Alt Image
കഴിഞ്ഞ സാമ്പത്തിക വർഷം സംസ്ഥാനത്തെ സമ്പദ് വ്യവസ്ഥ ശക്തമായ വളർച്ച കൈവരിച്ചെന്ന് സാമ്പത്തിക അവലോകന റിപ്പോർട്ട്കൊച്ചി – ബെംഗളൂരു വ്യവസായ ഇടനാഴിക്ക് 200 കോടി അനുവദിക്കുമെന്ന് ധനമന്ത്രിസംസ്ഥാനത്തെ ദിവസ വേതന, കരാർ ജീവനക്കാരുടെ വേതനം 5% വർധിപ്പിച്ചുകേരളത്തിൽ സർക്കാർ കെട്ടിടം നിർമ്മിക്കാൻ ഇനി പൊതു നയംസാമ്പത്തിക സാക്ഷരത വളർത്താനുള്ള ബജറ്റ് നിർദ്ദേശം ഇങ്ങനെ

8700 കോടി വായ്പയെടുക്കാൻ കേരളത്തിന് കേന്ദ്രാനുമതി

തിരുവനന്തപുരം: കേരളത്തിന് അർഹമായ 13,608 കോടിരൂപ വായ്പയിൽ 8700 കോടിരൂപ എടുക്കാൻ കേന്ദ്രം അനുമതിനൽകി. സുപ്രീംകോടതി നിർദേശിച്ചതനുസരിച്ചാണ് കേന്ദ്രത്തിനെതിരേയുള്ള ഹർജി പിൻവലിക്കാതെതന്നെ കേരളത്തിന് ഈ വായ്പ കിട്ടുന്നത്. ശനിയാഴ്ചയാണ് അനുമതി കിട്ടിയത്.

റിസർവ് ബാങ്കിന്റെ കടപ്പത്രങ്ങളിലൂടെയാണ് വായ്പയെടുക്കുന്നത്. കടപ്പത്രങ്ങളുടെ ലേലം എല്ലാ ചൊവ്വാഴ്ചയും നടക്കും. അനുമതി വൈകിയതിനാൽ 12-ന് നടക്കുന്ന ലേലത്തിൽ അപേക്ഷ നൽകി കേരളത്തിന് പങ്കെടുക്കാനുള്ള സാവകാശമില്ല.

അതിനാൽ 19-ന്റെ ലേലംവരെ കാത്തിരിക്കണം. 20-ന് പണം ട്രഷറിയിലെത്തും. ഈ മാസത്തെ ഇനിയുള്ള ചെലവുകൾ ഈ പണം എത്തിയാലേ നടത്താനാവൂ.

അനുവദിച്ച മൊത്തം വായ്പയിൽ ഏകദേശം 4800 കോടി വൈദ്യുതിമേഖലയുടെ നഷ്ടം പരിഹരിക്കുന്നതിന് സ്വീകരിച്ച നടപടികൾക്കാണ്. ഇതിന് അനുമതി നൽകുന്ന നടപടികൾ കേന്ദ്രം പൂർത്തിയാക്കിയിട്ടില്ല. അടുത്തയാഴ്ച അനുമതി കിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഇത്രയും വായ്പകിട്ടിയാൽ മാർച്ചിലെ ചെലവ് ഒരുവിധം നേരിടാനാവും. നിലവിലുള്ള ബുദ്ധിമുട്ട് അടുത്ത സാമ്പത്തികവർഷം ഇല്ലാതാകണമെങ്കിൽ അധികവായ്പയെന്ന കേരളത്തിന്റെ ആവശ്യം കേന്ദ്രം അംഗീകരിക്കണം.

ഇക്കാര്യത്തിൽ ഈ സാമ്പത്തികവർഷം തീരുമാനമുണ്ടാകാൻ സാധ്യതയില്ല. 19,351 കോടിയുടെ വായ്പകൂടി അംഗീകരിക്കണമെന്ന കേരളത്തിന്റെ ആവശ്യം കഴിഞ്ഞദിവസം നടന്ന ചർച്ചയിൽ കേന്ദ്രം തള്ളിയിരുന്നു.

കിഫ്ബിക്കും സാമൂഹികസുരക്ഷാ പെൻഷൻ കമ്പനിക്കും എടുക്കുന്ന വായ്പകൾ സംസ്ഥാനത്തിന്റെ വായ്പപ്പരിധിയിൽനിന്ന് ഒഴിവാക്കണമെന്നാണ് കേരളത്തിന്റെ ആത്യന്തിക ആവശ്യം. ഇതിനു തയ്യാറല്ലെന്നാണ് സംസ്ഥാനവുമായി നടത്തിയ ചർച്ചയിൽ കേന്ദ്രം അറിയിച്ചത്.

എന്നാൽ, തുടരുന്ന നിയമപോരാട്ടത്തിൽ ഇക്കാര്യത്തിൽ വ്യക്തത ഉണ്ടാവുമെന്നാണ് കേരളത്തിന്റെ പ്രതീക്ഷ.

X
Top