഷറഫലി പന്ത് സ്വീകരിച്ചു.

കേരളത്തിന്റെ ഫുട്‌ബോള്‍ മേഖലയെ കൂടുതല്‍ ഉയര്‍ന്ന തലത്തിലേക്ക് എത്തിക്കാന്‍ കെഎസ്എല്ലിന് ആതിഥ്യം വഹിക്കുന്നതിലൂടെ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കെഎസ്എല്ലിലൂടെ കേരളത്തിന് സ്വന്തമായി അന്താരാഷ്ട്ര നിലവാരത്തിലെ ഫുട്ബോള്‍ ലീഗ് ലഭിച്ചതായി ഐ.എം. വിജയന്‍ പറഞ്ഞു.

മാസങ്ങള്‍ നീണ്ട ആലോചനകള്‍ക്കും ആസൂത്രണങ്ങള്‍ക്കും ശേഷമാണ് ടൂര്‍ണമെന്റിന് തുടക്കമിടുന്നതെന്ന് കെഎസ്എല്‍ സിഇഒ മാത്യു ജോസഫ് പറഞ്ഞു. വിവിധ സ്റ്റേഡിയങ്ങളിലായി 60 മത്സരങ്ങള്‍ നടക്കുന്ന കെഎസ്എല്ലിന്റെ ആദ്യ പതിപ്പിലേക്ക് കേരളത്തിലെയും പുറത്തെയും ഫുട്‌ബോള്‍ പ്രേമികളെ ആകര്‍ഷിക്കുന്നതിനായി എല്ലാ ശ്രമങ്ങളും നടത്തും. എട്ട് പ്രൊഫെഷണല്‍ ടീമുകളുമായി നടക്കുന്ന ടൂര്‍ണമെന്റ് സംസ്ഥാനത്തെ ഏറ്റവും സവിശേഷമായ ലീഗാണ്. ദേശീയ-അന്തര്‍ദേശീയ സ്‌പോണ്‍സര്‍ഷിപ്പുകള്‍ ഇതിനോടകം കെഎസ്എല്ലിന് ലഭിച്ചിട്ടുണ്ട്. ദേശീയ, വിദേശ ഫുട്‌ബോള്‍ താരങ്ങള്‍ എഐഎഫ്എഫ് നിയമപ്രകാരം ലീഗില്‍ കളിക്കുന്നുണ്ട്. എഐഎഫ്എഫും കെഎഫ്എയും ഔദ്യോഗികമായി അംഗീകരിച്ചിട്ടുള്ള ലീഗ് അന്താരാഷ്ട്ര നിലവാരത്തിലായിരിക്കും നടത്തുകയെന്നും മാത്യു ജോസഫ് പറഞ്ഞു.

തിരുവനന്തപുരത്തെ ഗ്രീന്‍ഫീല്‍ഡ് ഇന്റര്‍നാഷണല്‍ സ്റ്റേഡിയം, കൊച്ചി ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയം, മഞ്ചേരി പയ്യനാട് സ്റ്റേഡിയം, കോഴിക്കോട് ഇഎംഎസ് കോര്‍പ്പറേഷന്‍ സ്റ്റേഡിയം എന്നിവിടങ്ങളിലാണ് മത്സരങ്ങള്‍ നടക്കുക. കാസറഗോഡ്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറത്ത് നിന്ന് രണ്ട് ടീം, തൃശ്ശൂര്‍, എറണാകുളം, തിരുവനന്തപുരം എന്നിവിടങ്ങളില്‍ നിന്നായിരിക്കും ടീമുകള്‍. കേരളത്തില്‍ നിന്നുള്ള പരിചയസമ്പന്നരും ഭാവിവാഗ്ദാനങ്ങളുമായ കളിക്കാരുടെയും അന്താരാഷ്ട്ര കളിക്കാരുടെയും സാന്നിധ്യം കൊണ്ട്, വരും വര്‍ഷങ്ങളില്‍ കേരള സൂപ്പര്‍ ലീഗ് കേരളത്തിലെ കളിക്കാരുടെ നിലവാരം ഉയര്‍ത്താന്‍ ഗണ്യമായി സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

കേരളത്തിലെ വിവിധ തലങ്ങളിലുള്ള ഫുട്‌ബോള്‍ മേഖലയുടെ വളര്‍ച്ച ത്വരിതപ്പെടുത്തുന്നതിന് കെഎസ്എല്‍ സംഘാടകര്‍ എന്ന നിലയില്‍ തങ്ങളുടെ കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ മുതല്‍കൂട്ടാകുമെന്ന് സ്‌കോര്‍ലൈന്‍ സ്‌പോര്‍ട്‌സ് മാനേജിംഗ് ഡയറക്ടര്‍ ഫിറോസ് മീരാന്‍ പറഞ്ഞു. കേരളത്തിന്റെ ഫുട്‌ബോള്‍ രംഗം അതിന്റെ ആറു പതിറ്റാണ്ടുകള്‍ക്ക് മുമ്പത്തെ ചെറിയ തുടക്കത്തില്‍ നിന്ന് ഒരുപാട് മുന്നോട്ട് പോയിട്ടുണ്ട്. കേരളത്തിന്റെ ടീമുകള്‍ അവരുടെ നേട്ടങ്ങള്‍ സംബന്ധിച്ചിടത്തോളം എല്ലായ്‌പ്പോഴും മുന്‍പന്തിയിലാണ്. കേരളത്തില്‍ നിന്നുള്ള നിരവധി കളിക്കാര്‍ വര്‍ഷങ്ങളായി ഉയര്‍ന്ന തലങ്ങളില്‍ കളിക്കുന്നുണ്ട്. വരും വര്‍ഷങ്ങളില്‍ കൂടുതല്‍ യുവാക്കളെ ഫുട്‌ബോള്‍ രംഗത്തേക്ക് ആകര്‍ഷിക്കാന്‍ കെഎസ്എല്‍ പോലുള്ള ഒരു പരിപാടി പ്രചോദനമാകും. കേരളത്തിന് ഒരു സുസ്ഥിര കായിക ആവാസവ്യവസ്ഥയും കായിക സമ്പദ് വ്യവസ്ഥയും വികസിപ്പിക്കുന്നതിന് സംഭാവന ചെയ്യാനാകുമെന്ന് കെഎസ്എല്‍ പ്രതീക്ഷിക്കുന്നതായും ഫിറോസ് മീരാന്‍ പറഞ്ഞു.

പി.വി. ശ്രീനിജിന്‍ എംഎല്‍എ, കായിക-യുവജനകാര്യ വകുപ്പ് ഡയറക്ടര്‍ പ്രേം കൃഷ്ണന്‍ ഐഎഎസ്, കേരള ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് ടോം ജോസ്, കേരള ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ് ജയേഷ് ജോര്‍ജ്ജ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

X
Top