ഇന്ത്യൻ വിപണിയിൽ ചൈനീസ് ടീവി ബ്രാൻഡുകൾക്ക് നിരാശഇന്ത്യ ജെപി മോർഗൻ സൂചികയിൽ; സ്വാഗതം ചെയ്‌ത്‌ സാമ്പത്തിക കാര്യ സെക്രട്ടറി അജയ് സേത്ത്ഇന്ത്യയിലേക്കുള്ള എണ്ണ കയറ്റുമതി പ്രീമിയം സൗദി വെട്ടിക്കുറച്ചുക്രൂഡ് ഓയിൽ ഇറക്കുമതിയിൽ തുടർച്ചയായ മൂന്നാം മാസവും ഇടിവ്ആഭ്യന്തര വിമാനയാത്രക്കാരുടെ എണ്ണത്തില്‍ വര്‍ധന

അതിവേഗ ജിഡിപി വളർച്ചാ നേട്ടം നിലനിർത്താൻ ഇന്ത്യ

കൊച്ചി: കൊവിഡ്, റഷ്യ- യുക്രെയിൻ യുദ്ധം, നാണയപ്പെരുപ്പക്കുതിപ്പ്, പലിശവർദ്ധന തുടങ്ങിയവ സൃഷ്‌ടിച്ച പ്രതിസന്ധിയിൽ നിന്ന് കരകയറുന്ന ഇന്ത്യ ലോകത്തെ ഏറ്റവുംവേഗം വളരുന്ന വലിയ (മേജർ) സമ്പദ്‌വ്യവസ്ഥയെന്ന പട്ടം നടപ്പുവർഷത്തെ ഒന്നാംപാദമായ ഏപ്രിൽ-ജൂണിലും നിലനിറുത്തിയേക്കും.

ഈ രംഗത്ത് ഇന്ത്യയുടെ ബദ്ധവൈരിയായ ചൈന കൊവിഡ് ലോക്ക്ഡൗണിനെ തുടർന്ന് കഴിഞ്ഞപാദത്തിൽ കുറിച്ചത് 0.4 ശതമാനം വളർച്ചയാണ്. അമേരിക്കയുടേത് നെഗറ്റീവ് 0.9 ശതമാനം. യൂറോമേഖലയുടെ വളർച്ച 0.7 ശതമാനവും ബ്രിട്ടന്റേത് നെഗറ്റീവ് 0.2 ശതമാനവുമാണ്. റഷ്യ, ജർമ്മനി, തായ്‌ലൻഡ്, ഇന്ത്യയുടെ അയൽക്കാരായ ശ്രീലങ്ക, ബംഗ്ലാദേശ്, പാകിസ്ഥാൻ എന്നിവിടങ്ങളിലും സ്ഥിതിമെച്ചമല്ല.

എന്നാൽ, കൊവിഡ് ഭീതി അയഞ്ഞതും റഷ്യ-യുക്രെയിൻ യുദ്ധാനന്തര വിലക്കയറ്റം കാര്യമായ ഭീഷണി സൃഷ്‌ടിക്കാത്തതും ഇന്ത്യയ്ക്ക് നേട്ടമായെന്നാണ് വിലയിരുത്തൽ. ഏഴ് ശതമാനത്തിനടുത്തെത്തിയ റീട്ടെയിൽ നാണയപ്പെരുപ്പം പിന്നീട് കുറഞ്ഞത് ആശ്വാസമായി. വാഹനവിപണി കരകയറി. ക്രൂഡോയിൽ വിലവർദ്ധന ആഭ്യന്തര സമ്പദ്‌രംഗത്ത് വലിയ ഭീഷണിയായില്ല. മുഖ്യ വ്യവസായരംഗത്ത് വളർച്ചാ ട്രെൻഡ് ദൃശ്യമാണ്. മികച്ച മൺസൂൺ ലഭിച്ചതും ഇന്ത്യയ്ക്ക് നേട്ടമാണെന്ന് വിലയിരുത്തപ്പെടുന്നു.

വിതരണശൃംഖലയിലെ തടസങ്ങൾ മാറുകയും ഉപഭോക്തൃവിപണി കരകയറിയതും ആഭ്യന്തര സമ്പദ്‌വളർച്ചയ്ക്ക് ഉണർവായെന്ന് നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു.

ഇന്ത്യൻ ജി.ഡി.പിയുടെ നട്ടെല്ലായ സ്വകാര്യ ഉപഭോഗം കൊവിഡ് ആഞ്ഞടിച്ച 2020-21 ജൂൺപാദത്തിൽ 4.77 ലക്ഷം കോടി രൂപയിലേക്ക് കൂപ്പുകുത്തിയിരുന്നു. 2021-22 ജൂൺപാദത്തിൽ ഇതിന്റെ 46 ശതമാനത്തോളം കരകയറി. തുടർന്ന് ഇതുവരെ വലിയ തിരിച്ചുവരവ് ഈ മേഖലയിലുണ്ടായിട്ടുണ്ടെന്നും ഇത് ജി.ഡി.പി വളർച്ചയിൽ പ്രതിഫലിക്കുമെന്നും നിരീക്ഷകർ പറയുന്നു.

ഏപ്രിൽ-ജൂൺപാദത്തിൽ ഇന്ത്യ 10 ശതമാനത്തിനുമേൽ വളരുമെന്ന് പ്രമുഖ ഗവേഷണ, ധനകാര്യസ്ഥാപനങ്ങളെല്ലാം വിലയിരുത്തുന്നു. റിസർവ് ബാങ്ക് പ്രതീക്ഷിക്കുന്നത് 16.1 ശതമാനം. 15.7 ശതമാനമാണ് എസ്.ബി.ഐയുടെ പ്രവചനം. 13 ശതമാനം വളരുമെന്ന് റേറ്റിംഗ് ഏജൻസിയായ ഇക്ര പറയുന്നു.

കഴിഞ്ഞ 4 ത്രൈമാസങ്ങൾക്കിടയിലെ ഏറ്റവും മികച്ച വളർച്ചയാകും ഇന്ത്യ കുറിക്കുക. ആഗസ്‌റ്റ് 31നാണ് കേന്ദ്രം ഔദ്യോഗിക കണക്കുകൾ പുറത്തുവിടുക.
വളർച്ച കഴിഞ്ഞ പാദങ്ങളിൽ
2020-21
 ഏപ്രിൽ-ജൂൺ : -23.8%
 ജൂലായ്-സെപ്‌തംബർ : -6.6%
 ഒക്‌ടോബർ-ഡിസംബർ : 0.7%
 ജനുവരി-മാർച്ച് : 2.5%
2021-22
 ഏപ്രിൽ-ജൂൺ : 20.1%
 ജൂലായ്-സെപ്‌തംബർ : 8.4%
 ഒക്‌ടോബർ-ഡിസംബർ : 5.4%
 ജനുവരി-മാർച്ച് : 4.1%

നടപ്പുവർഷം (2022-23) ഇന്ത്യൻ ജി.ഡി.പി 7.4 ശതമാനം വളരുമെന്നാണ് ധനമന്ത്രി നിർമ്മല സീതാരാമന്റെ അഭിപ്രായം. 7.2 ശതമാനമാണ് റിസർവ് ബാങ്കിന്റെ പ്രതീക്ഷ. വാർഷിക വളർച്ചയിലും ലോകത്തെ ഏറ്റവും വേഗം വളരുന്ന വലിയ സമ്പദ്‌വ്യവസ്ഥയെന്ന പട്ടം ഇന്ത്യ നിലനിറുത്തിയേക്കും.

X
Top