കേന്ദ്രത്തിന്റെ പ്രത്യക്ഷ നികുതി വരുമാനത്തിൽ 16.15% കുതിപ്പ്രാജ്യത്ത് ഭവന ആവശ്യകത ശക്തമെന്ന് ക്രെഡായ്5000 കോടി കവിഞ്ഞ് രജിസ്ട്രേഷൻ വകുപ്പിൻ്റെ വരുമാനംസാമ്പത്തിക വർഷാവസാനത്തെ ഭാരിച്ച ചെലവുകൾ: പണം കണ്ടെത്താൻ തിരക്കിട്ട നീക്കങ്ങളുമായി ധനവകുപ്പ്പഞ്ചസാര ഉത്പാദനം കുത്തനെ ഇടിയുന്നു

ചെറുകിട സമ്പാദ്യ പദ്ധതികളുടെ പലിശ കുറച്ചേക്കും

ജറ്റിൽ ആദായനികുതിയിൽ വൻ ഇളവുകൾ സമ്മാനിച്ച കേന്ദ്ര സർക്കാർ, ചെറുകിട സമ്പാദ്യ പദ്ധതികളുടെ (small savings scheme) പലിശനിരക്കും കുറച്ചേക്കും.

പോസ്റ്റ് ഓഫീസ് സേവിങ്സ് നിക്ഷേപങ്ങൾ, സുകന്യ സമൃദ്ധി യോജന, പബ്ലിക് പ്രൊവിഡന്റ് ഫണ്ട്, മഹിളാ സമ്മാൻ നിധി, സീനിയർ സിറ്റിസൺസ് സേവിങ്സ് സ്കീം, കിസാൻ വികാസ് പത്ര എന്നിങ്ങനെ, ചെറുകിട വരുമാനമുള്ള കുടുംബങ്ങൾ വലിയതോതിൽ ആശ്രയിക്കുന്ന പദ്ധതികളാണിവ.

ഇവയുടെ പലിശ കുറയുന്നത് സാധാരണക്കാരെയും മുതിർന്ന പൗരന്മാരെയും പ്രതികൂലമായി ബാധിക്കും. മഹിളാ സമ്മാൻ നിധി ഒഴികെയുള്ള പദ്ധതികളുടെ പലിശ കുറച്ചേക്കുമെന്നാണ് സൂചനകൾ.

2023 ഏപ്രിൽ ഒന്നിന് ആരംഭിച്ച മഹിളാ സമ്മാൻ സേവിങ്സ് സർട്ടിഫിക്കറ്റ് പദ്ധതിയിൽ ചേരാനുള്ള സമയം ഈവർഷം മാർച്ച് 31വരെയാണ്.

രണ്ടുവർഷമാണ് വനിതകൾക്കു വേണ്ടിയുള്ള ഈ പ്രത്യേക പദ്ധതിയുടെ കാലാവധി. ഇക്കഴിഞ്ഞ ബജറ്റിൽ പദ്ധതിയുടെ കാലാവധി നീട്ടുമെന്നു പ്രതീക്ഷിച്ചെങ്കിലും ഉണ്ടായില്ല. പദ്ധതിയിൽ ഇതിനകം നിക്ഷേപിച്ചവർക്കുള്ള തുക അടുത്ത സാമ്പത്തിക വർഷം മുതൽ (ഏപ്രിൽ മുതൽ) കേന്ദ്രം പലിശ സഹിതം മടക്കി നൽകും.

എന്തുകൊണ്ട് പലിശ താഴും?
റിസർവ് ബാങ്ക് ഇക്കഴിഞ്ഞ പണനയ നിർണയ യോഗത്തിൽ (എംപിസി യോഗം) റീപ്പോനിരക്ക് കുറച്ചതോടെ ബാങ്ക് വായ്പകളുടെ പലിശനിരക്കും കുറയാൻ വഴിയൊരുങ്ങിയിട്ടുണ്ട്.

ഇതോടൊപ്പം പക്ഷേ, ബാങ്ക് സ്ഥിരവരുമാനങ്ങളുടെയും (എഫ്ഡി) പലിശ കുറയും. ഈ സാഹചര്യത്തിൽ, ചെറുകിട സമ്പാദ്യ പദ്ധതികളുടെ പലിശ ഉയർന്നുനിൽക്കുന്നത് എഫ്ഡികളെ അനാകർഷകമാക്കും.

ഇതിനു തടയിടുക ലക്ഷ്യമിട്ടാണ്, റീപ്പോ കുറച്ചതിന്റെ ചുവടുപിടിച്ച് ചെറുകിട സമ്പാദ്യ പദ്ധതികളുടെ പലിശ കുറയ്ക്കാൻ കേന്ദ്രവും ഒരുങ്ങുന്നത്. ഇവയുടെ പലിശ കുറയേണ്ടത് അനിവാര്യമാണെന്ന ആവശ്യം ബാങ്കുകൾ ഏറെക്കാലമായി ഉയർത്തുന്നുമുണ്ട്.

കൈവിടുമോ കേന്ദ്രം?
അടുത്ത സാമ്പത്തിക വർഷത്തെ (2025-26) ആദ്യപാദമായ ഏപ്രിൽ-ജൂൺ മുതൽ ചെറുകിട സമ്പാദ്യ പദ്ധതികളുടെ പലിശനിരക്ക് കേന്ദ്രം കുറയ്ക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ഓരോ ത്രൈമാസത്തിനും തൊട്ടുമുമ്പാണ് കേന്ദ്രം ഇവയുടെ പലിശനിരക്ക് പരിഷ്കരിക്കുന്നത്. ഏപ്രിൽ പാദത്തിലേക്കുള്ള പലിശനിരക്ക് മാർച്ചോടെ അറിയാം.

നിലവിൽ ഈ പദ്ധതികൾ 4 മുതൽ 8.2 ശതമാനം വരെ പലിശനിരക്ക് വാഗ്ദാനം ചെയ്യുന്നുണ്ട്. കഴി‍ഞ്ഞ 4 ത്രൈമാസങ്ങളായി ഇവയുടെ പലിശനിരക്ക് കേന്ദ്രം പരിഷ്കരിച്ചിട്ടില്ല. പലിശ കുറച്ചാൽ, 5 വർഷത്തിനിടെ ആദ്യമായാകും ഇവയുടെ പലിശനിരക്ക് താഴുന്നത്.

കേന്ദ്ര സർക്കാരിന്റെ കടപ്പത്രങ്ങളുടെ ആദായനിരക്കിന് (goverment securities yield) ആനുപാതികമായാണ് ചെറുകിട സമ്പാദ്യ പദ്ധതികളുടെ പലിശ നിർണയിക്കുന്നത്. ഇത് സാധാരണ കടപ്പത്ര ആദായനിരക്കിനേക്കാൾ ഒരു ശതമാനം വരെ കൂടുതലുമായിരിക്കും.

സർക്കാർ കടപ്പത്ര ആദായനിരക്ക് കുറഞ്ഞാൽ ഇവയുടെ പലിശയും കുറയേണ്ടതാണെങ്കിലും സമീപകാലത്ത് മാറ്റം വരുത്താൻ കേന്ദ്രം തയാറായിരുന്നില്ല.

അതേസമയം, ഇക്കഴിഞ്ഞ ബജറ്റിൽ ചെറുകിട സമ്പാദ്യ പദ്ധതികൾക്കുള്ള 2025-26 വർഷത്തെ നീക്കിയിരിപ്പ് കേന്ദ്രം നടപ്പുവർഷത്തെ 4.12 ലക്ഷം കോടി രൂപയിൽ നിന്ന് 3.43 ലക്ഷം കോടി രൂപയായി വെട്ടിക്കുറച്ചിരുന്നു.

ചെറുകിട സമ്പാദ്യപദ്ധതികളും പലിശനിരക്കും

  • സുകന്യ സമൃദ്ധി യോജന: 8.2%
  • സീനിയർ സിറ്റിസൺസ് സേവിങ്സ് സ്കീം: 8.2%
  • നാഷണൽ സേവിങ്സ് സർട്ടിഫിക്കറ്റ് (NSC): 7.7%
  • കിസാൻ വികാസ് പത്ര: 7.5%
  • മന്ത്‍ലി ഇൻകം സ്കീം: 7.4%
  • 3 വർഷ ടേം ഡെപ്പോസിറ്റ്: 7.1%
  • പബ്ലിക് പ്രൊവിഡന്റ് ഫണ്ട് (PPF): 7.1%
  • പോസ്റ്റ് ഓഫിസ് സേവിങ്സ് ഡെപ്പോസിറ്റ് സ്കീം: 4%

X
Top