
കൊച്ചി: സ്വന്തമായി ഒരു ബിസിനസ്സ് സാമ്രാജ്യം കെട്ടിപ്പടുക്കാൻ ആഗ്രഹിക്കുന്ന വനിതകൾക്ക് കൈത്താങ്ങുമായി കൊട്ടക് മഹീന്ദ്ര ബാങ്കും ബംഗളൂരു ഐഐഎമ്മിലെ എൻഎസ്ആർസിഇഎല്ലും (NSRCEL) വീണ്ടും കൈകോർക്കുന്നു. വനിതാ സംരംഭകരെ ലക്ഷ്യമിട്ട് കൊട്ടക് മഹീന്ദ്ര ബാങ്കിൻ്റെ സിഎസ്ആർ വിഭാഗമായ ‘ കൊട്ടക് ബിസ്ലാബ് ‘ പുതിയ വുമൺ സ്റ്റാർട്ടപ്പ് പ്രോഗ്രാം പ്രഖ്യാപിച്ചു.
ബിസിനസ് രംഗത്തേക്ക് കടന്നുവരാൻ ആഗ്രഹിക്കുന്ന സ്ത്രീകൾക്ക് ആശയ രൂപീകരണം മുതൽ വിപണി കണ്ടെത്തുന്നത് വരെയുള്ള എല്ലാ ഘട്ടങ്ങളിലും കൃത്യമായ മാർഗ്ഗനിർദ്ദേശവും സാമ്പത്തിക പിന്തുണയും നൽകുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം. വനിതാ സംരംഭകർക്ക് ദീർഘകാലാടിസ്ഥാനത്തിൽ ഈ പിന്തുണ ലഭിക്കും.
ഇന്ത്യ സ്റ്റാർട്ടപ്പ് രംഗത്ത് വലിയ മുന്നേറ്റങ്ങൾ ഉണ്ടാകുന്നുണ്ടെങ്കിലും വനിതാ സംരംഭകർ ഇപ്പോഴും പലവിധ വെല്ലുവിളികൾ നേരിടുന്നുണ്ടെന്നാണ് വിപണിയിലെ പഠനങ്ങൾ വ്യക്തമാക്കുന്നത്. മികച്ച ആശയങ്ങൾ ഉണ്ടായാലും ആവശ്യത്തിന് വായ്പാ ലഭ്യതയില്ലാത്തതും ശരിയായ മെൻ്ററിങ് ലഭിക്കാത്തതും ഇത്തരം മേഖലകളിലേക്ക് പ്രവേശിക്കുന്നതിൽ നിന്ന് സ്ത്രീകളെ പിന്നോട്ടടിപ്പിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് കൊട്ടക് ബിസ്ലാബും ഐഐഎം ബംഗളൂരുവും സംയുക്തമായി ഈ പദ്ധതിയുമായി മുന്നോട്ട് വന്നിരിക്കുന്നത്.
ഇത്തവണ ടയർ-2, ടയർ-3 നഗരങ്ങളിൽ നിന്നുള്ള വനിതാ സംരംഭകർക്കാണ് പദ്ധതിയിൽ കൂടുതൽ മുൻഗണന നൽകുന്നതെന്നാണ് സംഘാടകർ വ്യക്തമാക്കുന്നത്. മെട്രോ നഗരങ്ങളിലെ വലിയ സൗകര്യങ്ങളിലേക്ക് എത്താൻ കഴിയാത്ത ഗ്രാമീണ-നഗര അതിർത്തികളിലെ പ്രതിഭകളെ കണ്ടെത്തി വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണിത്.
ഇതുവരെ 600 ലധികം വനിതാ സംരംഭകർക്ക് മെൻ്ററിങ്, ബിസിനസ് മാർഗ്ഗനിർദ്ദേശം, വ്യവസായ ശൃംഖലകളിലേക്കുള്ള പ്രവേശനം എന്നിവയിലൂടെ പദ്ധതി തുണയായിട്ടുണ്ട്. കൃത്യമായ നിരീക്ഷണങ്ങൾക്കും പരിശീലനങ്ങൾക്കും ശേഷമായിരിക്കും സംരംഭകരെ അടുത്ത ഘട്ടങ്ങളിലേക്ക് തെരഞ്ഞെടുക്കുക. നിലവിൽ 2025-ലെ ബാച്ചിലെ മുപ്പതോളം സ്റ്റാർട്ടപ്പുകൾക്ക് മൂന്ന് കോടി രൂപയുടെ ധനസഹായം ഇതിനകം തന്നെ വിതരണം ചെയ്തതിട്ടുണ്ട്.
വനിതകളുടെ ബിസിനസ്സ് വളർച്ചയുടെ വിവിധ ഘട്ടങ്ങളെ തിരിച്ചറിഞ്ഞ് നാല് പ്രത്യേക ഘട്ടങ്ങളായാണ് ഈ വിപുലമായ പദ്ധതി രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഇതിൽ ആദ്യ ഘട്ടമായ ‘ഫൗണ്ടേഷൻ’ പുതിയതായി സംരംഭകത്വത്തിലേക്ക് വരാൻ ആഗ്രഹിക്കുന്നവർക്ക് വേണ്ടിയാണ്. രണ്ടാമത്തെ ഘട്ടമായ ‘പ്രീ-ഇൻക്യുബേഷൻ’ വഴി സ്വന്തം ആശയങ്ങൾ എത്രത്തോളം പ്രായോഗികമാണെന്ന് പരിശോധിച്ച് മെച്ചപ്പെടുത്താൻ സാധിക്കും. മൂന്നാമത്തെ ഘട്ടമായ ‘ഇൻക്യുബേഷൻ’ നിലവിലുള്ള സംരംഭത്തെ കൂടുതൽ വികസിപ്പിക്കാൻ സഹായിക്കുമ്പോൾ, നാലാമത്തെ ‘സ്കെയിൽ-അപ്പ്’ ഘട്ടം ബിസിനസിൻ്റെ വിപണി സാധ്യതകൾ വർധിപ്പിക്കാനും കൂടുതൽ ഉപഭോക്താക്കളിലേക്ക് എത്തിക്കാനും ലക്ഷ്യമിടുന്നു.
പുനരുജ്ജീവന കൃഷി, മാലിന്യ പുനരുപയോഗം, കമ്മ്യൂണിറ്റി അധിഷ്ഠിത വിദ്യാഭ്യാസം, സാങ്കേതികവിദ്യ അധിഷ്ഠിത സംരംഭങ്ങൾ തുടങ്ങിയ മേഖലകൾക്കാണ് പദ്ധതിയിൽ മുൻഗണന ലഭിക്കുന്നത്. ഇത്തരം വൈവിധ്യമാർന്ന മേഖലകളിൽ പരീക്ഷണത്തിന് മുതിരുന്നവർക്ക് വലിയൊരു ഉത്തേജനമായിരിക്കും ഈ പദ്ധതി.
കേരളത്തിലെ വനിതാ സംരംഭകർക്കും പദ്ധതിയിലേക്ക് അപേക്ഷിക്കാനാകും. ഇതിനായി പ്രത്യേകം തയ്യാറാക്കിയ ഓൺലൈൻ പോർട്ടൽ (https://tinyurl.com/2y92fpcy) വഴിയാണ് അപേക്ഷിക്കേണ്ടത്. തനത് ബിസിനസ് ആശയങ്ങൾ സമർപ്പിക്കുന്നവരിൽ നിന്നും തെരഞ്ഞെടുക്കപ്പെടുന്നവർക്ക് വ്യവസായ പ്രമുഖരുമായി സംവദിക്കാനും അവരുടെ കീഴിൽ പരിശീലനം നേടാനുമുള്ള അവസരവും ഇതിലൂടെ ലഭ്യമാകും.






