
തിരുവനന്തപുരം: സംസ്ഥാനത്തിന്‍റെ ഭാവി സാങ്കേതിക ദിശാബോധത്തിന് കൂടുതല്‍ വ്യക്തത നല്‍കിക്കൊണ്ട് കേരള സര്‍ക്കാരിന്‍റെ ഇലക്ട്രോണിക്സ് ആന്‍ഡ് വിവരസാങ്കേതികവിദ്യ വകുപ്പ് ഇനി മുതല്‍ വിവരസാങ്കേതികവിദ്യ, നിര്‍മ്മിത ബുദ്ധി, ഭാവി സാങ്കേതികവിദ്യ വകുപ്പ് എന്ന പേരില്‍ അറിയപ്പെടും.
ഇംഗ്ലീഷില്‍ വകുപ്പിന്‍റെ പേര് ഡിപ്പാര്‍ട്ട്മെന്‍റ് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി, ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് ആന്‍ഡ് ഫ്യൂച്ചര്‍ ടെക്നോളജീസ് എന്നാണ്.
കേരളത്തിന്‍റെ സാങ്കേതിക ഭരണസംവിധാനത്തെ ആഗോളതലത്തില്‍ വേഗത്തില്‍ വളര്‍ന്നുവരുന്ന സാങ്കേതിക മേഖലകളുമായി കൂടുതല്‍ ചേര്‍ത്തുനിര്‍ത്തുന്ന നിര്‍ണായക ചുവടുവെയ്പാണ് ഈ പുനര്‍നാമകരണം.
പരമ്പരാഗത വിവരസാങ്കേതികവിദ്യയുടെയും ഇലക്ട്രോണിക്സിന്‍റെയും പരിധിക്കപ്പുറം വകുപ്പിന്‍റെ പ്രവര്‍ത്തനമേഖല ഗണ്യമായി വികസിച്ചിരിക്കുന്ന സാഹചര്യത്തിലാണ് പുതിയ പേര് സ്വീകരിക്കുന്നത്.
2026 ലെ ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തില്‍ പ്രഖ്യാപിച്ച കേരളത്തിന്‍റെ സാങ്കേതിക ദിശാബോധവുമായി ബന്ധപ്പെട്ടാണ് ഈ തീരുമാനം. സെപ്റ്റംബര്‍ 30 ലെ മന്ത്രിസഭാ യോഗ തീരുമാനത്തെ തുടര്‍ന്ന് ഒക്ടോബര്‍ 3 ന് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചു. ഇതിനാവശ്യമായ ചട്ടഭേദഗതി നടപടികള്‍ പൊതുഭരണ വകുപ്പ് സ്വീകരിക്കും.






