
മുംബൈ: ഇന്ത്യന്‍ സൂചികകള്‍ നേട്ടത്തില്‍ വ്യാപാരം ആരംഭിച്ചു. സെന്‍സെക്‌സ് 473.55 പോയിന്റ് അഥവാ 0.82 ശതമാനം ഉയര്‍ന്ന് 58539.02 ലെവലിലും നിഫ്റ്റി 140 പോയിന്റ് അഥവാ 0.81 ശതമാനം ഉയര്‍ന്ന് 17,414.30 ത്തിലുമാണുള്ളത്. മൊത്തം 1732 ഓഹരികള്‍ മുന്നേറുമ്പോള്‍ 415 ഓഹരി വിലകള്‍ ഇടിവ് നേരിട്ടു.
102 ഓഹരി വിലകളില്‍ മാറ്റമില്ല. ഇന്‍ഫോസിസ്,ഹിന്‍ഡാല്‍കോ, ടാറ്റ മോട്ടോഴ്‌സ്, കോള്‍ഇന്ത്യ, എസ്ബിഐ ലൈഫ് ഇന്‍ഷൂറന്‍സ് എന്നിവയാണ് നിഫ്റ്റിയില്‍ നേട്ടത്തിലുള്ളത്. അതേസമയം എച്ച്ഡിഎഫ്‌സി ഹിന്ദുസ്ഥാന്‍ യുണിലിവര്‍ എന്നിവ നഷ്ടം നേരിടുന്നു. എഫ്എംസിജി ഒഴികെയുള്ള മേഖലകളെല്ലാം ഉയര്‍ച്ചയിലാണ്.
അതില്‍ തന്നെ ഐടി, ലോഹം, റിയാലിറ്റി, കാപിറ്റല്‍ ഗുഡ്‌സ് , വാഹനം എന്നിവ 1-2 ശതമാനം നേട്ടത്തിലായി. അതേസമയം, ആഗോള സമ്പദ്‌വ്യവസ്ഥയ്ക്കും വിപണികള്‍ക്കും വലിയ വെല്ലുവിളികള്‍ ഉള്ളതിനാല്‍ നിക്ഷേകര്‍ റാലിയില്‍ വശംവദരാകരുതെന്ന് ജിയോജിത്തിലെ വികെ വിജയ്കുമാര്‍ ഉപദേശിച്ചു. പകരം രണ്ടാം പാദ പ്രവര്‍ത്തനഫലങ്ങള്‍ വരുന്നത് വരെ കാത്തിരിക്കുകയായിരിക്കും ഉചിതം.






