
മുംബൈ: ദക്ഷിണേന്ത്യയിൽ പ്രകൃതിവാതക വിതരണം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി കൊച്ചിയിൽനിന്ന് കന്യാകുമാരി വഴി തൂത്തുക്കുടിയിലേക്ക് പുതിയ പ്രകൃതിവാതക പൈപ്പ്ലൈൻ വരുന്നു. കൊച്ചി പുതുവൈപ്പിനിലെ എൽ.എൻ.ജി. ടെർമിനലിൽനിന്ന് കന്യാകുമാരി വഴി 425 കിലോമീറ്റർ പൈപ്പ് ലൈൻ ആണ് സ്ഥാപിക്കുന്നത്.
ഇതിനായി പദ്ധതി തയ്യാറാക്കി വാതകക്കുഴലിട്ട് പ്രവർത്തിപ്പിക്കുന്നതിനും വിപുലീകരിക്കുന്നതിനും പൊതുമേഖലാ ഇന്ധനവിതരണ കമ്പനിയായ ഇന്ത്യൻ ഓയിൽ കോർപ്പറേഷന് അനുമതിയായി. പെട്രോളിയം – പ്രകൃതിവാതക നിയന്ത്രണ ബോർഡ് (പി.എൻ.ജി.ആർ.ബി.) ആണ് അനുമതി നൽകിയിരിക്കുന്നത്. 2030-ഓടെ റോഡ് വഴി ടാങ്കറുകളിൽ വാതകം കൊണ്ടുപോകുന്നത് പൂർണമായി നിർത്തുന്നതിനാണ് സർക്കാർ ലക്ഷ്യമിടുന്നത്.
ദിവസം 6.84 മില്യൺ മെട്രിക് സ്റ്റാൻഡേർഡ് ക്യുബിക് മീറ്റർ വാതകം വഹിക്കാനുള്ള ശേഷിയാണ് നിർദിഷ്ട പദ്ധതിക്കുണ്ടാവുക. അതായത് ദിവസം 68.4 ലക്ഷം ക്യുബിക് മീറ്റർ വാതകം ഇതിലൂടെ കൊണ്ടുപോകാനാകും.
കൊച്ചി എൽ.എൻ.ജി. ടെർമിനലിൽനിന്ന് ദ്രവീകരിച്ച പ്രകൃതിവാതകം ഫലപ്രദമായ രീതിയിൽ വേഗത്തിലും എളുപ്പത്തിലും തെക്കൻ കേരളത്തിലും തമിഴ്നാടിന്റെ തെക്കൻ മേഖലകളിലും എത്തിക്കാൻ ലക്ഷ്യമിട്ടാണ് പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്.
ഈ മേഖലയിൽ നഗര വാതകവിതരണ ശൃംഖല കൂടുതൽ ശക്തിപ്പെടുത്താനും പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നു. വീടുകൾക്കൊപ്പം വ്യവസായസംരംഭങ്ങൾക്കും ഊർജനിലയങ്ങൾക്കും വാതക ലഭ്യത എളുപ്പമാക്കാൻ ഇതിലൂടെ കഴിയും.
മത്സരാധിഷ്ഠിത ടെൻഡർ വഴിയാണ് ഇന്ത്യൻ ഓയിൽ കോർപ്പറേഷന് പദ്ധതിനടത്തിപ്പിന് അംഗീകാരം നൽകിയതെന്ന് പി.എൻ.ജി.ആർ.ബി. വ്യക്തമാക്കി. പരിസ്ഥിതി സൗഹൃദ ഊർജോപയോഗം വിപുലമാക്കുന്നതിന് പദ്ധതി പ്രയോജനപ്പെടും. കൊച്ചിയിൽനിന്ന് മംഗളൂരുവിലേക്ക് പ്രകൃതി വാതക പൈപ്പലൈൻ നിലവിലുണ്ട്. ഗെയിൽ നിർമിച്ച 450 കിലോമീറ്റർ വാതകക്കുഴൽ 2021-ലാണ് കമ്മിഷൻ ചെയ്തത്.
വാതകക്കുഴലിന് വിപുല പദ്ധതി
ഇറാൻ യുദ്ധം രാജ്യത്തെ പാചകവാതക വിതരണത്തെ ബാധിച്ച സാഹചര്യത്തിൽ വാതകക്കുഴൽ വഴി പാചകവാതക വിതരണം ശക്തിപ്പെടുത്താൻ സർക്കാർ നടപടികൾ തുടങ്ങി. ഇതിനായി 12,000 കോടി രൂപ ചെലവിൽ 2,500 കിലോമീറ്റർ വരുന്ന നാല് വമ്പൻ വാതകക്കുഴൽ പദ്ധതികൾക്ക് ലേല നടപടികൾ തുടങ്ങി.
ചെർലാപ്പള്ളി – നാഗ്പുർ, ഷിക്റാപുർ – ഹുബ്ബള്ളി – ഗോവ, പാരദീപ് – റായ്‌പുർ, ഝാൻസി – സിതാർഗഞ്ജ് പൈപ്പ്‌ലൈനുകളുടെ പദ്ധതികൾക്ക് നിർമാണാനുമതി നൽകുന്നതിനുള്ള നടപടികളാണ് തുടങ്ങിയിരിക്കുന്നത്.
എൽ.എൻ.ജി. ടെർമിനലുകളെയും എണ്ണ സംസ്കരണകേന്ദ്രങ്ങളെയും ബന്ധിപ്പിച്ചുകൊണ്ട് വാതകക്കുഴലുകൾ വഴി പാചകവാതക വിതരണ ശൃംഖല രാജ്യത്ത് വിപുലമാക്കുകയാണ് ലക്ഷ്യം. ടാങ്കറുകൾ വഴിയുള്ള വാതകനീക്കം പരമാവധി കുറയ്ക്കും.
ഇതിന്റെ ഭാഗമായി ആകെ ഒൻപത് എൽ.പി.ജി. വാതകക്കുഴൽ പദ്ധതിയാണ് വികസിപ്പിക്കാൻ ലക്ഷ്യമിടുന്നതെന്ന് പി.എൻ.ജി.ആർ.ബി. അറിയിച്ചു.






