
എറണാകുളം: കടുത്ത സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് സർവീസ് നിർത്തിവെയ്ക്കുകയും പാപ്പരത്ത നടപടികളിലേക്ക് നീങ്ങുകയും ചെയ്‌ത ശേഷവും യാത്രക്കാരിൽ നിന്ന് പണം വാങ്ങി ടിക്കറ്റ് വിൽപന നടത്തിയ കേസിൽ ഗോ ഫസ്റ്റ് എയർലൈൻസ് ഡയറക്‌ടർ ബോർഡിനെതിരെ എറണാകുളം സെൻട്രൽ പൊലീസ് എഫ് ഐ ആർ രജിസ്റ്റർ ചെയ്‌തു.
വ്യോമയാന നിയന്ത്രണ ബോർഡായ ഡി ജി സി എ (DGCA), പ്രമുഖ ടിക്കറ്റ് ബുക്കിംഗ് പോർട്ടലുകളായ ഈസ് മൈ ട്രിപ്പ്, ക്ലിയർ ട്രിപ്പ് എന്നിവയ്‌ക്കെതിരെയും കേസെടുത്തിട്ടുണ്ട്. എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയുടെ ഉത്തരവിനെ തുടർന്നാണ് നടപടി.
ഗ്രൂപ്പ് മേധാവികൾ ഉൾപ്പെടെ 13 പേർ പ്രതിപ്പട്ടികയിൽ
ജൂലൈ 9 ന് രജിസ്റ്റർ ചെയ്‌ത എഫ് ഐ ആറിൽ ഗോ ഫസ്റ്റ് ചെയർമാൻ നുസ്‌ലി നെവിൽ വാഡിയ, അദ്ദേഹത്തിൻ്റെ മകൻ നെസ് നുസ്‌ലി വാഡിയ, സി ഇ ഒ കൗഷിക് ഖോന എന്നിവരുൾപ്പെടെ കമ്പനിയുടെ ബോർഡ് ഓഫ് ഡയറക്‌ടർമാരിലെ 13 പേരെയും പ്രതി ചേർത്തിട്ടുണ്ട്.
ഇതുകൂടാതെ പേര് വെളിപ്പെടുത്താത്ത ഒരു ഡി ജി സി എ ഉദ്യോഗസ്ഥൻ, ടിക്കറ്റ് ബുക്കിങ് പോർട്ടലുകൾ, ഇൻസോൾവൻസി പ്രൊഫഷണൽ ശൈലേന്ദ്ര അജ്‌മീര എന്നിവരും പ്രതിപ്പട്ടികയിലുണ്ട്. ഭാരതീയ ന്യായ സംഹിതയിലെ (BNS) വിശ്വാസവഞ്ചന (സെക്ഷൻ 406), വഞ്ചന (സെക്ഷൻ 415, 420) എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ്.
ക്രിമിനൽ ഗൂഢാലോചനയെന്ന് പരാതി
യാത്ര സുരക്ഷാ പ്രവർത്തകനും അഭിഭാഷകനുമായ യശ്വന്ത് ഷേണായ് നൽകിയ പരാതിയിലാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. 2023 മെയ് 2 നാണ് ഗോ ഫസ്റ്റ് പാപ്പരത്ത ഹർജി ഫയൽ ചെയ്‌തത്. എന്നാൽ ഇതിന് മുന്നോടിയായി ഏപ്രിൽ 28 ന് ഡയറക്‌ടർ ബോർഡ് തീരുമാനമെടുക്കുകയും ഏപ്രിൽ 30 ന് അസാധാരണ പൊതുയോഗത്തിൽ ഓഹരി ഉടമകളുടെ അനുമതി വാങ്ങുകയും ചെയ്‌തിരുന്നു.
കമ്പനി പൂട്ടാൻ തീരുമാനിച്ച വിവരം മറച്ചുവെച്ച്, ലക്ഷക്കണക്കിന് യാത്രക്കാരെ വഞ്ചിച്ച് കോടികൾ തട്ടിയെടുക്കാൻ പ്രതികൾ ക്രിമിനൽ ഗൂഢാലോചന നടത്തിയെന്നാണ് പരാതിയിൽ പറയുന്നത്.
കൊച്ചി മുംബൈ യാത്രയ്ക്കായി പരാതിക്കാരന് മാത്രം 64,000 രൂപയാണ് ഇത്തരത്തിൽ നഷ്‌ടമായത്. പാപ്പരത്ത നടപടികളിലേക്ക് നീങ്ങുന്ന വിവരം അറിഞ്ഞിട്ടും ടിക്കറ്റ് വിൽപന തടയാൻ ഡി ജി സി എ തയ്യാറായില്ലെന്നും, തുടർന്ന് കേരള ഹൈക്കോടതിയെ സമീപിച്ച് ഉത്തരവ് സമ്പാദിച്ച ശേഷമാണ് മെയ് 10-ന് മാത്രമാണ് ഡി ജി സി എ ടിക്കറ്റ് വിൽപന വിലക്കിയതെന്നും പരാതിക്കാരൻ ആരോപിക്കുന്നു.
2025 ഏപ്രിലിൽ വാഡിയ ഗ്രൂപ്പിൻ്റെ ഉടമസ്ഥതയിലുള്ള ഗോ ഫസ്റ്റ് എയർലൈൻസ് ലിക്വിഡേറ്റ് ചെയ്യാനുള്ള (സ്ഥാപനം പൂർണ്ണമായി അവസാനിപ്പിക്കുക) ഉത്തരവ് എൻ സി എൽ എ ടി (NCLAT) ശരിവെച്ചിരുന്നു.






