കൊച്ചി: കൊച്ചി കപ്പല്‍ശാലയുടെ വെല്ലിങ്ടണ്‍ ഐലന്‍ഡിലെ പുതിയ രാജ്യാന്തര കപ്പല്‍ അറ്റകുറ്റപ്പണിശാലയില്‍ (ഐഎസ്ആര്‍എഫ്) ആദ്യകപ്പല്‍ എത്തി.
ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷനു കീഴിലുള്ള എച്ച്എസ്സി പരലി എന്ന കപ്പലാണ് അറ്റകുറ്റപ്പണിക്കായി എത്തിയത്.
ഇതോടെ ഐഎസ്ആര്‍എഫ് വാണിജ്യാടിസ്ഥാനത്തില്‍ പ്രവര്‍ത്തനമാരംഭിച്ചതായി സ്റ്റോക്ക് എക്സ്ചേഞ്ചുകള്‍ക്ക് കൊച്ചി കപ്പല്‍ശാല സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറഞ്ഞു.
കൊച്ചി തുറമുഖ അഥോറിറ്റിയില്‍നിന്ന് 30 വര്‍ഷത്തേക്കു പാട്ടത്തിനെടുത്ത വെല്ലിങ്ടണ്‍ ഐലന്‍ഡിലെ 42 ഏക്കറില്‍ 970 കോടി രൂപ ചെലവിട്ടാണു രാജ്യാന്തര കപ്പല്‍ അറ്റകുറ്റപ്പണിശാല യാഥാര്‍ഥ്യമാക്കിയിരിക്കുന്നത്.
6,000 ടണ്‍ ഷിപ്പ് ഭാരശേഷിയും ആറ് വര്‍ക്ക്സ്റ്റേഷനുകളും 1,400 മീറ്റര്‍ ബെര്‍ത്തുമുള്ളതാണ് ഐഎസ്ആര്‍എഫ്. 130 മീറ്റര്‍ വരെ നീളവും 25 മീറ്റര്‍ വീതിയുമുള്ള വെസലുകല് വരെ കൈകാര്യം ചെയ്യാം.
ഒരേസമയം ആറു കപ്പലുകള്‍ അറ്റകുറ്റപ്പണി നടത്താവുന്ന 1.5 കിലോമീറ്റര്‍ ബര്‍ത്താണുള്ളത്. അത്യാധുനിക സൗകര്യങ്ങളുള്ള ഐഎസ്ആര്‍എഫ് സജ്ജമായതോടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് കപ്പലുകള്‍ അറ്റകുറ്റപ്പണിക്ക് എത്തുമെന്നാണു പ്രതീക്ഷ.
ഇന്ത്യന്‍ നാവികസേന, തീരസംരക്ഷണസേന തുടങ്ങിയവയുടെ കപ്പലുകളും ഇവിടെ കൈകാര്യം ചെയ്യാനാകും. നിലവില്‍ കപ്പല്‍ശാലയില്‍ വര്‍ഷത്തില്‍ 100 കപ്പലുകളുടെ അറ്റകുറ്റപ്പണി ചെയ്യുന്നുണ്ട്. പുതിയ കേന്ദ്രത്തില്‍ 82 കപ്പലുകള്‍കൂടി ചെയ്യാനാകും.