
മുംബൈ: രാജ്യത്ത് ഡിജിറ്റൽ സ്വർണ നിക്ഷേപത്തിന് ജനപ്രീതി വർധിക്കുന്നതായി റിപ്പോർട്ട്. യുപിഐ വഴിയുള്ള ഡിജിറ്റൽ സ്വർണ ഇടപാടുകൾ 2026 മാർച്ചിൽ 254.44 ദശലക്ഷം എന്ന റിക്കാർഡ് ഉയരത്തിലെത്തിയതായി നാഷണൽ പേയ്മെന്‍റ് കോർപറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ) പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു. ഏകദേശം 3,171.96 കോടി രൂപയുടെ ഇടപാടുകളാണ് ഈ മാസത്തിൽ മാത്രം നടന്നത്.
ഫിൻടെക് പ്ലാറ്റ്‌ഫോമുകളായ ഫോൺ പേ, ഗൂഗിൾ പേ, പേടിഎം, ആമസോൺ പേ തുടങ്ങിയവയിലൂടെയുള്ള ചെറിയ തുകകളുടെ സ്വർണ നിക്ഷേപമാണ് ഈ മുന്നേറ്റത്തിന് പ്രധാന കാരണം. ആഘോഷ വേളകളിൽ മാത്രമായി സ്വർണം വാങ്ങുന്ന രീതി മാറി, സമ്പാദ്യമെന്ന നിലയിൽ ഇടയ്ക്കിടെ ചെറിയ തുകകൾക്ക് ഡിജിറ്റൽ സ്വർണം വാങ്ങാൻ ഉപഭോക്താക്കൾ താൽപ്പര്യം കാണിക്കുന്നുണ്ട്.
നിലവിൽ രാജ്യത്തെ ഡിജിറ്റൽ സ്വർണ വിൽപനയുടെ 90 ശതമാനവും യുപിഐ വഴിയാണ് നടക്കുന്നത്. അതേസമയം, ഡിജിറ്റൽ സ്വർണ വിപണിയെ നിയന്ത്രിക്കാൻ നിലവിൽ പ്രത്യേക റെഗുലേറ്ററി സംവിധാനമില്ലെന്ന് സെബി നേരത്തേ വ്യക്തമാക്കിയിരുന്നു. സ്വർണത്തിന് പുറമെ പലചരക്ക് സാധനങ്ങൾ, ഇന്ധനം, റസ്റ്ററന്‍റുകൾ എന്നീ വിഭാഗങ്ങളിലും യുപിഐ ഇടപാടുകൾ മാർച്ചിൽ ശക്തമായ വളർച്ച രേഖപ്പെടുത്തിയെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.






