
തിരുവനന്തപുരം: സംസ്ഥാനത്ത് നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന അതിവേഗ റെയിൽ പദ്ധതിയുടെ ഭൂമി ഏറ്റെടുക്കൽ നടപടികൾ ഉടനടി ആരംഭിക്കില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ അറിയിച്ചു. ഡൽഹി മെട്രോ റെയിൽ കോർപ്പറേഷൻ (ഡിഎംആർസി) സമർപ്പിച്ച ഇടക്കാല റിപ്പോർട്ട് പരിശോധിച്ച വിദഗ്ധ സമിതിയുടെ ശുപാർശയെത്തുടർന്നാണ് തീരുമാനം.
സമിതി റിപ്പോർട്ട് വിശദമായി പഠിച്ച ശേഷം സർക്കാർ തുടർനടപടികൾ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
ധനകാര്യം, റെയിൽവേ, പരിസ്ഥിതി എന്നീ മേഖലകളിലെ വിദഗ്ധരും ട്രാൻസ്‌പോർട്ട് സെക്രട്ടറിയും ഉൾപ്പെട്ട സമിതിയാണ് റിപ്പോർട്ട് വിലയിരുത്തിയത്. പദ്ധതിക്കാവശ്യമായ ഭൂമിയുടെ ലഭ്യതയെക്കുറിച്ചോ യാത്രക്കാരുടെ എണ്ണത്തെക്കുറിച്ചോ ഉള്ള കൃത്യമായ വിവരങ്ങൾ റിപ്പോർട്ടിലില്ലെന്നും ഇതൊരു പൂർണമായ റിപ്പോർട്ട് അല്ലെന്നും സമിതി അഭിപ്രായപ്പെട്ടു.
കെ-റെയിൽ പദ്ധതിയുടെ കാര്യത്തിൽ സംഭവിച്ച പാളിച്ചകൾ അതിവേഗ റെയിലിന്റെ കാര്യത്തിൽ ആവർത്തിക്കരുതെന്ന് സമിതി മുന്നറിയിപ്പ് നൽകി. പാരിസ്ഥിതികവും സാമൂഹികവുമായ ആഘാത പഠനങ്ങൾ നടത്തുന്നതിന് മുൻപ് ഭൂമി ഏറ്റെടുക്കൽ വിജ്ഞാപനങ്ങളോ പ്രാരംഭ നിർമ്മാണ പ്രവർത്തനങ്ങളോ ആരംഭിക്കരുതെന്നാണ് സമിതിയുടെ ശുപാർശ.
കേരളത്തിന്റെ ഭൂപ്രകൃതിക്കും പരിസ്ഥിതിക്കും ആഘാതമുണ്ടാക്കുന്ന ഒരു ‘പരിസ്ഥിതി ദുരന്തമായി’ ഈ പദ്ധതി മാറാൻ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
നിലവിലെ റിപ്പോർട്ടിലെ സാമ്പത്തിക മാതൃക പ്രായോഗികമല്ലെന്നും യാത്രക്കാരെ മാത്രം ആശ്രയിച്ചുള്ള ഈ മോഡൽ വൻ സാമ്പത്തിക ബാധ്യത വരുത്തിവെക്കുമെന്നും സമിതി ചൂണ്ടിക്കാട്ടി.
പദ്ധതിയുടെ വരുമാനവും വായ്പാ തിരിച്ചടവ് ഉറപ്പാക്കാൻ ചരക്ക് ഗതാഗത സാധ്യതകളുംകൂടി ഉൾപ്പെടുത്തി സർക്കാർ സ്വതന്ത്രമായ പഠനം നടത്തേണ്ടതുണ്ട്. കൂടാതെ, നിലവിലുള്ളതും ഭാവിയിൽ വരുന്നതുമായ മെട്രോ, തുറമുഖങ്ങൾ, ഉൾനാടൻ ജലഗതാഗതം എന്നിവയുമായി പദ്ധതിയെ എങ്ങനെ സംയോജിപ്പിക്കാം എന്നതിനെക്കുറിച്ചും പഠനം ആവശ്യമാണെന്നും സമിതി ചൂണ്ടിക്കാട്ടിയതായി മുഖ്യമന്ത്രി പറഞ്ഞു.
ഇത്തരം ബദൽ മാർഗങ്ങളും സാമ്പത്തിക-പാരിസ്ഥിതിക വശങ്ങളും പരിശോധിച്ച ശേഷം, പദ്ധതിയുടെ യഥാർഥ ആവശ്യകത ബോധ്യപ്പെട്ടാൽ മാത്രമേ ഡി.പി.ആർ തയ്യാറാക്കുന്ന അടുത്ത ഘട്ടത്തിലേക്ക് കടക്കുകയുള്ളൂ.
സമിതി റിപ്പോർട്ട് വിശദമായി പഠിച്ച ശേഷം സർക്കാർ തുടർനടപടികൾ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.






