ന്യൂഡൽഹി: ഇന്ത്യയിലേക്കുള്ള പെട്രോളിയം ഉല്പന്നങ്ങളുടെ ഇറക്കുമതി വർധിച്ചതായി കണക്കുകൾ. ഇക്കഴിഞ്ഞ ജൂലൈ മാസത്തിൽ, തൊട്ടു മുമ്പത്തെ വർഷത്തെ സമാന കാലയളവുമായി താരതമ്യം ചെയ്യുമ്പോൾ 15.5% വർധനയാണ് ഉണ്ടായിരിക്കുന്നത്.
പ്രധാനമായും ലിക്വിഫൈഡ് പെട്രോളിയം ഗ്യാസിന്റെ (LPG) ഇറക്കുമതി ഉയർന്നതാണ് ആകെയുള്ള കണക്കുകളിൽ പ്രതിഫലിച്ചത്. ഇതിനിടെ ഇന്ത്യ പെട്രോളിയം ക്രൂഡിന്റെ വിൻഡ് ഫാൾ നികുതി, ആഗസ്റ്റ് 16, വെള്ളിയാഴ്ച്ച ഒരു ടണ്ണിന് 2,100 ഡോളർ എന്ന നിലയിലേക്ക് കുറച്ചിട്ടുണ്ട്.
2024 ജൂലൈയിൽ ഇന്ത്യ 4.4 മില്യൺ മെട്രിക് ടൺ (MMT) പെട്രോളിയം ഉല്പന്നങ്ങളാണ് ഇറക്കുമതി നടത്തിയിരിക്കുന്നത്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 3.8 MMT എന്ന തോതിലായിരുന്നതായി പെട്രോളിയം മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.
വലിയ തോതിൽ ഉപഭോഗം വർധിച്ചതിനാലും, ആഭ്യന്തര ഉല്പാദനം കൂടുതലായി ഉണ്ടാകാത്തതിനാലുമാണ് എൽ.പി.ജി ഇറക്കുമതി ഉയർന്നത്. സമീപ മാസങ്ങളിൽ ഇത്തരത്തിൽ എൽ.പി.ജി ഇറക്കുമതി ഉയർന്നു നിന്നത് 2024 ജൂൺ പാദത്തിൽ എണ്ണക്കമ്പനികളുടെ അറ്റാദായത്തിൽ ഇടിവുണ്ടാകാൻ കാരണമായിരുന്നു.
അതേ സമയം ഇന്ത്യയുടെ പെട്രോളിയം ഉല്പന്ന കയറ്റുമതിയിൽ കഴിഞ്ഞ ജൂലൈയിൽ 4.3% കുറവുണ്ടായി. ആഭ്യന്തര തലത്തിൽ ഉപഭോഗം ഉയർന്നു നിന്നതാണ് കാരണം.
രാജ്യത്ത് ജൂലൈയിലെ പെട്രോളിയം ഉപഭോഗം, തൊട്ടു മുമ്പത്തെ വർഷത്തേക്കാൾ 7.4% ഉയർന്ന് 19.7MMT എന്ന നിലയിലെത്തി. പെട്രോൾ-എഥനോൾ ബ്ലെൻഡിങ് ജൂലൈയിൽ 15.8% എന്ന നിലയിലാണ്.
രാജ്യത്തെ പൊതുമേഖലാ കമ്പനികളുടെ 15,493 റീടെയിൽ ഔട്ലെറ്റുകൾ വഴിയാണ് E20 എഥനോൾ ബ്ലെൻഡഡ് പെട്രോൾ വിതരണം നടത്തിക്കൊണ്ടിരിക്കുന്നത്.
ഇന്ത്യയുടെ ക്രൂഡ് ഓയിൽ ഇറക്കുമതി ജൂലൈയിൽ 0.7% കുറഞ്ഞു. അതേ സമയം ഓയിൽ & ഗ്യാസ് ഇറക്കുമതി 10.9 ബില്യൺ ഡോളറുകളുടേതാണ്. ജൂലൈ മാസത്തിൽ ഇന്ത്യ 24.4 MMT പെട്രോളിയം പ്രൊഡക്ടുകളാണ് ഉല്പാദിപ്പിച്ചത്.
ഇതിൽ കൂടുതലും (42.4%) ഡീസലാണ്. അതേ സമയം പെട്രോൾ, എൽ.പി.ജി എന്നിവ യഥാക്രമം 15.7%, 4.5% എന്നീ നിലകളിലാണ്.